ഗുരുവായൂർ ഏകാദശി; അളവറ്റ ഭാഗ്യവും ഐശ്വര്യവും നൽകും ഈ അനുഷ്ഠാനം
Mail This Article
വൃശ്‌ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ദിനം. തികഞ്ഞ ഭക്തിയോടെയും മനഃശുദ്ധിയോടെയും ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ സമ്പൽസമൃദ്ധി, കീർത്തി,ആയുരാരോഗ്യം, രോഗമുക്തി, മനഃശാന്തി, സൽസന്താന യോഗം എന്നിവ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ ഈ ദിവസം നടത്തുന്നതും നാരായണീയം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്. ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം (2024 ഡിസംബർ 11 ബുധനാഴ്ച രാത്രി 7 മണി 48 മിനിറ്റ് മുതൽ ഡിസംബർ 12 വ്യാഴാഴ്ച കാലത്ത് 6 മണി 29 മിനിറ്റ് വരെയാണ് ഹരിവാസരം.) മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ അതീവ പ്രസന്നനായി ഇരിക്കുന്ന ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം.
ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.'ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത' (പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ) ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.
ഹരിവാസര സമയത്ത് ഭഗവൽ നാമങ്ങൾ ജപിക്കുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം. ഭഗവാൻറെ എട്ടു ശ്ലോകങ്ങൾ അടങ്ങിയ ശ്രീ കൃഷ്ണാഷ്ടകം ഇന്ന് ജപിക്കുന്നതിലൂടെ ഭഗവൽ പ്രീതിയും സർവ പാപശാന്തിയും വ്യാഴദോഷ ശാന്തിയും ലഭിക്കും എന്നാണ് വിശ്വാസം.
ശ്രീ കൃഷ്ണാഷ്ടകം
വസുദേവസുതം ദേവം കംസചാണൂരമർദ്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം
രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും
കുടിലാളക സംയുക്തം പൂർണ ചന്ദ്ര നിഭാനനം
വിലസത്ക്കുണ്ഡലധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും
മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുർഭുജം
ബർഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും
ഉത്ഫുല്ല പദ്മപത്രാക്ഷം നീലജീമുതസന്നിഭം
യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും
രുഗ്മിണി കേളിസംയുക്തം പീതാംബര സുശോഭിതം
അവാപ്തതുളസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും
ഗോപികാനാം കുചദ്വന്ദ്വ കുങ്കുമാങ്കിത വക്ഷസം
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും
ശ്രീവത്സാങ്കം മഹോരസ്കം വനമാലാവിരാജിതം
ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും
കൃഷ്ണാഷ്ടകമിദം പുണ്യം
പ്രാതരുത്ഥായ യഃ പഠേത്
കോടി ജൻമകൃതം പാപം
സ്മരണനേന്യ നശ്യതി.
ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ അഷ്ടകമാണ് അച്യുതാഷ്ടകം. നിത്യവും ജപിക്കുന്നതിലൂടെ ഭഗവാൻ മഹാവിഷ്ണു ജീവിതത്തിലുടനീളം സകല സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഭക്തിയോടെ ശ്രവിക്കുന്നതും നന്ന്. ആഗ്രഹസാഫല്യത്തിനായി നെയ്‌വിളക്കിനു മുന്നിലിരുന്നു ഈ അഷ്ടകം ജപിക്കാവുന്നതാണ്.
അച്യുതാഷ്ടകം
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.
അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദനം സന്ദധേ.
വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുക്മിണീരാഗിണേ ജാനകീജാനയേ
വല്ലവീവല്ലഭായാർച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ
കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
അച്യുതാനന്ദ ഹേ മാധവാധോക്ഷജ!
ദ്വാരകാനായക! ദ്രൗപദീരക്ഷക.
രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/-
ഗസ്ത്യസംപൂജിതോ രാഘവഃ പാതു മാം.
ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സർവദാ.
വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.
കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.
ഫലശ്രുതി
അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം
വൃത്തതഃ സുന്ദരം വേദ്യവിശ്വംഭരം
തസ്യ വശ്യോ ഹരിർജായതേ സത്വരം.