വീടിന്റെ വടക്കുകിഴക്കേ ഭാഗം ഇങ്ങനെ എങ്കിൽ ഭാഗ്യം തേടിയെത്തും
Mail This Article
ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്. അതിനാൽ ഇവിടെ കിണർ,കുളം, ഫൗണ്ടൻ, താമരക്കുളം എന്നിവ സ്ഥാപിക്കുന്നത് ഉത്തമമാണ്. ഈ മൂലയിലെ കിണറ്റിലെ ജലം കുടിക്കുന്നത് ആ വീട്ടുകാർക്ക് ആരോഗ്യവും ഐശ്വര്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം.
മലിന വസ്തുക്കൾ ഒരു കാരണവശാലും ഈ മൂലയിൽ വരാൻ പാടില്ല. വടക്ക് ആണ് കുബേരന്റെ ദിക്ക്. വടക്ക് കിഴക്കേ മൂലയെ ആണ് കുബേര മൂല എന്ന് പറയുന്നത്. കുബേരൻ അഥവാ വൈശ്രവണൻ ആണ് ധനത്തിന്റെ ദേവൻ. പറമ്പിന്റെ ഏറ്റവും താഴ്ന്ന സ്ഥലം ഇവിടെയായിരിക്കണം.
ഈ മൂലയിൽ ഒരു പ്രവേശന കവാടം അഥവാ ഗേറ്റ് ഉണ്ടാകുന്നത് ശ്രേഷ്ഠമാണ്. അത് വീട്ടിലേക്കുള്ള ഐശ്വര്യത്തെയും പോസിറ്റീവ് എനർ ജിയും വർധിപ്പിക്കും എന്നാണ് വിശ്വാസം. വീടിൻറെ ദർശനം വടക്ക് കിഴക്കേ മൂലയിൽ ആവുന്നത് വളരെ ഐശ്വര്യം നൽകുന്നതാണ്. ബിസിനസ് സ്ഥാപനങ്ങളുടെ റിസപ്ഷൻ ഈ ദിശയിൽ ആണെങ്കിൽ വ്യാപാരം വർധിക്കുന്നതാണ്. ഇല്ലിമുള ഈശാന കോണിൽ നടുന്നത് സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കും.