ADVERTISEMENT

ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥ പോലെ സംഘർഷഭരിതമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രവും. അധികാര തർക്കവും കോടതി വ്യവഹാരങ്ങളും കഴിഞ്ഞ നൂറ്റാണ്ടുകളിൽ പതിവായിരുന്നു. ഗുരുവായൂർ തൃക്കണാമതിലകം ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. മല്ലിശേരി അടക്കം 7 ഇല്ലക്കാർ ആയിരുന്നു ഊരാളന്മാർ (ഉടമസ്ഥർ). പിന്നീട് മല്ലിശേരി മാത്രമായി ഊരാളൻ. പുറം കോയ്മ പുന്നത്തൂർ രാജാക്കന്മാർക്കായിരുന്നു. 

14ാം നൂറ്റാണ്ടിനൊടുവിൽ സാമൂതിരി പൊന്നാനി പിടിച്ച് തെക്കോട്ട് പടയോട്ടം തുടങ്ങി. പുന്നത്തൂർ രാജാക്കന്മാർ ചാവക്കാട് പ്രദേശം സാമൂതിരിക്ക് കാഴ്ചവച്ചു. ഇതോടെ ഗുരുവായൂർ ക്ഷേത്രം പുറംകോയ്മ അവകാശം സാമൂതിരിക്കായി. സാമൂതിരിയുമായുള്ള യുദ്ധത്തിന്റെ ഭാഗമായി 1712ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ചു. കൊടിമരത്തിന്റെ സ്വർണത്തകിടും നിലവറയിൽ സൂക്ഷിച്ച നിധിയും കൊള്ളയടിച്ചു. പടിഞ്ഞാറെ ഗോപുരം തീയിട്ടു. ഏകാദശി ഉത്സവക്കാലത്തെ വരുമാനം കൊണ്ട് ഈ നഷ്ടം അതിവേഗം നികത്തി. 1755ൽ ഡച്ച് സൈന്യം തൃക്കണാമതിലകം പിടിച്ചു. അടുത്ത വർഷം സാമൂതിരി മതിലകം തിരിച്ചു പിടിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിന്റെ മേൽക്കോയ്മ സ്വന്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ രാജാവ് ഹൈദരലി ഗുരുവായൂർ ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു. വടക്കേപ്പാട്ട് വാരിയർ 10,000 പണം കാഴ്ച വച്ചു ഹൈദരാലിയെ പിൻതിരിപ്പിച്ചു. തുടർന്ന് ടിപ്പുവിന്റെ പടയോട്ടമായി. 1789ൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹം കിണറ്റിൽ ഒളിപ്പിച്ചു. ഉത്സവ വിഗ്രഹവുമായി മല്ലിശേരിയും കക്കാട് ഓതിക്കനും അമ്പലപ്പുഴയിലേക്ക് കടന്നു.

രാജാധികാരം ബ്രിട്ടീഷുകാർ കയ്യടക്കിയതോടെ സാമൂതിരി ഗുരുവായൂർ ക്ഷേത്രാധികാരത്തിൽ പിടി മുറുക്കി. മല്ലിശേരിയുമായി ഒരു നൂറ്റാണ്ടിലധികം നിയമ യുദ്ധമുണ്ടായി. 1822ൽ സാമൂതിരി സഹ ഊരാളനായി. 1854ലെ ഉടമ്പടി പ്രകാരം സാമൂതിരിയുടെ സ്ഥാനം ഉറപ്പിച്ചു. കേസുകൾ തുടർന്നു.സർക്കാർ സംവിധാനമായ ‘കോർട്ട് ഓഫ് വാട്സ്’ സാമൂതിരിയുടെ എസ്റ്റേറ്റ് ഭരണം ഏറ്റെടുത്തപ്പോൾ 1915 സെപ്റ്റംബർ 7 മുതൽ 12 വർഷം ഗുരുവായൂർ ക്ഷേത്ര ഭരണവും കോർട്ട്സിന് കീഴിലായി. എ.ജെ.തോൺ എന്ന സായിപ്പിനായിരുന്നു ഭരണച്ചുമതല.

1927ൽ മദ്രാസ് റിലീജിയസ് എൻഡോവ്മെന്റ് ആക്ട് അനുസരിച്ച് സാമൂതിരിക്കായി പ്രാധാന്യം. ഇതിനെതിരെ മല്ലിശേരി കേസ് നൽകി. 1930ൽ മല്ലിശേരിയെ കൂടി ഉൾപ്പെടുത്തി. 1970ൽ ക്ഷേത്രം അഗ്നിക്കിരയായി. 1971ൽ ക്ഷേത്രം സർക്കാർ ഏറ്റെടുത്തു. 1978ൽ ഭേദഗതി ചെയ്ത നിയമം അനുസരിച്ചാണ് ഇപ്പോൾ ക്ഷേത്രഭരണം നടക്കുന്നത്.

English Summary:

Guruvayur Temple, a sacred site in Kerala, boasts a rich history marked by power struggles and conflicts.The temple's journey reflects Kerala's vibrant past.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com