ധനുമാസത്തിലെ തിരുവാതിര; പ്രത്യേകതകൾ നിറഞ്ഞ വ്രതാനുഷ്ഠാനം
Mail This Article
മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിര എന്നാണ് വിശ്വാസം. ശിവക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈദിവസം വിശേഷമായി കൊണ്ടാടുന്നു. വ്രതങ്ങളിൽ അതീവ പ്രാധാന്യവും തിരുവാതിര വ്രതത്തിനുണ്ട്. ശിവനും പാർവതിയും തമ്മിൽ വിവാഹം നടന്നതും ധനുമാസത്തിലെ തിരുവാതിര ദിവസമാണ് എന്നാണ് വിശ്വാസം. പരമശിവൻ കാമദേവനെ പുനർജീവിപ്പിച്ചത് മകയിരം നാളിൽ ആയിരുന്നു. ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചു കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിന്റെ ഓർമയ്ക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
മംഗല്യവതികൾ നെടുമാംഗല്യത്തിനും മക്കളുടെ ഐശ്വര്യത്തിന് വേണ്ടിയും അവിവാഹിതരായ യുവതികൾ ഉത്തമ വിവാഹം നടക്കാനും ഈ വ്രതം എടുക്കുന്നു. പാർവതിയെ സ്തുതിച്ചു സൂര്യോദയത്തിനു മുമ്പ് കുളത്തിൽ തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, നാമജപം, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി കഴിക്കൽ, പാതിരാപ്പൂചൂടൽ, ശിവക്ഷേത്ര ദർശനം എന്നിവയൊക്കെയാണ് തിരുവാതിരയുടെ പ്രധാന ചടങ്ങുകൾ.
ശിവപാർവതി ക്ഷേത്രങ്ങളിൽ ഉത്സവം, തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, സ്വയംവര പൂജ, മറ്റു വിശേഷാൽ പൂജകൾ, പൊങ്കാല എന്നിവയൊക്കെ ഈ അവസരത്തിൽ നടക്കാറുണ്ട്.ക്ഷേത്ര ദർശനത്തിന് അതീവ പ്രാധാന്യമുള്ള ദിവസംകൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കൾക്ക് വേണ്ടിയും, തിരുവാതിര വ്രതം ഭർത്താവിന് വേണ്ടിയുമാണ്. ഇഷ്ട വിവാഹം, ഉത്തമ ദാമ്പത്യം, കുടുംബ ഐശ്വര്യം, മക്കളുടെ അഭിവൃദ്ധി, അപകടമുക്തി, ദുഖവിമോചനം, രോഗമുക്തി, ദീർഘായുസ് തുടങ്ങിയ അനേകം ഫലങ്ങൾ തിരുവാതിര വ്രതത്തിന് ഉണ്ടെന്നാണ് വിശ്വസം. രേവതി നാളിലാണ് തിരുവാതിര ആഘോഷങ്ങൾ ആരംഭിക്കുന്നത്.
കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറു ചേമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കൂ. വിവാഹത്തിന് ശേഷം ദമ്പതികളുടെ ആദ്യത്തെ തിരുവാതിര ആഘോഷം പൂത്തിരുവാതിര അഥവാ പുത്തൻ തിരുവാതിര എന്നറിയപ്പെടുന്നു.
ദശപുഷ്പം ചൂടുന്നത് തിരുവാതിര വ്രതത്തിലെ ഒരു പ്രധാന ചടങ്ങാണ് . തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകള്‍ ദശപുഷ്പങ്ങള്‍ ചൂടിയാലെ പൂർണ വ്രതം കിട്ടൂ എന്നാണ് വിശ്വാസം.
ദശ പുഷ്പങ്ങൾ, ദേവത, അവയുടെ ഫലം
1. കറുക - സൂര്യന്‍-വ്യാധികള്‍ മാറും.
2. വിഷ്ണുക്രാന്തി- മഹാവിഷ്ണു- വിഷ് ണു പദത്തിലെത്തും,
3. മുക്കുറ്റി - പാര്‍വതി-ഭർതൃ സൌഖ്യം,
4. പൂവാം കുരുന്നില - ബ്രഹ്മാവ്- ദാരിദ്ര്യ ദുഖമകലും.
5. നിലപ്പന - ശിവന്‍-പാപങ്ങള്‍ കഴുകി ക ളയും.
6. കയ്യൂന്നി - ലക്ഷ്മി-സൗന്ദര്യത്തിനുത്ത മം.
7. ഉഴിഞ്ഞ - ഭൂമീദേവി-ബുദ്ധിമതിയാകും.
8. മുയല്‍ ചെവിയന്‍ - കാമദേവന്‍ -അഭീഷ്ടസിദ്ധി.
9. ചെറൂള - യമരാജന്‍-ദീർഘയുസ്സ്,
10. തിരുതാളി - ശ്രീകൃഷ്ണൻ- നെടുമംഗല്യം.