രക്തബന്ധത്തിൽ പെട്ടവർ മരിച്ചാൽ ഒരു വർഷം കഴിയാതെ ശബരിമലയിൽ പോകാമോ?
Mail This Article
രക്തബന്ധത്തിൽ പെട്ടവർ മരിച്ചാൽ ഒരു വർഷത്തിനകം മലയ്ക്ക് പോകാമോ ഇല്ലയോ എന്ന സംശയം പലർക്കുമുണ്ട്. പണ്ട് കാലത്ത് അമ്മയോ അച്ഛനോ മറ്റോ മരിച്ചു കഴിഞ്ഞാൽ പിണ്ഡം മുതലായ ക്രിയകൾ കഴിഞ്ഞാലും സംവത്സര ശ്രാദ്ധം കഴിയും വരെ ദീക്ഷയെടുത്ത് പിതൃപൂജ നടത്തി വൈതരണീ നദി കടത്തി വിട്ട് സ്വർഗത്തിലെത്തിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. അങ്ങനെ ദീക്ഷയെടുത്തയാൾ പിതൃപൂജ ചെയ്തിരുന്നു. അത് ഒരു വർഷത്തെ കാലയളവായതിനാൽ ഒരു പൂജ തുടങ്ങി അത് അവസാനിക്കും മുമ്പ് അല്ലെങ്കിൽ അതിനിടെ വേറൊന്നും ചെയ്യാറില്ലായിരുന്നു.അതിനാൽ ആ വർഷം മലയ്ക്കു പോവുക സാധ്യമായിരുന്നില്ല. എന്നാൽ ഇന്ന് അത്തരം പിതൃക്രിയകൾ ചുരുങ്ങി വന്ന് പിണ്ഡം വരെയായിരിക്കുന്നു. അതിനാൽ പുലകഴിഞ്ഞയുടനെ തന്നെ നമുക്ക് ആരാധനയും അനുഷ്ഠാനങ്ങളും തുടരാം.
പണ്ട് വീടുകളിൽ ഒരു വർഷം വരെ അസ്ഥി വച്ച് വിളക്കു തെളിച്ചിട്ടേ നിമജ്ജനം ചെയ്യാറുള്ളൂ. അതിനാൽ അന്നെല്ലാവരും ഒരുവർഷം കഴിഞ്ഞേ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നുള്ളൂ. എന്നാലിന്ന് അസ്ഥി 16ന് നിമജ്ജനം ചെയ്യുന്നു. ഒരാൾ ഒരു വർഷം വരെ പിതൃപൂജ ചെയ്യുന്നില്ലെങ്കിൽ ക്ഷേത്രത്തിൽ പോകുന്നതിന് തടസ്സമില്ല. 16നു പുല വീടികഴിഞ്ഞ് അമ്പലത്തിൽ നിന്നും പുണ്യാഹം വാങ്ങി ഭവനത്തിലും കിണറ്റിലും തളിച്ച് ശുദ്ധി വരുത്തിയ ശേഷം ക്ഷേത്രത്തിൽ പോകാവുന്നതാണ്.
ബന്ധു മരിച്ച് പുല വന്നാൽ ക്രിയാദികൾ കഴിഞ്ഞ് വീണ്ടും മാലയിട്ട് ശബരിമലയിൽ പോവുക പണ്ടുകാലത്ത് സാധ്യമായിരുന്നില്ല. മുമ്പ് മണ്ഡലകാലത്തും മകരവിളക്കിനും മറ്റുമല്ലാതെ നട തുറക്കാറില്ലായിരുന്നു. എന്നാലിപ്പോൾ മാസപൂജയുള്ളത് കൊണ്ട് എല്ലാ മാസവും നടതുറക്കാറുണ്ട്. അടുത്ത ബന്ധുക്കളുടെ മരണ ശേഷം ഒരു വർഷം വരെ ക്ഷേത്രത്തിൽ പോകുന്നതും പോകാത്തതും ഓരോ വ്യക്തിയുടെയും താൽപര്യം പോലെയാണ്. പുല വാലായ്മകൾ കഴിഞ്ഞാൽ ഇന്ന് മറ്റു ക്ഷേത്രങ്ങളിലെല്ലാം പോകുന്നതുപോലെ തന്നെ ശബരിമലയ്ക്കും പോകാം.