വീടിന് വാസ്തുദോഷമുണ്ടോ? പൊളിക്കാതെ തന്നെ പരിഹാരം
Mail This Article
ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല. അറിവില്ലായ്മ കാരണം പല ദുരനുഭവങ്ങളും തിരിച്ചടികളും ജീവിതത്തിൽ വന്നു ചേരുമ്പോഴായിരിക്കും പ്രശ്ന പരിഹാരം തേടുക.
വീട് പണിയാൻ തിരഞ്ഞെടുക്കുന്ന പുരയിടത്തിൽ അസ്ഥി, അസാധാരണ വസ്തുക്കൾ കണ്ടെടുക്കുക തുടങ്ങിയവ വാസ്തു ദോഷത്തിനു കാരണമാവാം. യഥാവിധി ഉത്തമനായ വാസ്തു വിദഗ്ധനെകൊണ്ട് പ്രതിവിധി ചെയ്ത ശേഷം ഗൃഹനിർമ്മാണം ആരംഭിക്കാവുന്നതാണ്. ശവം മറവു ചെയ്ത ഭാഗത്തെ മണ്ണ് മാറ്റി പുതുമണ്ണ് നിറയ്ക്കുന്നതും ഒരു പരിഹാരമാണ്. ക്ഷേത്രത്തിനോട് ചേർന്നുള്ള ഭൂമി തിരഞ്ഞെടുക്കുമ്പോളും ഇതുപോലെ ശ്രദ്ധിക്കണം.
വീട് പണിത ശേഷമാണ് വാസ്തുദോഷങ്ങൾ ശ്രദ്ധയിപ്പെടുന്നതെങ്കിൽ പുരയിടത്തിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുകയാണ് ഉത്തമ മാർഗം. കിളിർത്ത ധാന്യങ്ങൾ ഒഴുക്കുവെള്ളത്തിൽ കളയുകയോ പശുവിനോ മറ്റോ കൊടുക്കുകയോ വേണം. നവധാന്യങ്ങൾ കിളിർത്തില്ലാ എങ്കിൽ വാസ്തുവിദഗ്ധന്റെ സഹായം തേടണം. നവധാന്യങ്ങൾ ഓരോന്നും നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.
പുരയിടത്തിൽ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഉണ്ടായിരിക്കുക, വടക്കു ഭാഗത്തായി ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ നെല്ലി നടുക, തുളസിത്തറയിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ തുളസിയോടൊപ്പം മഞ്ഞൾ നടുക, തെക്കുകിഴക്ക് ഭാഗത്തു മുള നടുക, ഈശാനകോണിൽ കണിക്കൊന്ന വളർത്തുക, വീടിനു ചുറ്റും വാഴ ,കവുങ്ങ് എന്നിവ നട്ടു പരിപാലിക്കുക ഇവയെല്ലാം വാസ്തുവിലുള്ള നെഗറ്റീവ് ഊർജ്ജത്തെ കുറയ്ക്കുന്നു. ദോഷമുള്ള ഭൂമിയിൽ ചാണകം കലക്കി തളിക്കുന്നതും കല്ലുപ്പ് വിതറുന്നതും കല്ലുപ്പും മഞ്ഞളും ചേർന്ന വെള്ളം തളിക്കുന്നതും ദോഷപരിഹാരമാണ്.
വാസ്തുദോഷമുള്ള ഭൂമിയിലെ ഗൃഹത്തിൽ താമസിക്കുന്നത് കുടുംബത്തിലെ അംഗങ്ങളെ പ്രതികൂലമായി ബാധിക്കും. ഗൃഹവാസം ആരംഭിച്ച ഉടൻ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, കുടുംബകലഹം, രോഗാരിഷ്ടത തുടങ്ങിയവയൊക്കെ വാസ്തുദോഷം കാരണമാകാം.