രഹസ്യങ്ങൾ പുറത്താകും, ആരും ഇവരുടെ മുന്നിൽ ചെന്നു പെടല്ലേ; മനസ്സ് വായിക്കുന്ന 4 രാശിക്കാർ
Mail This Article
പുറമേ പ്രകടിപ്പിക്കാത്ത ഒരു വികാരമോ ചിന്തയോ ഒക്കെ നമ്മുടെ മുഖത്ത് നോക്കി ചിലർ കൃത്യമായി കണ്ടെത്താറില്ലേ. ഒരു വാക്കുപോലും പറയാതെ ഇവർ മനസ്സ് വായിച്ചു കളയും. മെന്റലിസമോ മുഖ ലക്ഷണശാസ്ത്രമോ അറിയാതെ ഉള്ളിലുള്ളത് മനസ്സിലാക്കാനുള്ള ഇവരുടെ കഴിവ് നമ്മളെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. ചില രാശിക്കാർക്ക് പ്രത്യേകമായി ലഭിക്കുന്ന ഒരു കഴിവാണ് ഇത്. ഒരാളുടെ ഉള്ളിലെ ചിന്തകൾ വളരെ വേഗത്തിൽ വായിച്ചെടുക്കാനുള്ള പ്രത്യേക കഴിവുള്ള ആ രാശിക്കാർ ഏതാണെന്ന് നോക്കാം.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ആഴത്തിലുള്ള അപഗ്രഥനം, തീവ്രത, മനുഷ്യന്റെ സ്വഭാവ രീതികൾ തിരിച്ചറിയാനുള്ള സഹജമായ കഴിവ് എന്നിവ സങ്കീർണതകൾ നിറഞ്ഞ വൃശ്ചികം രാശിയുടെ പ്രത്യേകതകളാണ്. ഈ രാശിയിൽ ജനിച്ചവരുടെ സൂക്ഷിച്ചുള്ള ഒരു നോട്ടം പോലും ആത്മാവിൽ തൊടുന്നത് പോലെ അനുഭവപ്പെട്ടന്നു വരാം. ഇവരിൽ നിന്നും എന്തെങ്കിലും കാര്യം മറച്ചു വയ്ക്കുക എന്നത് അത്ര എളുപ്പമല്ല. കാര്യങ്ങളിലേക്ക് വളരെ വേഗത്തിലും ആഴത്തിലും ഇറങ്ങിച്ചെല്ലാനുള്ള സാമർത്ഥ്യവും അവബോധവും മറ്റൊരാൾ പ്രകടിപ്പിക്കാത്ത വികാരങ്ങളെ വരെ വായിച്ചെടുക്കാൻ ഇവരെ സഹായിക്കുന്നു. എതിരെ നിൽക്കുന്ന ആൾക്ക് എന്തെങ്കിലും നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ എന്നുപോലും മനസ്സിലാക്കാൻ ഇവർക്ക് കഴിയും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): മറ്റുള്ളവരോട് അകമഴിഞ്ഞ അനുകമ്പയുള്ള മീനം രാശിക്കാർക്ക് ചുറ്റും പരക്കുന്ന ഏതൊരു ഊർജവും വളരെ വേഗത്തിൽ തിരിച്ചറിയാൻ സമാനതകളില്ലാത്ത കഴിവുണ്ട്. ഒപ്പമുള്ളവരുടെ മാനസിക വികാരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അതുമായി താദാത്മ്യം പ്രാപിച്ച് അവർക്കുള്ളിലെ ചിന്തകൾ മനസ്സിലാക്കാനാവും എന്നതാണ് ഇവരുടെ പ്രത്യേകത. മീനം രാശിക്കാരുടെ ഉള്ളിൽ ഉടലെടുക്കുന്ന തോന്നലുകളാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ഈ തോന്നലുകളുടെ ചുവടുപിടിച്ച് മറ്റുള്ളവരുടെ മനസ്സിന്റെ സങ്കീർണതകളിലേക്ക് വളരെ വേഗത്തിൽ ഇറങ്ങി ചെല്ലാൻ ഇവർക്ക് സാധിക്കുന്നു.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): വൈകാരിക ബുദ്ധിയും എന്തും പരിപോഷിപ്പിക്കാനുള്ള മനസ്ഥിതിയുമാണ് കർക്കടകം രാശിയുടെ പ്രത്യേകത. ഒരാളുടെ സംസാരത്തിലെ ചെറിയ സൂചനകളും ശരീരഭാഷയിൽ ഉണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങളും ഒക്കെ വേഗത്തിൽ ഗ്രഹിച്ചെടുത്ത് ഇവർ കാര്യങ്ങൾ മനസ്സിലാക്കും. ഉയർന്ന വൈകാരിക അവബോധമാണ് ഇതിന് ഇവരെ സഹായിക്കുന്നത്. മറുവശത്തുള്ള വ്യക്തി കാര്യങ്ങൾ തുറന്നു സംസാരിച്ചില്ലെങ്കിൽ പോലും അവരുടെ മനോവിചാരങ്ങൾ ഏതാണ്ട് കൃത്യമായി തന്നെ മനസ്സിലാക്കാൻ കർക്കടകം രാശിക്കാർക്ക് സാധിക്കാറുണ്ട്.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): വിശകലനാത്മകതയും പ്രായോഗികതയും കന്നിരാശിക്കാരുടെ മുഖമുദ്രയാണെങ്കിലും മനുഷ്യന്റെ മനശാസ്ത്രത്തെക്കുറിച്ച് ഉൾക്കാഴ്ചയുള്ളവരാണ് ഇവർ. സൂക്ഷ്മമായ വിശദാംശങ്ങൾ പോലും ഇവരുടെ കണ്ണിലുടക്കും. കൂർമ ബുദ്ധി ഉപയോഗിച്ച് ചിന്നിച്ചിതറി കിടക്കുന്ന പല കാര്യങ്ങളും ചേർത്തുവച്ച് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതാണ് ഇവരുടെ രീതി. വരികൾക്കിടയിൽ വായിക്കാനും ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങൾ കണ്ടെത്താനും പ്രത്യേക പാടവം കന്നിരാശിക്കാർക്കുണ്ട്. ഇതുകൊണ്ടുതന്നെ ഇവരിൽ നിന്നും എന്തെങ്കിലും കാര്യങ്ങൾ ഒളിച്ചുവയ്ക്കുന്നതോ മറച്ചുപിടിക്കുന്നതോ അത്ര എളുപ്പവുമല്ല.