ADVERTISEMENT

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്‌  തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ  അണിനിരത്തി ബ്രാഹ്മണ കുടുംബങ്ങളിലും ചില ക്ഷേത്രങ്ങളിലും നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. .നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്നവർ സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹന പൂജനടത്തിയ ശേഷം മരപ്പലകകൊണ്ട് കൊലു അഥവാ പടികൾ ഉണ്ടാക്കുന്നു. 

സാധാരണയായി 9 പടികൾ ആണ് നിർമിക്കുക. പടികൾക്കു മുകളിൽ തുണി വിരിച്ച ശേഷം ദേവീദേവൻമാരുടെ ബൊമ്മകൾ അഥവാ പാവകൾ അവയുടെ ശാസ്ത്രം അനുസരിച്ച് അതിൽ നിരത്തി വയ്ക്കും. ഏറ്റവും മുകളിൽ ആദ്യം ഗണപതി  പിന്നീട് സരസ്വതി, മഹാലക്ഷ്മി പിന്നെ മഹാവിഷ്ണു എന്ന രീതിയിലാണ് വയ്ക്കുക. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ വയ്ക്കുന്നത്. 9 പാത്രങ്ങളിലായി നവധാന്യങ്ങളും വയ്ക്കുന്നു.

നവരാത്രി ആഘോഷം പോലെ ആദ്യ മൂന്ന് ദിവസം ദുര്‍ഗ അടുത്ത മൂന്ന് ദിവസം ലക്ഷ്മി പിന്നീട് മൂന്ന് ദിവസം സരസ്വതി എന്നിങ്ങനെയാണ് പൂജ. നവധാന്യങ്ങൾ ഉപയോഗിച്ച് ചൂണ്ടൽ ഉണ്ടാക്കി നിവേദിക്കുന്നു.ബൊമ്മക്കൊലു കാണാനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പൂക്കൾ, പഴം, വെറ്റില, പാക്ക്, ഒരു നാണയം, വളകൾ, ബ്ലൗസ് പീസ്, നാളികേരം, കൺമഷി തുടങ്ങിയവ നല്‍കും. ഇത് സ്ത്രീകളുടെ ആഘോഷമാണ്.

ദാരികൻ ഒരു അസുര ചക്രവർത്തിയാണെന്ന് മാർക്കണ്ഡേയ പുരാണത്തിൽ കാണാം. മാതാവായ ദാരുമതിയുടെ ഉപദേശപ്രകാരം ദാരികൻ ബ്രഹ്മാവിനെ തപസു ചെയ്തു. ബ്രഹ്മാവിൽ നിന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടാവൂ എന്നും പതിനായിരം ആനകളുടെ കരുത്തും യുദ്ധക്കളത്തിൽ ഇറ്റുവീഴുന്ന തന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും തന്നെ പോലെ ആയിരം ദാരികന്മാർ ഉണ്ടാകണമെന്നും കൂടാതെ ബ്രഹ്മാസ്‌ത്ര മന്ത്രങ്ങളും വരം നേടിയ ദാരികൻ മൂന്നുലോകങ്ങളും കീഴടക്കി.

സ്വർഗലോകം കീഴടക്കിയ ദാരികന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്ന ദേവൻമാർ  മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണുവിന്റെ ഉപദേശപ്രകാരം എല്ലാവരും കൈലാസത്തിലെത്തി മഹാദേവനെ കണ്ട് പ്രാർഥിച്ചു. ശിവന്റെ നിർദേശപ്രകാരം ദേവന്മാരുടെ ശക്തിയിൽ നിന്ന് അവതരിച്ച ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, വരാഹി, കൗമാരി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരെ ദാരികനെ നേരിടാൻ അയച്ചുവെങ്കിലും അവർ പരാജയപ്പെട്ടു.

തുടർന്ന് ദാരികന് നേർവഴി ഉപദേശിക്കാൻ മഹാദേവൻ നാരദനെ അയച്ചു. എന്നാൽ ദൂതനായ നാരദനെ ദാരികൻ അപമാനിച്ചതിൽ കോപിഷ്ടനായി ശിവന്റെ തൃക്കണ്ണിൽ നിന്ന് സാക്ഷാൽ ആദിപരാശക്തി ഭദ്രകാളിയായി പ്രത്യക്ഷപ്പെട്ടു. ദാരികനുമായുള്ള യുദ്ധത്തിന്റെ തയാറെടുപ്പിന്റെ ഭാഗമായി ദേവി തപസ് അനുഷ്ഠിച്ച് വിജയദശമിയുടെ അന്ന് തപസ്സ് മതിയാക്കി ദേവകളുടെ അനുഗ്രഹങ്ങളോടെ ദാരിക നിഗ്രഹത്തിനു പുറപ്പെട്ടു.

വേതാളപ്പുറത്തേറിയ ഭഗവതി ദാരികനെ പോരിനു വിളിച്ചു. പോരാട്ടത്തിനിടയിൽ കാളി വാഹനമായ വേതാളം ദാരികന്റെ ഒരു തുള്ളി രക്തം പോലും നിലത്തു വീഴാതെ പാനം ചെയ്തു. തുടർന്നു യുദ്ധത്തിൽ കാളി ദാരികനെ വധിച്ചു എന്നാണ് ഐതിഹ്യം. നവരാത്രിയിൽ കാളിയുടെ തപസ്സിനെ പിന്തുണയ്ക്കാൻ വരുന്ന ദേവഗണത്തെ പ്രതിനിധീകരിക്കുന്നതാണ് ബൊമ്മക്കൊലു. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. കേരളത്തിൽ തമിഴ് വംശജരും ബൊമ്മക്കൊലു ഒരുക്കാറുണ്ട്.

English Summary:

Bommala Koluvu: A Step-by-Step Guide to the South Indian Tradition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com