വ്യാഴമാറ്റം; ഒരു വർഷം നിങ്ങൾക്കെങ്ങനെ? ഹരി പത്തനാപുരം
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടം രാശിക്കൂറിൽ ജനിച്ച ആളുകളെ സംബന്ധിച്ച് കുറച്ച് മോശമായിട്ടുള്ള സമയമാണ് ജീവിതത്തില്‍ ഇപ്പോൾ കടന്നു വന്നത്. പൊതുവിൽ കുറച്ചു ബുദ്ധിമുട്ടുകളും മാനസിക പ്രതിസന്ധികളും തടസ്സങ്ങളും ഉണ്ടാവാൻ ഇടയുള്ള ഒരു കാലമായിരുന്നു ഉണ്ടായിരുന്നത്. ചില ആളുകൾക്ക് അപവാദം കേൾക്കാൻ ഇടയുള്ള സമയമായിരുന്നു. നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത ചില കാര്യങ്ങളിൽ പെട്ടു പോവുക, മാനസികമായ ചില സമ്മര്‍ദ്ദങ്ങളിൽ അടിപ്പെടുക, ജോലി ഉണ്ടായിരുന്ന ആളുകൾക്ക് അതൊക്കെ നഷ്ടപ്പെട്ടു പോകുക എന്നിവയൊക്കെ ഇടയായിരുന്ന ഒരു വർഷമായിരുന്നു ഇക്കൂട്ടർക്ക് വരാൻ പോയിരുന്നത് എങ്കിലും ഈ വ്യാഴമാറ്റം കുറച്ച് ഗുണകരമാണ് . കുറേക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹമൊക്കെ സാധിച്ചെടുക്കാൻ കഴിയും. നല്ല കർമകുശലതയുള്ളവരാണ് ഇക്കൂട്ടർ . ഏതുകാര്യവും ചെയ്തു തീർക്കാനും ബുദ്ധിപൂർവം ചെയ്തു തീർക്കാനും ഒക്കെ കഴിയുന്നവരാണെങ്കിലും പലപ്പോഴും കഴിവുകൾ തിരിച്ചറിയുന്നില്ല എന്ന പോരായ്മ ഉണ്ട്. അതിനാൽ ഈയൊരു വർഷം വളരെ ഉത്സാഹപൂര്‍വം കാര്യങ്ങൾ ഏറ്റെടുക്കാന്‍ ശ്രദ്ധിക്കുന്നതാണ് . കൂടുതല്‍ അടുക്കും ചിട്ടയും ഒക്കെ ജീവിതത്തിൽ പുലർത്തി ,ഒരു പ്രൊഫഷണലിസം ജീവിതത്തിൽ കൊണ്ടു വരാൻ ശ്രമിക്കണം. ഇങ്ങനെ ഇടപെട്ടാൽ ഒരുപാട് ഗുണപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് സാധിക്കുന്ന ഒരു വ്യക്തിത്വമാണ് ഉള്ളത്. ആരുടെ മുന്നിലും തല കുനിക്കുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു പ്രകൃതമാണ് ഇക്കൂട്ടർക്ക്. ചിലപ്പോൾ ഏറ്റവും ആവശ്യമുള്ളതാണെങ്കിൽ പോലും അത് ചോദിച്ചു വാങ്ങുവാൻ മടി കാട്ടുന്ന സ്വഭാവം ഒന്നു മാറ്റാൻ ശ്രദ്ധിച്ചാൽ വലിയ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാകും. ആജ്ഞാശക്തിയുള്ള ആളാണ്. പക്ഷേ കുറച്ചു കൂടി ഒരു സ്നേഹനിർഭരമായി മറ്റുള്ളവരോട് പെരുമാറാൻ ശ്രമിക്കുന്നത് ഈ വർഷം ഏറ്റവും ഗുണം ചെയ്യും. നിസ്സാരകാര്യങ്ങളെ ചൊല്ലി പിണങ്ങുന്ന സ്വഭാവരീതികളും ഒന്ന് നിയന്ത്രിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കണം. കുറേക്കാലമായി വിചാരിച്ചിരുന്ന കാര്യങ്ങൾ സാധിച്ചെടുക്കുകയും പുതിയ പുതിയ ചുമതലകൾ ജീവിതത്തിൽ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും.