നവരാത്രിവ്രതം; ആദ്യദിനം ദേവിയെ ഈ ഭാവത്തിൽ ആരാധിച്ചാൽ
Mail This Article
മാതൃസ്വരൂപിണിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു
പ്രഥമം ശൈലപുത്രീതി
ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഘണ്ടേതി
കൂശ്മാണ്ഡേതി ചതുര്ത്ഥകം
പഞ്ചമം സ്കന്ദമേതേതി
ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി
മഹാഗൗരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ
നവദുർഗാ പ്രകീർത്തിതാഃ
ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു.നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്.പർവത രാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായ ശ്രീപാർവതിതന്നെയാണ് ശൈലപുത്രി .പർവതരാജന്റെ മകളായതിനാൽ ദേവി പാർവതി എന്നും, ശൈലത്തിന്റെ(ഹിമാലയം) മകളായതിനാൽ ശൈലപുത്രി എന്നും ദേവി അറിയപ്പെടുന്നു.
പൂർവ ജന്മത്തിൽ ദക്ഷന്റെ പുത്രിയായ സതിയായിട്ടായിരുന്നു ശൈലപുത്രി അവതരിച്ചത്. നന്തിയെന്ന വൃഷഭത്തിൽ ആരൂഢയായ് ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന ദുർഗാ ഭാവമാണിത്. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തീഭാവമാണ് ശൈലപുത്രി. സതി, ഭവാനി, പാർവതി, ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി.
മൂലാധാരത്തിൽ കുടികൊള്ളുന്ന ശക്തിയുടെ അപരഭാവം കൂടിയാണ് ശൈലപുത്രി.
ശൈലപുത്രീ (മൂലാധാരചക്ര)
ധ്യാനം -
വന്ദേ വാഞ്ച്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം
പൂര്‍ണേന്ദുനിഭാങ്ഗൌരീം മൂലാധാരസ്ഥിതാം പ്രഥമദുര്‍ഗാം ത്രിനേത്രാം
പടാംബരപരിധാനാം രത്നകിരീടാം നാനാലങ്കാരഭൂഷിതാം
പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം തുങ്ഗകുചാം
കമനീയാം ലാവണ്യസ്നേഹമുഖീം ക്ഷീണമധ്യാം നിതംബനീം
സ്തോത്രം -
പ്രഥമദുര്‍ഗാ ത്വം ഹി ഭവസാഗരതാരിണീ
ധന ഐശ്വര്യദായിനീ ശൈലപുത്രീ പ്രണമാമ്യഹം
ത്രിലോകജനനീ ത്വം ഹി പരമാനന്ദപ്രദായിനീ
സൌഭാഗ്യാരോഗ്യദായനീ ശൈലപുത്രീ പ്രണമാമ്യഹം
ചരാചരേശ്വരീ ത്വം ഹി മഹാമോഹവിനാശിനീ
ഭുക്തിമുക്തിദായനീ ശൈലപുത്രീ പ്രണമാമ്യഹം
ശൈലപുത്രീ ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പൂജാപുഷ്പം മുല്ലയാണ്. ദേവീ ക്ഷേത്രത്തിൽ നവരാത്രികാലത്തെ ആദ്യദിനം ദേവീ ക്ഷേത്രത്തിൽ മുല്ലപ്പൂ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്. ദേവീ ക്ഷേത്രദർശനവേളയിൽ ശൈലപുത്രീ ദേവീസ്തുതി ജപിക്കുന്നതും ഉത്തമമാണ്.
ശൈലപുത്രീ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ ശൈലപുത്രി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700