ADVERTISEMENT

ഭഗവാൻ ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന സുദാമാവ് കുചേലന്‍ എന്നാണ് അറിയപ്പെടുന്നത്.  ഇല്ലത്തു  ദാരിദ്ര്യം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി ഭര്‍ത്താവിനോട്. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. കൃഷ്ണന്‍ വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും. ദ്വാരകയിൽ ചെന്ന് അദ്ദേഹത്തെ കണ്ട് സഹായം തേടൂ എന്ന് പറഞ്ഞു. ഭാര്യയുടെ നിര്‍ബന്ധവും ഭഗവാനെ കാണാനുള്ള ആഗ്രഹവും കൊണ്ട് സുദാമാവ് ദ്വാരകയിലേക്ക് പോകാൻ തീരുമാനിച്ചു. ഭഗവാനു സമർപ്പിക്കാൻ എന്തെങ്കിലും വേണമല്ലോ എന്ന് സുദാമാവ് പറഞ്ഞു. അത് പ്രകാരം  അദ്ദേഹത്തിന്റെ പത്നി അടുത്തുള്ള വീടുകളിൽ നിന്ന് കുറച്ച് നെല്ല് സമ്പാദിച്ചു കൊണ്ടുവന്ന് ഉരലില്‍ ഇടിച്ച് അവില്‍ ഉണ്ടാക്കി കിഴിയാക്കി സുദാമാവിന് കൊടുത്തു.

അടുത്ത ദിവസം അതിരാവിലെ തന്നെ  കുചേലന്‍ യാത്ര തുടങ്ങി. നടന്ന് നടന്ന് ദ്വാരകയിലെത്തി. അവിടെ കൊട്ടാരത്തില്‍ നിന്നും സുഹൃത്തിന്റെ വരവറിഞ്ഞ് ശ്രീകൃഷ്ണൻ ഓടിച്ചെന്നു വാരിപ്പുണര്‍ന്നു. സുദാമാവിനെ സ്‌നേഹാദരങ്ങളോടെ വരവേറ്റ് പട്ടുമെത്തയിലിരുത്തി കാല് കഴുകിച്ചു. സുഗന്ധ ദ്രവ്യങ്ങളും ആഹാരവും മറ്റും നൽകി സല്‍ക്കരിച്ചു.

രുക്മിണീദേവി അടുത്ത് ചാമരം വീശി നിന്നു. ക്ഷീണമെല്ലാംഅകന്നപ്പോള്‍ സുഹൃത്തിനോട് പലവിധ കുശലങ്ങളും ചോദിച്ചു .എന്തുണ്ട്  വിശേഷം? അങ്ങ് വിവാഹം കഴിച്ചില്ലേ? ഭാര്യയ്ക്കും മക്കള്‍ക്കും സുഖം തന്നെയല്ലേ? എന്ന് കൃഷ്ണൻ ചോദിച്ചു. യാതൊന്നിലും ആശവച്ചു പുലര്‍ത്താത്ത അവിടുന്ന് ലൗകിക സുഖങ്ങളക്കു പുറകേ  പോവുകില്ലെന്നെനിക്കുറപ്പുണ്ട്. ഞാന്‍ പലപ്പോഴും നമ്മുടെ സാന്ദീപനീ മഹര്‍ഷിയുടെ ഗുരുകുല പഠനകാലത്തെക്കുറിച്ച് ഓർമിക്കാറുണ്ടെന്നെല്ലാം കൃഷ്ണൻ പറഞ്ഞു കൊണ്ടേയിരുന്നു.

ഗുരുവിന് നാമെല്ലാം പുത്രതുല്യർ ആയിരുന്നല്ലോ?  ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദേശപ്രകാരം വിറകിനായ് കാട്ടിലെത്തിയതും  കാറ്റിലും മഴയിലും പെട്ട് ഇരുട്ടില്‍ ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മയില്ലേ? വിറകുമായി മടങ്ങിയെത്തിയ നമ്മെ ഗുരു കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചത് നിനക്കോര്‍മയില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവർക്ക് ഒരിക്കലും നാശമുണ്ടാവില്ല നിശ്ചയം.”അങ്ങനെ, ബാല്യകാലകഥകള്‍ പലതും പറഞ്ഞ് ശ്രീകൃഷ്ണന്‍ സുഹൃത്തിനൊപ്പം കുറേസമയം ചിലവഴിച്ചു. ഭഗവാന്റെ വാക്കുകള്‍ കുചേലന്‍ സന്തോഷത്തോടെ കേട്ടിരുന്നു. സുദാമാവിനോടൊപ്പം പഴയ പല കഥകളും പറഞ്ഞ് രസിച്ചിരിക്കുന്ന കൃഷ്ണൻ ഒരു പുഞ്ചിരിയോടെഎന്താണ് കൊണ്ടുവന്നിരിക്കുന്നത്? എന്ന് ചോദിച്ചു. വേഗം തരൂ. ഇലയോ,പൂവോ, കായോ, എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും എന്നു പറഞ്ഞു .

