അനുഗ്രഹമരുളുന്ന വനദുർഗ; കീഴില്ലം ആരുവല്ലി കാവ് ദുർഗാ ഭദ്രകാളി ക്ഷേത്രം
Mail This Article
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ - മൂവാറ്റുപുഴ റോഡിൽ കീഴില്ലം ബസ്റ്റോപ്പിൽ നിന്ന് കീഴില്ലം - മാനാറി റോഡിൽ കൂടി ഒന്നര കിലോമീറ്റർ മാറിയാണ് കീഴില്ലം ആരുവല്ലികാവ് ദുർഗാ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 3 ഏക്കർ വനത്തിലാണ് ക്ഷേത്രം. വനദുർഗ ക്ഷേത്രം ആയതിനാൽ തന്നെ ഇവിടെ മേൽക്കൂരയില്ല. രണ്ട് ദേവിമാരും രണ്ട് പീഢങ്ങളിലായി ഒറ്റ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു.
ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് ഉരുൾ പൊട്ടലിൽ തകർന്നു പോയ ക്ഷേത്രം ഏഴു വർഷങ്ങൾക്കു മുമ്പാണ് പുനർ നിർമിച്ചത്. അപൂർവമായ അനേകം ഔഷധ വൃക്ഷലതാദികൾ ഇവിടെ കാണാം. തകർന്നുപോയ ക്ഷേത്രത്തിന്റെ ധ്വജസ്തംഭങ്ങൾ ഇന്നും മണ്ണിനടിയിലാണ്. പഴയ കിണറും കാണാൻ സാധിക്കും.കാര്യസാധ്യത്തിനായി ഇവിടെ മുട്ടറുക്കൽ വഴിപാട് നടക്കുന്നു. ശ്രീസൂക്തം, പുരുഷസൂക്തം അർച്ചനകൾ ഐശ്വര്യം ഉണ്ടാകാനും സന്താനഭാഗ്യത്തിനുമായി നടത്തുന്നു. കുടുംബ ഐക്യത്തിനായി ഐക്യമത്യസൂക്തം പുഷ്പാഞ്ജലിയും, ശത്രു ദോഷത്തിനും ദൃഷ്ടി ദോഷത്തിനുമെല്ലാമായി പ്രത്യേക വഴിപാടുകളും ഇവിടെയുണ്ട്. മിഥുന മാസത്തിലെ അനിഴം നാൾ ദുർഗ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സുകളുടെ പ്രതിഷ്ഠാദിനമായി കൊണ്ടാടുന്നു. കന്നിമാസത്തിലെ ആയില്യവും തുലാമാസത്തിലെ നവരാത്രിയും ഇവിടെ വിശേഷമാണ്.
ചിത്രകൂടവും (ശിവൻ) നാഗരാജാവും നാഗയക്ഷിയുമാണ് പടിഞ്ഞാറ് ദർശനമായിരിക്കുന്ന മറ്റ് ഉപദേവതാ പ്രതിഷ്ഠകൾ. മേടം 10 മുതൽ കന്നി ആയില്യം വരെ നാഗങ്ങൾ ചാതുർമാസ വ്രതത്തിലാണ്. ഈ സമയമാണ് നാഗങ്ങൾ മുട്ടയിട്ട് അടയിരിക്കുന്ന സമയം. അതിനാൽ ഈ സമയത്ത് സർപ്പക്കാവുകളിൽ പ്രവേശനമില്ല.കന്നിമാസത്തിലെ പൂയം നാളിൽ മുട്ടകൾ വിരിഞ്ഞ് നാഗദമ്പതികൾ കുഞ്ഞുങ്ങളുമായി കന്നിമാസത്തിലെ ആയില്യം പൂജ കൈകൊള്ളാനെത്തുന്നു. ഈ സമയത്ത് പ്രത്യക്ഷ ദൈവങ്ങളായ നാഗങ്ങളെ വഴിപാടുകളിലൂടെ പ്രീതിപെടുത്തിയാൽ സർവ്വശ്വര്യം, സന്താനലബ്ധി, രോഗശാന്തി, നാഗദോഷശമനം, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകുന്നതാണ്. നാഗദൈവങ്ങളുടെ ജന്മനാളായ കന്നി മാസത്തിലെ ആയില്യം പൂജ കണ്ട് തൊഴുതാൽ ഒരു ആണ്ട് തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. കന്നി ആയില്യത്തിൽ ഏകാദശി വന്നാൽ അടുത്ത തീയതിയിൽ ആയില്യം നടത്തും. ഈ വർഷത്തെ ആയില്യം 29/9/2024 ഞായറാഴ്ചയാണ്.
നൂറുംപാലും, പാൽ പായസം, സർപ്പ സൂക്താർച്ചന, രാഹുദോഷ ശാന്തി പൂജ, കദളിപഴം, പാൽ എന്നിവയാണ് പ്രധാന വഴിപാടുകൾ.നവരാത്രി ആഘോഷങ്ങളും ഇവിടെ വിശേഷമായി കൊണ്ടാടുന്നു. മണയത്താറ്റ് നാരായണൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 5.20 മുതൽ 9 മണി വരെയും കാർത്തിക നക്ഷത്ര ദിവസവും ഇവിടെ ദർശനം ഉണ്ടാകും.
പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുക. ഫോൺ: 9400 262613, 9495 126808, 9947 021464