ഓരോ ദിക്കിലും വയ്ക്കുന്നതനുസരിച്ച് ഫലം വ്യത്യസ്തം; പാടുന്ന ബൗളിന് ഗുണങ്ങളേറെ
Mail This Article
ബുദ്ധസന്യാസിമാരും മറ്റും ഉപയോഗിക്കുന്ന സിങ്ങിങ് ബൗൾ അഥവാ പാടുന്ന പാത്രത്തിന്റെ പുറത്ത് ടിബറ്റൻ മന്ത്രങ്ങളും മറ്റും കൊത്തിയിട്ടുണ്ടാകും. ഓം എന്ന ശബ്ദമാണ് ഇതിൽ നിന്നുയരുന്നത്. ഇത് അന്തരീക്ഷത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. നമ്മുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആരോഗ്യത്തിന് വൈവിധ്യമാർന്ന നേട്ടങ്ങൾ നൽകും. ശബ്ദതരംഗങ്ങൾ നമ്മെ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ധ്യാനാവസ്ഥയിലെത്തിക്കുകയും ചെയ്യും. ചിന്തകൾ, വികാരങ്ങൾ, ശാരീരിക സംവേദനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ ബോധവാനാകാനിതു സഹായിക്കും. ഇത് കൂടുതൽ സ്വയം അവബോധത്തിലേക്ക് നയിക്കുന്നു. ആന്തരികമായും ചുറ്റുമുള്ള ലോകവുമായി ആഴത്തിലുള്ള ബന്ധം സുഗമമാക്കാനും അതിലൂടെ ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കഴിയും.
പാത്രം കയ്യിൽ വച്ച് ശബ്ദം സൃഷ്ടിക്കാൻ മരത്തിന്റെ വടി ഉപയോഗിച്ച് പാത്രത്തിൽ പതുക്കെ തട്ടുകയോ വടികൊണ്ട് പാത്രത്തിന്റെ അരികിനു ചുറ്റും ചുഴറ്റുകയോ ചെയ്യാം. എങ്ങനെ ഈ ബൗളിനെ പിടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് അതിന്റെ ശബ്ദവും മുഴക്കവും മാറും. ഓരോ പാത്രത്തിന്റെയും ശബ്ദവും വ്യത്യസ്തമായതിനാൽ പലതും തട്ടിനോക്കിയാണ് ഇഷ്ടമായത് വാങ്ങേണ്ടത്.
വാങ്ങുമ്പോൾ പാത്രത്തിൽ നിന്നുള്ള ശബ്ദം ശ്രദ്ധിക്കണം. അതിനായി കണ്ണുകൾ അടച്ച് ദീർഘമായി ശ്വസിക്കുക. ശരീരത്തിലൂടെ സഞ്ചരിക്കുന്ന ശബ്ദ തരംഗങ്ങൾ ദൃശ്യവൽക്കരിക്കുകയോ കൈകളിലെയും ശരീരത്തിലെയും കമ്പനങ്ങളുടെ സംവേദനത്തിൽ ശ്രദ്ധിക്കുകയോ ചെയ്യാം. ഓരോ പാത്രവും ശാന്തമായ ഒരു വൈബ്രേഷൻ പുറപ്പെടുവിക്കുന്നു. അത് നമ്മുടെ അഭികാമ്യമല്ലാത്ത ഊർജത്തെ നിർവീര്യമാക്കുന്നു. ഇത് പൂർണവും ശാരീരികവും ആത്മീയവും മാനസികവുമായ ആരോഗ്യത്തിൽ എത്തിച്ചേരാനുള്ള നമ്മുടെ കഴിവിനെ നിയന്ത്രിക്കുന്നു.
ഈ ശബ്ദം തലച്ചോറിന്റെ ഇരുവശങ്ങളിലും ആഴത്തിലുള്ള വിശ്രമം അനുവദിക്കുന്നു. ഇത് എല്ലാതലങ്ങളിലും സമ്മർദം ഒഴിവാക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. സൗണ്ട് തെറാപ്പിക്ക് ശേഷം വികാരങ്ങൾ ശാന്തവും മനസ്സ് വ്യക്തവുമാകുന്നു. കൂടാതെ പാടുന്ന പാത്രങ്ങളിലെ ശബ്ദ വൈബ്രേഷനുകൾ ശരീരത്തിലും സ്വാധീനം ചെലുത്തുന്നു. ഇവ ഏകാഗ്രത മെച്ചപ്പെടുത്തും. സമ്മർദം കുറയ്ക്കും. കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷിയും മെച്ചപ്പെടുത്തും. ചക്രങ്ങളെ ഊർജമണ്ഡലവുമായി സമന്വയിപ്പിക്കും. ശരീരത്തിലെ ജീവശക്തി പ്രവാഹത്തെ ഉത്തേജിപ്പിക്കുകയും അവബോധവും ധാരണയും വർധിപ്പിക്കും. മാനസികവും വൈകാരികവുമായ നിഷേധാത്മകത നീക്കം ചെയ്യുകയും സർഗാത്മകത വർധിപ്പിക്കുകയും ചെയ്യും.
ഇത് ആർക്കുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ ഓരോ ദിക്കിലും വയ്ക്കുന്നതനുസരിച്ച് ഫലം വ്യത്യസ്തമായിരിക്കും എന്നും എല്ലാ മുറിയിലും ഇത് മാറിമാറി ഉപയോഗിച്ചു കഴിഞ്ഞാൽ ആ മുറികളെല്ലാം ശുദ്ധീകരിക്കപ്പെടും എന്നാണ് ഫെങ്ഷൂയി പറയുന്നത്. വടക്കേ ഇന്ത്യയിലെ പല ബുദ്ധമത ക്ഷേത്രങ്ങൾക്കു മുന്നിലും ഇവ വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം.