അഷ്ട ഐശ്വര്യങ്ങളും ലഭിക്കാൻ അഷ്ടലക്ഷ്മീ പൂജ
Mail This Article
പലരുടെയും ധാരണ ധനമുണ്ടായാൽ എല്ലാ ഐശ്വര്യങ്ങളും താനെയുണ്ടാകും എന്നാണ്. എന്നാൽ ധനമുള്ള പലർക്കും മറ്റു പല ഐശ്വര്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. അതുപോലെ ധനം മാത്രം ഇല്ലാതെ മറ്റു പല ഐശ്വര്യങ്ങളുമുള്ള ആൾക്കാരും ഉണ്ട്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ ‘സമ്പത്ത്’ എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. അഷ്ടലക്ഷ്മിയുടെ ചിത്രങ്ങൾ പൂജാമുറിയിൽ വയ്ക്കുന്നത് ഐശ്വര്യമുണ്ടാകാൻ സഹായകരമാകും. മഹാവിഷ്ണു ക്ഷേത്രങ്ങളിലെല്ലാം മഹാലക്ഷ്മി ഉണ്ടാകണമെന്നില്ല. അതു പോലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ മഹാവിഷ്ണുവും.
സന്താന ഭാഗ്യം നൽകുന്നത് ജ്യോതിഷ പ്രകാരം വ്യാഴഗ്രഹമാണ്. വ്യാഴ ഗ്രഹത്തെ ചിന്തിക്കുന്നത് മഹാവിഷ്ണുവായും ദക്ഷിണാമൂർത്തിയായുമൊക്കെയാണ്. വിശ്വാസമനുസരിച്ച് വിദ്യയുടെ ദേവത സരസ്വതിയാണ്. അതിനാൽ വിദ്യയുണ്ടാവാൻ സരസ്വതിയെയല്ലേ പ്രാർത്ഥിക്കേണ്ടത് എന്നും ചിന്തിക്കാം. കാളിദാസന് വിദ്യനൽകിയത് കാളിയായതു പോലെ തന്നെ അഷ്ടലക്ഷ്മിയിലൂടെയും സർവ ഐശ്വര്യങ്ങളും നേടാനാകും. ജ്യോതിഷപരമായ പരിഹാരങ്ങൾ ചെയ്യേണ്ട എന്ന് ഇതിനർഥമില്ല. അത്തരം കാര്യങ്ങൾ ചെയ്തിട്ടും ഫലമില്ലാത്തവർക്ക് ഇതൊരു മാർഗം കൂടിയാണ്.
വരലക്ഷ്മീവ്രതം, വെള്ളിയാഴ്ച വ്രതം, ദീപാവലി വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടിയുള്ളതാണ്. മഹാനവമി, ദീപാവലി, തൃക്കാർത്തിക, വെള്ളിയാഴ്ച എന്നിവ മഹാലക്ഷ്മിക്ക് പ്രാധാന്യമുള്ള ദിവസങ്ങളാണ്. ജാതകത്തിൽ എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അതിന് പ്രത്യേക പരിഹാരം ചെയ്യേണ്ടതാണ്. മഹാലക്ഷ്മിക്ക് വെള്ള വസ്ത്രങ്ങൾ ചാർത്തുക, വെള്ള പൂക്കൾ അർച്ചന ചെയ്യുക, പാൽപ്പായസം നിവേദിക്കുക എന്നിവയൊക്കെ ഗുണകരമാണ്.