ഐശ്വര്യവും സമൃദ്ധിയും നൽകുന്ന ധൻതേരസ്; ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം
Mail This Article
ഉത്തരേന്ത്യക്കാർ ധന്വന്തരിദേവനെ ആരാധിക്കുന്ന ഒരു ഉത്സവമാണ് ധൻതേരസ്. ധന്വന്തരി ഭഗവാൻ സന്തോഷവും സമൃദ്ധിയും നൽകുന്നു. എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് വിശ്വാസികൾ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നത്. ഈ വർഷം ധൻതേരസ് വരുന്നത് 2024 ഒക്ടോബർ 29നാണ്. ത്രയോദശി തിഥി ഒക്ടോബർ 29 ന് രാവിലെ 10.31ന് ആരംഭിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക്1.15 ന് അവസാനിക്കും. വൈകിട്ട് 6.30 മുതൽ 8.12 വരെയാണ് പൂജാദികർമം. മഹാലക്ഷ്മിയെയും കുബേരനേയും ആരാധിക്കാനും ഐശ്വര്യവും അനുഗ്രഹവും നേടാനും അനുയോജ്യമാണ് ഈ സമയം.
പൂജയ്ക്ക് മുൻപായി ഗണപതിയെ കുളിപ്പിച്ച് ചന്ദനം ചാർത്തണം. തുടർന്ന് ചുവന്ന വസ്ത്രം അണിയിച്ച് ഭഗവാന് നിവേദ്യം നൽകണം. ഗണപതി മന്ത്രങ്ങൾ ജപിച്ച് പ്രാർത്ഥിക്കാം. അതിനുശേഷം സമ്പത്തിന്റെ ദേവനായ കുബേരനെ മധുര പലഹാരങ്ങളും പൂക്കളും പഴങ്ങളും നിവേദിച്ച ശേഷം പൂജിക്കണം. അതിനുശേഷം മഹാലക്ഷ്മിയെ നിവേദ്യ സഹിതം പൂജിക്കുക. ഈ ദിവസം വീടും പരിസരവും ശുദ്ധമാക്കുകയും ചെയ്യണം.
ധാരാളം വെള്ളി ആഭരണങ്ങളും മധുര പലഹാരങ്ങളുമെല്ലാം ഈ ദിവസം സമ്മാനമായി വിതരണം ചെയ്യുന്നു. വെള്ളി, സ്വർണം, ചെമ്പ് തുടങ്ങിയവയും പാത്രങ്ങളും ചൂലും വരെ പുതിയത് വാങ്ങാൻ അനുയോജ്യമായ സമയമാണിത്. അതോടൊപ്പം പഴയത് ഒഴിവാക്കുകയും ചെയ്യണം. ധനത്രയോദശി അഥവാ ധൻതേരസ് എന്ന വാക്ക് രണ്ട് വാക്കുകളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ‘ധൻ’ എന്നാൽ സമ്പത്ത്, ‘തേരസ്’ എന്നാൽ ചന്ദ്രചക്രത്തിന്റെ പതിമൂന്നാം ദിനം.
രാജ്യത്തുടെനീളം ആഘോഷിക്കുന്ന ഒരു ഹൈന്ദവ ആഘോഷമാണ് ധൻതേരസ് അഥവാ ധനത്രയോദശി. ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ആണ് ധനത്രയോദശിയായി ആചരിക്കുന്നത്. അന്നാണ് ഭഗവാൻ ധന്വന്തരിയുടെ ആവിർഭാവ ദിനം. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷത്തിന്റെ തുടക്കമായിട്ടാണ് ധൻതേരസ് ആഘോഷിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ ആരംഭമാണിത്.
പാലാഴി കടഞ്ഞപ്പോൾ അമൃത കുംഭവുമായിട്ടാണ് ഭഗവാൻ ധന്വന്തരി ഉയർന്നു വന്നതെങ്കിൽ അന്നേ ദിവസം തന്നെയാണ് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയായ ലക്ഷ്മി ദേവിയും പലാഴിയിൽ നിന്നും ഉയർന്നു വന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് അതേ ദിവസം തന്നെ ധൻതേരസും ആഘോഷിക്കുന്നു .