ചിരഞ്ജീവി ഹനൂമാൻ, ചിരകാലം രാമായണം
Mail This Article
അസുരഗുരു ശുക്രനെ ഉപദേശാർഥം സമീപിച്ചു രാവണൻ. ദേവപ്രീതിക്കായി ഹോമം നടത്താനാണ് ലഭിക്കുന്ന ഉപദേശം. അംഗദന്റെ നേതൃത്വത്തിൽ വാനരപ്പട എങ്ങനെയെല്ലാം ശ്രമിച്ചിട്ടും ഹോമത്തിൽ മുഴുകിയ രാവണന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനാകുന്നില്ല.മണ്ഡോദരിയെ അപമാനിക്കുകയേ ഇനി വാനരർക്കു വഴിയുള്ളൂ. ഭാര്യാവിലാപം കേട്ട് രാവണന്റെ ഹോമം മുടങ്ങുന്നു.വേണ്ടപ്പെട്ടവരെയെല്ലാം യമപുരിക്കയച്ച് ഇനി താൻ മാത്രമായി രക്ഷപ്പെടാനില്ലെന്നുറച്ച് അയാൾ വീണ്ടും യുദ്ധക്കളത്തിലേക്ക്. ഇപ്പോഴും എണ്ണമറ്റ സൈനികരുണ്ട് രാവണപക്ഷത്ത്.
എന്നോടാണ് രാമൻ നേരിട്ട് ഏറ്റുമുട്ടുന്നതെന്ന് ഓരോരുത്തർക്കും തോന്നുംവിധത്തിലാണ് ശ്രീരാമചന്ദ്രൻ യുദ്ധക്കളത്തിൽ നിറയുന്നത്.ഭയവിഹ്വലരായ പുരസ്ത്രീകളുടെ വിലാപങ്ങൾ രാവണനെ ദുഃഖിതനാക്കുന്നു. അവരൊക്കെയും ഈ അവസ്ഥയ്ക്ക് രാവണനെ കുറ്റപ്പെടുത്തിയാണു വിലപിക്കുന്നത്. ആയുധങ്ങൾ പരസ്പരം പൊടിച്ചുള്ള അതിഘോരമായ യുദ്ധത്തിനിടെ രാവണന്റെ വേൽ ലക്ഷ്മണന്റെ നെഞ്ചിൽ തറയ്ക്കുന്നു. ഇനി രാവണനും ശ്രീരാമനും ഒരുമിച്ചു ഭൂമിയിലില്ലെന്ന് ദേവന്റെ പ്രതിജ്ഞ. മേഘമഴ പോലെ ഇരുപക്ഷത്തുനിന്നും ശരവർഷം.ഔഷധ പ്രയോഗത്തിലൂടെ ലക്ഷ്മണൻ പൂർവസ്ഥിതി പ്രാപിച്ചു.
നാളിതുവരെ കണ്ടതിൽ ഏറ്റവും ഘോരമായതെന്ന് ദേവകൾ പോലും പറയുന്ന യുദ്ധത്തിനൊടുവിൽ ബ്രഹ്മാസ്ത്രം രാവണനെ നിഗ്രഹിക്കുന്നു. പുണ്യം നേടിയ ആളിനെന്നപോലെയുള്ള അന്ത്യകർമങ്ങളാണ് രാവണനു ലഭിക്കുന്നത്. വിഭീഷണൻ ലങ്കാധിപനായി അഭിഷിക്തനായി.അയോധ്യയിലേക്കു സന്ദേശവുമായി പോകാനുള്ള ചുമതലയും ഹനൂമാന്. ആഹ്ലാദാതിരേകത്തോടെയാണ് ഭരതൻ ഹനൂമാനെ സ്വീകരിക്കുന്നത്. അയോധ്യയിൽ ഉത്സവ സമാനമായ ഒരുക്കങ്ങൾ.യുദ്ധത്തിൽ മരിച്ച വാനരരെയെല്ലാം ജീവിപ്പിച്ചാണ് ഭഗവാന്റെ മടക്കയാത്ര. ഭരദ്വാജ മഹർഷിയെയും ഗുഹനെയും യാത്രാമധ്യേ സന്ദർശിക്കുന്നു. അയോധ്യാധിപതി ശ്രീരാമചന്ദ്രനും സംഘവും എത്തുന്ന പുഷ്പകവിമാനം ദൂരെ പ്രത്യക്ഷമാകുമ്പോൾതന്നെ നഗരം ഭക്തിയിലും ആനന്ദത്തിലും ആറാടുകയായി.
രാമന്റെ ഭരണം അയോധ്യ ആഘോഷപൂർവം ഏറ്റെടുക്കുന്നു. ഏറ്റവും ഇഷ്ടമുള്ളയാളിനു നൽകാൻ ശ്രീരാമചന്ദ്രൻ ഏൽപിക്കുന്ന അമൂല്യ രത്നഹാരം സീതാദേവി സമ്മാനിക്കുന്നത് ഹനൂമാനല്ലാതെ മറ്റാർക്കാകാനാണ്?!വാനരർക്കെല്ലാം ഭഗവാന്റെ അനുഗ്രഹം. ഹനൂമാന് എന്താണു പ്രത്യേകം വേണ്ടത് ? അങ്ങയുടെ ചരിത്രം ഉള്ളിടത്തോളം കാലം ഭക്തനായി വാഴാനുള്ള അനുഗ്രഹം. രാമചരിതം കാലത്തെ അതിജീവിക്കുന്നു. തലമുറകൾ അതു നെഞ്ചേറ്റിപ്പാടുന്നു. ഹനൂമാൻ ചിരഞ്ജീവിയായി വാഴുന്നു.