മുൻപ് കൈയിൽ വരെ വന്നിട്ട് നഷ്ടപ്പെട്ടു പോയിരുന്ന അവസരങ്ങൾ ഒക്കെ തീർച്ചയായും നിങ്ങളെ തേടിയെത്തും. ആശങ്കയോടെ കാണുന്ന സ്വഭാവരീതി നിയന്ത്രിച്ച് മുന്നോട്ട് പോയാൽ തീർച്ചയായും വിജയം കൈവരിക്കാൻ കഴിയുന്ന ഒരു വർഷമാണ് നിങ്ങൾ മേടം രാശിക്കൂറുകാരെ സംബന്ധിച്ചുള്ളത്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവം രാശിക്കാരെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ടുന്ന ഒരു വ്യാഴമാറ്റമാണ് വരാൻ പോകുന്നത്. ഈ നവംബർ 5 മുതൽ സൗഹൃദബന്ധങ്ങളൊക്കെ കുറച്ചൊന്നു കരുതലോടു കൂടി ശ്രദ്ധിക്കാൻ നോക്കണം. പെട്ടെന്ന് അടുത്തു കൂടി ചങ്ങാത്തം സ്ഥാപിക്കാൻ എത്തുന്നവരെയൊക്കെ കരുതലോടെ അകറ്റി നിർത്തുക . എന്തു ചെയ്യുമ്പോഴും നല്ലതിനാണോ മോശത്തിനാണോ എന്ന് ആലോചിച്ചു മാത്രം ചെയ്യുക. നിസ്സാര കാര്യങ്ങൾക്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവരീതി മാറ്റാന്‍ ഈയൊരു വർഷം നോക്കണം. ചിലപ്പോൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വേദന തോന്നുന്ന രീതികള്‍ ഉണ്ടാകും. പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങൾ അബദ്ധങ്ങളായി തീരാം . അലസതാഭാവം അല്പം കുറച്ചു വച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുക. ഗുണകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നോക്കുന്നത് നല്ലതാണ്. പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ഒരു രീതി മാറ്റാൻ ശ്രമിക്കുക . കുടുംബജീവിതത്തിൽ കുറച്ചൊന്ന് ശ്രദ്ധിക്കണം. സഹായം തേടിയെത്തുന്നവരെ കൈയയച്ച് സഹായിക്കുന്ന രീതി ഉണ്ടെങ്കിൽ അത് നമ്മളെ കടബാധ്യതകളിലേക്ക് തള്ളിയിടാൻ ഇടയുണ്ട്. സാമ്പത്തികമായ ഇടപാടുകൾ ഭയങ്കര കരുതലോടുകൂടി നിങ്ങൾ ശ്രദ്ധിക്കണം. ഗവേഷണം ചെയ്യുന്ന ആളുകൾക്ക് വളരെ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് സാധിക്കും. പക്ഷേ പൊതുവിൽ എന്തു ചെയ്യുമ്പോഴും ഒന്ന് ആലോചിച്ചിട്ട് ചെയ്യുക. വികാരപരമായി തീരുമാനങ്ങൾ എടുക്കാതെ ബുദ്ധിപൂർവം ആലോചിച്ച ശേഷം തീരുമാനം എടുക്കാൻ ശ്രദ്ധിക്കുക.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനം രാശിക്കൂറുകാരെ സംബന്ധിച്ച് പ്രായോഗിക ബുദ്ധി കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നൊരു വർഷമാണ് വരാൻ പോകുന്നത് . ദാമ്പത്യജീവിതത്തിൽ കുറച്ച് കരുതൽ പുലർത്താൻ നോക്കണം. തെറ്റിദ്ധാരണയുടെ പേരിൽ ചില പ്രശ്നങ്ങൾ ദാമ്പത്യജീവിതത്തെ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നുണ്ട്. അതിനാൽ കുടുംബജീവിതത്തിന് അൽപം പ്രാധാന്യം കൊടുത്തുമുന്നോട്ടു പോകാൻ ശ്രമിക്കുക . ചില ബന്ധങ്ങളിൽ നിന്നും തിക്തമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്. എത്ര കൂടുതൽ പ്രവർത്തിച്ചാലും പലപ്പോഴും പിന്തുണയോ ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ടാകാം. അതുകൊണ്ടുതന്നെ പ്രവർത്തനങ്ങളിൽ തളരരുത്. ഒരു ലക്ഷ്യം വച്ച് അതിൽ നിന്നും പിന്മാറാതെ പരിശ്രമിച്ചാൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും . പക്ഷേ പലപ്പോഴും ചെറിയ കാര്യങ്ങളാൽ പതറി ലക്ഷ്യങ്ങളിൽ നിന്നൊക്കെ പിന്മാറുന്ന ഒരു രീതി ഉണ്ടാവാം. സ്വന്തം കഴിവുകൾ പലപ്പോഴും മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കുന്ന പെരുമാറ്റരീതികൾ നിയന്ത്രിക്കാൻ ശ്രമിക്കുക . സാഹസികമായ കർമങ്ങൾക്ക് പറ്റിയ ഒരു വര്‍ഷമല്ല വരാൻ പോകുന്നത്. അതിനാൽ മറ്റുള്ളവരെ കാണിക്കാൻ സാഹസികമായ കർമങ്ങളിലൊന്നും പോയി ഇടപെടാതിരിക്കാന്‍ നോക്കുന്നത് വളരെ നല്ലതാണ്. കുറെക്കാലമായി മനസ്സിൽ ആഗ്രഹിച്ചിരുന്ന ചില യാത്രകൾ സഫലമാകുന്നു ഒരു വര്‍ഷമാണ്. ചെറിയ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുക. പെട്ടെന്ന് അടുത്തുകൂടാനെത്തുന്നവരെ ഒന്ന് അകറ്റി നിർത്തുക. അടുത്ത ബന്ധുജനങ്ങളുമായി തെറ്റിദ്ധാരണയുടെ പേരിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. കൂടുതൽ പണമൊക്കെ സംഭരിക്കാൻ പറ്റിയൊരു വർഷമാണ് വരാൻ പോകുന്നത് പക്ഷേ അത് ചുരുക്കി ചെലവഴിക്കാൻ ശ്രദ്ധിക്കുക. വ്യവസ്ഥയില്ലാതെയുള്ള ചില ബന്ധങ്ങളൊക്കെ നിങ്ങളെ സംബന്ധിച്ച് ഉണ്ടാകാം. അത്തരം ബന്ധങ്ങളിൽ നിന്നും ഒന്ന് മാറി നിൽക്കാൻ പരിശ്രമിക്കുന്നതും ഏറ്റവും ഗുണകരമാണ്. അംഗീകാരങ്ങൾ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും. ശ്രദ്ധിച്ച് വളരെ കരുതലോടുകൂടി മുന്നോട്ടു പോകാൻ ഈയൊരു വർഷം നോക്കുക.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഈ വ്യാഴമാറ്റം കർക്കടക രാശിക്കൂറിൽ ജനിച്ച ആളുകൾക്ക് ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കണം . പ്രത്യേകിച്ച് ലഹരി വസ്തുക്കളെയൊക്കെ അമിതമായി ഉപയോഗിക്കുന്ന ആളുകൾ . ആത്മാർഥത കൊണ്ട് മറ്റുള്ളവരുടെ കാര്യങ്ങളിലൊക്കെ അമിതമായി ഇടപെടുന്ന ഒരു സ്വഭാവരീതിയുണ്ട്. അത്തരത്തിൽ ഇടപെടുമ്പോൾ അത് നമ്മൾ ചിലപ്പോൾ ആർക്കു വേണ്ടിയാണോ ഇടപെട്ടത് അവരിൽ നിന്ന് തെറ്റിദ്ധാരണകളൊക്കെ ഉണ്ടാക്കുന്നതിന് ഇടയായി തീരും. അങ്ങനെ ആരെയും