വിഘ്നങ്ങളകറ്റി ഐശ്വര്യം നേടാൻ നാളികേരം ഉടയ്ക്കാം
Mail This Article
ഗണപതിയുടെ മുന്നിൽ നാളികേരം ഉടച്ചാൽ സകല വിഘ്നങ്ങളും അകലുമെന്നാണ് വിശ്വാസം. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ് നാളികേരം. ശബരിമലയ്ക്ക് പോകുന്നവർ നാളികേരം ഉടച്ചാണ് തീർഥയാത്ര തുടങ്ങുന്നത്. അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയിൽ നിറച്ചാണ് കൊണ്ടുപോകുന്നത്. പൂർണ കുംഭത്തിൽ നടുക്ക് വയ്ക്കുന്നതും നാളികേരം തന്നെയാണ്. പൂജകളിൽ ചകിരി നീക്കിയ തേങ്ങ ശിവനായി സങ്കൽപ്പിച്ച് പൂജിക്കുന്നു.
താംബുല പ്രസ്നത്തിൽ നാളികേരം നിമിത്തമായി എടുക്കുന്നു. ചകിരി മാറി ഒരു കണ്ണ് തുറന്നിരിക്കുന്ന രീതിയിലായാൽ ശിവകോപമായി കണക്കാക്കുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് കല്ലിടീൽ ചടങ്ങിനോട് അനുബന്ധമായി നാളികേരം ഉടച്ചതിൽ ഒരു ഭാഗത്തെ തേങ്ങാവെള്ളത്തിൽ ഒരു പൂവിട്ട് നിമിത്തം നോക്കി ഫലം പറയുന്ന സമ്പ്രദായവുമുണ്ട്.
മലപ്പുറത്തെ കാടാമ്പുഴ ക്ഷേത്രത്തിലും മറ്റ് അനേകം ക്ഷേത്രങ്ങളിലും മുട്ടറുക്കൽ നടത്തുന്നതും നാളികേരംകൊണ്ടാണ്.ആലുവയിലെ ഹനുമാൻ ക്ഷേത്രത്തിൽ കാര്യസാധ്യത്തിനായി നാളികേരം കെട്ടി വയ്ക്കുന്ന ചടങ്ങുമുണ്ട്. കണ്ണൂരിലെ മാമാനിക്കുന്നു ക്ഷേത്രത്തിൽ നാളികേരത്തിന്റെ മുകളിൽ ഒരു തിരി കത്തിച്ചുവച്ച് അതിനെ മൂന്നു പ്രാവശ്യം വെട്ടുകത്തി കൊണ്ട് വെട്ടിയാൽ ശത്രുദോഷം മാറുമെന്നാണ് വിശ്വാസം.