ഈ അവിലെങ്ങനെ നൽകും എന്നു കരുതി മടിച്ചു നിന്ന കുചേലന്റെ കയ്യിലിരുന്ന അവില്‍പ്പൊതി ആവേശത്തോടെ കൈക്കലാക്കി ഒരു പിടിവാരിയെടുത്ത് വായിലാക്കി ശ്രീ കൃഷ്ണൻ. രണ്ടാമതും അവിൽ വാരിയെടുക്കവേ  രുക്മിണി കൈയില്‍ കയറിപ്പിടിച്ചു. കാരണം ആദ്യത്തെ ഒരു പിടി അവിലിനാൽ തന്നെ സുദാമാവിന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനായി മാറിയ ഭഗവാന്‍ ഒരു പിടികൂടി ഭുജിച്ചാന്‍ എന്തുണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് ദേവി തടസ്സം നിന്നത്.

അന്ന് അവിടെ രാജകീയ സുഖസൗകര്യങ്ങളോടെ താമസിച്ചശേഷം പിറ്റേന്ന് സുദാമാവ് ഇല്ലത്തേക്കുമടങ്ങി. ഭഗവാന്റെ സൗഹൃദം മാത്രം മോഹിച്ച് മറ്റൊന്നും ആവശ്യപ്പെടാതെ യാത്രയായ സുദാമാവ് ഭഗവാന്റെ  ആതിഥ്യ മര്യാദയും സ്‌നേഹവും സൗഹൃദവും മനസ്സിലോര്‍ത്ത് നടന്നു. ഏറെ ദൂരം നടന്ന് സ്വഗൃഹത്തിനു സമീപം എത്തിച്ചേര്‍ന്ന സുധാമാവ് ആശ്ചര്യചകിതനായി നോക്കി നില്‍ക്കവേ അനേകം തരുണീമണിമാര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഓടിയെത്തി. തന്റെ ജീര്‍ണഗൃഹത്തിന്റെ സ്ഥാനത്ത് മനോഹരമായ ഒരു  മാളിക. ഇതു കണ്ട് മിഴിച്ചു നിന്ന അദ്ദേഹത്തിന്റെ സമീപത്തേക്ക് സർവാഭരണവിഭൂഷിതയായി സുദാമാവിന്റ പത്നിയും ദാസിമാരും വന്നു ചേർന്നു. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൊണ്ട് നമുക്ക് ലഭിച്ച മന്ദിരമാണെന്ന് അവർ പറഞ്ഞു. സന്തോഷത്തോടെയും സർവ ഐശ്വര്യങ്ങളോടെയും സുദാമാവ് കൃഷ്ണ ഭക്തനായി ശിഷ്ട കാലം അവിടെ ജീവിച്ചു.

ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോകുന്ന ഭക്തർ ഇന്നും സമർപ്പിക്കുന്ന പ്രധാന വഴി പാടാണ് അവിൽ. ക്ഷേത്രത്തിൽ പോകുമ്പോൾ വെറും കൈയോടെ പോകരുത്  പൂവോ പഴമോ എന്തെങ്കിലും കൊണ്ടു പോകണം എന്നാണ് വിശ്വാസം. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തജനങ്ങള്‍ അവില്‍ സമര്‍പ്പിക്കുകയാണ് പ്രധാന ചടങ്ങ്. സന്ധ്യയ്ക്ക് ദീപാരാധനക്കുശേഷം നിവേദിച്ച അവില്‍ പ്രസാദമായി കൊടുക്കുന്നതും കണ്ടുവരുന്നു. വെണ്ണയും കദളിപ്പഴവും തുളസിയും പാൽപ്പായസവും പോലെ കൃഷ്ണന് പ്രിയപ്പെട്ട വഴിപാടാണ് അവിൽ. സുഹൃദ് ബന്ധത്തിന്റെ മാതൃകയും ഉത്തരവാദിത്തവും നമ്മെ പഠിപ്പിക്കുന്നതാണ് കുചേല ദിനം.

സുദാമാവ് അവില്‍പൊതിയുമായി ദ്വാര കയില്‍ ശ്രീ കൃഷ്ണനെ കാണാനെത്തി യതിന്റെ ഓർമയ്ക്കാണ് ധനുമാസത്തിൽ ആദ്യ ബുധനാഴ്ചകുചേല ദിനം ആച രിക്കുന്നത്. ഗുജറാത്തിലെ പോർബന്തറി ലാണ് കുചേലൻ ജനിച്ചത്. അവിടെയാണ് ഭാരതത്തിലെ ഏക കചേലക്ഷേത്രം സ്ഥി തിചെയ്യുന്നത്. ഇവിടെ നിന്നാണ് കുചേല ൻ ദ്വാരകയിലേക്ക് ശ്രീകൃഷ്ണനെകാണാ നായി പുറപ്പെട്ടത്. ഭക്തകുചേലന് സദ്ഗതി കിട്ടിയ ദിനമാണ് കുചേല ദിനം. ഈ ദിനത്തിലെ അവില്‍ സമർപ്പണം ദാരിദ്ര്യത്തില്‍ നിന്ന് മോചനം നൽകുമെന്നാണ് വിശ്വാസം.

English Summary:

The inspiring story of Sudama (Kuchela), his visit to Lord Krishna, and the significance of Avil in Hindu devotion. Discover the meaning of Kuchela Dinam and its blessings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com