അനന്തശയന രൂപത്തിൽ വിഷ്ണു പ്രതിഷ്ഠ; തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രം
Mail This Article
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം പൂജനടക്കുന്ന ക്ഷേത്രങ്ങളിൽ വലുപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിയൊന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലിയ രാജഗോപുരം പതിമൂന്നു നി ലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്.നൂറ്റി അൻപത്തിയാറ് ഏക്കറിലായി പരന്നു കിടക്കുന്നു. അനന്തശയന രൂപത്തിൽ വിഷ്ണു പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. രംഗനാഥനും രംഗനായകിക്കും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ചോള ഭരണാധികാരി ധർമവർമയാണ് ഈ ക്ഷേത്രം നിർമിച്ചത്.
ദ്രാവിഡ വാസ്തുശൈലിയിൽ നിർമിച്ചതാണ് ഈ ക്ഷേത്രം, പ്രതിഷ്ഠിക്കപ്പെട്ട 108 ദിവ്യദേശങ്ങളിൽ ഏറ്റവും മുൻ പന്തിയിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ ഘടനകളിൽ ചിലത് നൂറ്റാണ്ടുകളായി പുതുക്കിപ്പണിയുകയും വികസിപ്പിക്കുകയും പുനർനിർമിക്കുകയും ചെയ്തു.
തമിഴ് മാസമായ മാർഗഴിയിൽ (ഡിസംബർ- ജനുവരി) നടത്തുന്ന 21 ദിവസത്തെ വാർഷിക ഉത്സവം ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. തമിഴ് മാസമായ ആനിയിൽ (ജൂൺ-ജൂലൈ ) ക്ഷേത്രത്തിൽ ആഘോഷിക്കുന്ന വാർഷിക ത്രിദിന ഉത്സവമാണ് ജ്യേഷ്ഠാഭിഷേകം.10 ദിവസത്തെ വൈകുണ്ഠ ഏകാദശിയിൽ മാത്രമാണ് പരമപദവാസൽ തുറക്കുന്നത്. തമിഴ് മാസമായ പൈംങ്കുനിയിലാണ് (മാർച്ച്- ഏപ്രിൽ) ബ്രഹ്മോത്സവം നടക്കുന്നത് .
രാമായണം, മഹാഭാരതം, പദ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ഗരുഡപുരാണം എന്നിവയിൽ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ബ്രഹ്മാവ് പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം ത്രേതാ യുഗത്തിൽ ശ്രീരാമന്റെ കൈയിലെത്തി. ശ്രീരാമൻ രാവണനിഗ്രഹ ശേഷം ആ വിഗ്രഹം വിഭീഷണനു നൽകി. ലങ്കയിലേക്കുളള യാത്രയ്ക്കിടെ ശ്രീരംഗത്ത് എത്തിയ വിഭീഷണൻ വിഗ്രഹം കാവേരിക്ക് അടുത്തുളള ചന്ദ്രപുഷ്കരണിയുടെ തീരത്ത് വച്ചു. വിഷ്ണു ഭക്തനായ ചോള രാജാവ് ധർമവർമ രാജാവിന്റെ രാജ്യമായിരുന്നു അത്.
മടങ്ങാൻ നേരം വിഭീഷണൻ വിഗ്രഹം ഉയർത്താൻ ശ്രമിച്ചെങ്കിലും അത് അവിടെ ഉറച്ചു പോയിരുന്നു. കാവേരിയുടെ തീരത്ത് ധർമവർമന്റെ രാജ്യത്ത് കഴിയാനാണ് ഇഷ്ടമെന്ന് ഭഗവാൻ അരുളി ചെയ്തത്രേ. ഇവിടെയിരുന്നു കൊണ്ട് തെക്കോട്ട് ലങ്കയിലേക്ക് നോക്കി, പരിപാലിച്ചു കൊളളാമെന്നും ഭഗവാൻ പറഞ്ഞു. അങ്ങനെയാണ് വിഗ്രഹം തെക്കോട്ട് ദർശനമായത്. കാലാന്തരത്തിൽ വിഗ്രഹം വച്ചിരുന്ന സ്ഥലം കാടുപിടിച്ചു പോയി. പിന്നീട് ഒരുതത്തയെ പിന്തുടർന്നു വന്നചോള രാജാവ് അതു കണ്ടു പിടിക്കുകയും അവിടെ രംഗനാഥസ്വാമി ക്ഷേത്രം പടുത്തുയർത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ശ്രീ രംഗനായകനേയും രംഗനായകിയേയും കൂടാതെ സങ്കമേശ്വരനേയും സങ്കമേശ്വരിയേയും ഗണപതിയെയും ഇവിടെ ദർശിക്കാം. ശ്രീകോവിലിന്റെ മുകൾഭാഗം സ്വർണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. രാവിലെ 6 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ 6 വരെയുമാണ് ഇവിടെ ദർശന സമയം.