ADVERTISEMENT

മുഖ ലക്ഷണം ശരീരത്തിന്റെ അവയവങ്ങളുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കി ഓരോ വ്യക്തിയുടെയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം വിശകലനം ചെയ്യുന്ന ജ്യോതിശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രം. സാമുദ്രിക ശാസ്ത്രപ്രകാരം ഓരോ അവയവത്തിന്റെയും ആകൃതി, ഘടന, നിറം, അടയാളങ്ങൾ എന്നിവ ഓരോരുത്തരുടെയും വ്യക്തിത്വവുമായി അങ്ങേയറ്റം ബന്ധപ്പെട്ടു കിടക്കുന്നു. അത്തരത്തിൽ വ്യത്യസ്ത ആകൃതിയും ഘടനയുമുള്ള ചെവികൾ ഓരോരുത്തരുടെയും വ്യക്തിത്വത്തെ പറ്റി വെളിപ്പെടുത്തുന്നത് എന്താണെന്ന് നോക്കാം. 

ചെറിയ ചെവികൾ: സാമുദ്രിക ശാസ്ത്രപ്രകാരം ചെറിയ ചെവികൾ ഉള്ളവർ പൊതുവേ പണം ചെലവഴിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരാണ്. അത്തരക്കാർക്ക് പണം എങ്ങനെ സൂക്ഷിക്കണമെന്ന് നന്നായി അറിയാം. അത്യാവശ്യമില്ലെങ്കിൽ സ്വന്തം കാര്യത്തിന് പോലും പണം ചെലവഴിക്കാൻ ഇവർ കൂട്ടാക്കില്ല. സമൂഹവുമായി ബന്ധപ്പെടാനുള്ള കഴിവും ഇവർക്ക് കുറവായിരിക്കും. ഓരോ വ്യക്തികളെയും ചെയ്യുന്ന പ്രവർത്തികളെയും സംശയത്തോടെ നോക്കുന്നവരാണ് ഈ കൂട്ടർ. എന്നാൽ പല സാഹചര്യങ്ങളിലും ഇവർ വിശ്വസ്തരുമാണ്.

തീരെ ചെറിയ ചെവി: അസാമാന്യമാം വിധത്തിൽ ചെറിയ ചെവിയുള്ളവർ മതപരമായ വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നവർ ആയിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന ഇവർ അതിൽ നിന്നും പണം സമ്പാദിക്കുകയും ചെയ്യും. ചഞ്ചലതയുള്ള സ്വഭാവം ഇവരെ ചില സമയങ്ങളിൽ വലിയ കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്.

നീണ്ട ചെവികൾ: നീണ്ട ചെവികൾ കഠിനാധ്വാനത്തിന്റെ അടയാളമാണ്. ഒരു ജോലിയും ഇവർ പാതിവഴിയിൽ ഉപേക്ഷിക്കില്ല. എത്രയൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഏൽപ്പിച്ചിരിക്കുന്ന ജോലി പൂർത്തിയായ ശേഷമേ ഇവർ പിന്തിരിയു. ബുദ്ധിശക്തി ഏറെയുള്ളതിന്റെ ലക്ഷണം കൂടിയാണ് നീണ്ട ചെവികൾ. ഏതുകാര്യവും ആഴത്തിൽ വിശകലനം ചെയ്ത ശേഷം മാത്രമേ ഇവർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കു.

വീതിയുള്ള ചെവികൾ: നീളവുമായി താരതമ്യം ചെയ്യുമ്പോൾ ചെവികൾക്ക് വീതി ഏറെയാണെങ്കിൽ അത്തരക്കാർ ഭാഗ്യമുള്ളവരാണെന്നാണ് വിശ്വാസം. സ്വപ്രയത്നത്തിലൂടെയും അർപ്പണ മനോഭാവത്തിലൂടെയും ജീവിതത്തിലെ എല്ലാ സുഖങ്ങളും ഇവർ നേടും. ഗുണകരമായി മുന്നിലെത്തുന്ന ഒരു അവസരവും പാഴാക്കാൻ ഈ കൂട്ടർ തയ്യാറാവില്ല. വിജയത്തിന്റെ അടയാളം കൂടിയാണ് വീതിയേറിയ ചെവികൾ.

കട്ടിയുള്ള ചെവികൾ: ധൈര്യത്തിന്റെയും നേതൃപാടവത്തിന്റെയും സൂചനയായി കട്ടി കൂടുതലുള്ള ചെവികളെ കണക്കാക്കാം. പൊതുവേ ഇത്തരം ചെവികളുള്ളവർ പ്രഭാഷകരോ രാഷ്ട്രീയക്കാരോ എഴുത്തുകാരോ ഒക്കെ ആയിത്തീരാനാണ് സാധ്യത. ഏതു ജോലിയും ഏറെ ഉത്സാഹത്തോടെ ആരംഭിക്കുന്നവരാണ് ഈ കൂട്ടർ. എന്നാൽ ഇവരുടെ സ്വഭാവം മറ്റുള്ളവരെ പലപ്പോഴും പ്രകോപിപ്പിക്കാറുമുണ്ട്.

ear-shape-and-personality-traits1
Image Credit: gurprit.s13/ Shutterstock

ഗജകർണങ്ങൾ: മുഖത്തിന്റെ അളവിന് ആനുപാതികമല്ലാത്ത വലിയ ചെവികൾ ഐശ്വര്യത്തിന്റെ അടയാളമാണ്. അത്തരം ചെവികൾളുള്ളവർ ജോലികളിൽ വിജയിക്കുന്നവരും ദീർഘായുഷ്മാന്മാരും ആയിരിക്കും. സമൂഹത്തിൽ നിലയും വിലയും നേടാൻ ഇവർക്കാവും. നന്നായി സംസാരിക്കാൻ അറിയുന്ന ഇവർ മറ്റുള്ളവരെ കേൾക്കാനും സമയം നീക്കിവയ്ക്കുന്നവരാണ്.

