ADVERTISEMENT

'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ  ശിവപുരാണത്തിൽ പറയുന്നത്. 1200 മലയാള  പുതുവർഷദിനം ആരംഭിക്കുന്ന ഓഗസ്റ്റ് 17 ശനിയാഴ്ച  പ്രദോഷം വരുന്നു.  അന്നേദിവസം ശ്രാവണ മാസത്തിൽ വരുന്ന  മുപ്പെട്ടു ശനി പ്രദോഷവും  ചിങ്ങമാസം മാസം ഒന്നാം തീയതിയും  കൂടെ ആയതിനാൽ വ്രതം അനുഷ്ഠിക്കുന്നത് നാലിരട്ടി ഫലദായകമാണ്. 

ദേവിക്ക്  പൗർണമി പോലെ ,വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രധാനമാണ്  പ്രദോഷം. അന്നേദിവസം ഭക്തിയോടെ  വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ  സമർപ്പിക്കുന്നത് അതിവിശിഷ്ഠമാണ്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. 

സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. പുണ്യപ്രവർത്തികൾക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്. ഈ വ്രതം  അനുഷ്ഠിച്ചാൽ സകല  ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

മഹാദേവന് ഏറ്റവും പ്രധാനം പഞ്ചാക്ഷരീ ജപവും കൂവളത്തില സമർപ്പണവുമാണ്. മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത് ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം പ്രഭാതത്തിൽ മാത്രമേ ഇലകൾ അടർ‌ത്താവൂ.

വ്രതാനുഷ്ഠാനം ഇങ്ങനെ

പ്രദോഷദിനത്തിന്റെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. തലേന്ന്  ഒരിക്കലൂണ് നിർബന്ധമാണ്. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം ,പുറകുവിളക്കിൽ എണ്ണ ,ജലധാര എന്നിവ  നടത്തുക . പകൽ മുഴുവൻ ഉപവാസം നന്ന്, അതിനു സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറുണ്ണാം.  പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂർവം  ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ , മലരോ , പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. 

English Summary:

Pradoshika Vratam: Ushering in Blessings and Prosperity on Shani Pradosham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com