സ്വർഗതുല്യം ദേവസംഗമം: ദർശനപുണ്യം നേടി ജനസഹസ്രങ്ങൾ
Mail This Article
വ്യാഘ്രപാദ മഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി. കാർത്തിക മാസത്തിലെ (വൃശ്ചികം) കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി. അഷ്ടമി ദിവസം വൈക്കത്തപ്പൻ കൊടിമരച്ചുവട്ടിൽ ഉപവാസത്തിലാണെന്നു വിശ്വാസം. ഉപവാസമനുഷ്ഠിച്ചു ദുഃഖത്തോടെയുള്ള ഈ കാത്തിരിപ്പിനു ഭക്തസഹസ്രങ്ങൾ സാക്ഷ്യം വഹിക്കും. അസുരനിഗ്രഹത്തിനു പോയ പുത്രനായ ഉദയനാപുരത്തപ്പനെ കാത്തിരിക്കുകയാണ് വൈക്കത്തപ്പൻ. എന്നാൽ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി ഒരു എഴുന്നള്ളത്തെങ്കിലും നടത്തണമെന്നുള്ളതിനാൽ വൈക്കത്തപ്പൻ രാത്രി പത്തോടെ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളും. എഴുന്നള്ളിപ്പിനു ചെണ്ടമേളവും നാഗസ്വരവും ഇല്ല. തിടമ്പേറ്റുന്ന കൊമ്പന് ഇടംവലം രണ്ടാനകളുടെ അകമ്പടി മാത്രം.
വൈക്കത്തപ്പൻ കിഴക്കേ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളി അധികം വൈകും മുൻപു തന്നെ വടക്കേനടയുടെ ഭാഗത്തു വിജയാരവങ്ങൾ ഉയരും. അസുരനിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായ ഉദയനാപുരത്തപ്പൻ വടക്കേനട വഴി ക്ഷേത്രത്തിന്റെ നാലമ്പലത്തിലേക്ക് എഴുന്നള്ളും. ശ്രീനാരായണപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിയും ഉദയനാപുരത്തപ്പന് ആദ്യ അകമ്പടിയാകും. ദേശമാകെ ഉത്സവപ്രതീതി. സമീപ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരും മതിൽക്കകത്തേക്ക്. ഇതാണു ദേശദേവതമാരുടെ സംഗമം. എല്ലാവരും ഒന്നിച്ചു വൈക്കത്തപ്പന്റെ അടുക്കലേക്ക്. എഴുന്നള്ളത്ത് ഇവിടെ എത്തുമ്പോൾ സ്വന്തം ഇരിപ്പിടം നൽകി വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പനെ അനുഗ്രഹിക്കും. ആലവട്ടങ്ങളുടെയും തീവെട്ടികളുടെയും പ്രൗഢിയിൽ മേളങ്ങളുടെ അകമ്പടിയോടെ ദേവതമാർ ഒരുമിച്ച് ഏകദേശം മൂന്നു മണിക്കൂർ എഴുന്നള്ളി നിൽക്കും. ഉറക്കമില്ലാതെ കാത്തിരുന്നാണു ഭക്തസഹസ്രങ്ങൾ അഷ്ടമി ദിന ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്നത്. പിന്നെ വലിയ കാണിക്ക അർപ്പിക്കുന്ന ചടങ്ങാണ്.
ദേവസംഗമത്തിനു ശേഷം എഴുന്നള്ളത്തുകൾ ഓരോന്നായി കൊടിമരച്ചുവട്ടിൽ എത്തും. ദേവീദേവന്മാർ ഓരോരുത്തരായി വൈക്കത്തപ്പനോടു വിടചൊല്ലി പിരിയും. ആദ്യം വിടപറയുന്നത് മൂത്തേടത്തുകാവ് ഭഗവതിയാണ്. ഒടുവിലാണ് ഉദയനാപുരത്തപ്പൻ ഉപചാരം ചൊല്ലി പിരിയുന്നത്. നാഗസ്വരത്തിൽ മുഴങ്ങുന്നത് വിഷാദരാഗമായ ‘ദുഃഖം ദുഃഖകണ്ഠാരം.’ തീവെട്ടികളുടെ വെട്ടത്തിൽ വിഷാദരാഗത്തോടെയുള്ള വേർപിരിയൽ, ക്ഷേത്രാങ്കണം കൂടുതൽ ദുഃഖസാന്ദ്രമായ അന്തരീക്ഷമാക്കും.ഉദയനാപുരത്തപ്പൻ ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ ക്ഷേത്രാങ്കണത്തിൽ പെട്ടെന്നു മൂകതയാകും. ആനകളുടെ ചങ്ങലകളുടെ കിലുക്കം മാത്രം. ദുഃഖം തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം. മനസ്സുകളിൽ വിഷാദരാഗം. ഇനി അടുത്ത അഷ്ടമിക്കായി കാത്തിരിപ്പ്.