വൃത്താകൃതിയിലുള്ള ചെവികൾ: ഇത്തരം ചെവികളുള്ളവർ പൊതുവേ വിശ്വസ്തരായിരിക്കും. ഏറെ ഉത്തരവാദിത്വ ബോധമുള്ള ഇവരെ കണ്ണുമടച്ച് ആശ്രയിക്കാം. ഏതു കാര്യത്തിലും മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകാനോ പിന്തുണയേകാനോ മടിക്കാത്തവരാണ് ഇക്കൂട്ടർ. എന്നു മാത്രമല്ല മറ്റുള്ളവർ ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കഴിവും ഇവർക്ക് ഉണ്ടാവും. ചതിയും വഞ്ചനയും ഒരിക്കലും ക്ഷമിക്കാത്തവരുമാണ് ഇവർ. വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ ഏതുസമയത്തും ആവുംവിധം സഹായം ചെയ്യാൻ ഇത്തരക്കാർ ശ്രമിക്കുകയും ചെയ്യും.

ചെവിയിലെ രോമം അഭംഗിയല്ല, ശുഭ ലക്ഷണം
ചില പ്രായമായ ആളുകളെ ഒക്കെ ശ്രദ്ധിച്ചിട്ടില്ലേ? വലിയ നീളൻ ചെവിയും ചെവിയുടെ മുകളിലായി നീളൻ രോമങ്ങളുമുള്ള ആളുകൾ. പലരും ഇതൊരു അംഭംഗിയായാണ് കാണുന്നത് . ഇത്തരക്കാരോട് ചെറിയ ഒരു ഭയം ഒക്കെ തോന്നിയേക്കാം. ചെവിയിൽ വളർന്നു നിൽക്കുന്ന നീളൻരോമം ഇവർക്ക് ഒരു ഗൗരവമുള്ള മുഖഭാവം നൽകുന്നത് കൊണ്ടാണ് അത്തരത്തിൽ ഒരു ഭയുണ്ടാകുന്നത്. എന്നാൽ ഇത്തരത്തിൽ ചെവിയിൽ നീളൻ രോമമുള്ളവർ അത്ര നിസാരക്കാരല്ല എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.

ചെവിയില്‍ നീളമുള്ള രോമം ഉണ്ടാകുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. നിരവധി ശുഭകരമായ കാര്യങ്ങൾ ചെയ്യാനും പൂർത്തിയാക്കാനും ഇത്തരം ചെവിയുടെ ഉടമകൾക്ക് കഴിയും എന്നാണ് പറയപ്പെടുന്നത്. പൊതുവെ കഠിനാധ്വാനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ. ആഗ്രഹിച്ച കാര്യം ചിര പരിശ്രമത്തിലൂടെ നേടിയെടുക്കാൻ കഴിയുന്ന ഇവർക്ക് മുന്നിൽ പ്രതിബന്ധങ്ങൾ ഒന്നും തന്നെ വിലപ്പോകാറില്ല. ചെയ്യുന്ന ഏത് പ്രവർത്തിയിലും ഭാഗ്യദേവത അനുഗ്രഹം ചൊരിയുന്ന വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ.

ആഗ്രഹിച്ച രീതിയിൽ തന്റെ കരിയർ രൂപപ്പെടുത്തിയെടുക്കാൻ ഇവർക്ക് സാധിക്കും എന്നതാണ് മറ്റൊരു നേട്ടം. ജീവിതത്തിൽ ധനം , ധാന്യം എന്നിവയ്ക്ക് ഇക്കൂട്ടർക്ക് കുറവുണ്ടാകുകയില്ല. ചെയ്യുന്ന ഓരോ പ്രവർത്തിക്കും മികച്ച ഫലം ഇവരെ തേടിയെത്തുകയും ചെയ്യുന്നു. ഇത്തരക്കാർ പൊതുവെ അല്പം അഹങ്കാരികളാണ് എന്നാണ് പറയപ്പെടുന്നത് എങ്കിലും. അതൊരിക്കലും മറ്റുള്ളവർക്ക് ഹാനികരമാകുന്ന ഒന്നല്ല.

തികഞ്ഞ ഇച്ഛാശക്തിയും നേതൃപാടവവും കാണിക്കുന്ന ഇക്കൂട്ടരെ ജീവിതത്തില്‍ തോല്‍പ്പിക്കുന്നതിന് ബുദ്ധിമുട്ടാണ്. പ്രതികൂല സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ മുന്നിലാണ് ഇവർ. ജീവിതത്തിന്റെ പല കോണിൽ നിന്നും ഇവരെപ്പറ്റി വ്യത്സ്യതമായ അഭിപ്രായങ്ങൾ, പരാതികൾ എന്നിവ ഉണ്ടാകുമെങ്കിലും വ്യക്തിപ്രഭാവം കൊണ്ട് അവയെല്ലാം മറികടക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. ഫലത്തിൽ ഏവർക്കും പ്രിയപ്പെട്ടവരായി ഇവർ മാറും.

English Summary:

From Small to Large: How Ear Shape Predicts Your Personality Traits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com