കണ്ണുമടച്ചങ്ങ് വിശ്വസിക്കാതിരിക്കാനും ഈയൊരു വർഷം നോക്കുന്നത് ഏറ്റവും നല്ലതാണ്. വിലപിടിപ്പുള്ള കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന ആളുകൾ വലിയൊരു കരുതൽ പുലർത്താൻ നോക്കണം കാരണം ചില നഷ്ടങ്ങളൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതിന് ഇടയായി തീരുന്ന ഒരു വർഷമാണ്. കരുതൽ കൊണ്ടു മാറ്റാൻ കഴിയുന്ന ചില നഷ്ടങ്ങളാണ്. തർക്ക വിഷയങ്ങളിലൊക്കെ മധ്യസ്ഥരാകുന്ന സ്വഭാവരീതി ഒന്നു നിയന്ത്രിക്കുക. ചില ബന്ധങ്ങൾ പോലും നഷ്ടപ്പെട്ടു പോകുന്നതിനൊക്കെ ഇടയായിത്തീരാം . പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ നടപ്പാക്കിയെടുക്കാൻ വേണ്ടി ചില ത്യാഗങ്ങളൊക്കെ സഹിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിനിടയായിത്തീർന്നൊരു വർഷമാണ് . തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പതറാതിരിക്കാൻ നോക്കുന്നത് നല്ലതാണ് അതുപോലെ സംഘടനാ തലത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്കും വലിയ ഉയർച്ച ഉണ്ടായിത്തീരുന്നതിന് ഇടയാകുന്ന ഒരു വർഷമാണ് . വിദ്യാർഥികളാണെങ്കിൽ പഠനവുമായി ബന്ധപ്പെട്ട് ഏകാഗ്രതയോടുകൂടി പഠിത്തത്തിൽ മുന്നോട്ടു പോകാൻ നോക്കണം അങ്ങനെയാണെങ്കിൽ മാത്രമേ വിജയം കൈവരിക്കാൻ വേണ്ടി ഈയൊരു വർഷം സാധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങം രാശിക്കൂറിൽ ജനിച്ച ആളുകൾ പൊതുവെ അൽപം ദുരഭിമാനബോധം കൂടുതലുള്ള ആളുകളായിരിക്കും. അതുകൊണ്ടുതന്നെ പലപ്പോഴും വേണ്ട കാര്യങ്ങളും മറ്റും മറ്റുള്ളവരോട് ചോദിക്കാൻ മടി കാണിക്കും. ഈ വർഷം ആ മടി മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും. സുഹൃദ്ബന്ധങ്ങൾ നിങ്ങളുടെ ഒരു ദൗർബല്യമാണ്. സ്വന്തം കാര്യങ്ങൾ മാറ്റിവച്ചും സുഹൃത്തുക്കളുടെ കാര്യങ്ങൾ നിങ്ങൾ ഏറ്റെടുക്കും. അതുമൂലം ചില അപവാദങ്ങളൊക്കെ കേൾക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. തൊഴിൽ രംഗത്ത് ഈ വർഷം ശത്രുക്കൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ പുലർത്തണം. പങ്കാളികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുള്ള വർഷമാണ് വരുന്നത്. അതിനാൽ ബന്ധങ്ങളിൽ കരുതൽ ഉണ്ടാകണം. വരവ് ഉണ്ടാകുമെങ്കിലും അതിനേക്കാൾ ചെലവ് വരുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാകാൻ കാരണമാകും. പുതിയ വീട്, ഉപരിപഠനം തുടങ്ങിയ കാര്യങ്ങളിൽ നിലനിന്നിരുന്ന തടസങ്ങൾ ഈ വർഷം നീങ്ങും. ഏറെനാളായി ആഗ്രഹിച്ചിരുന്ന വിദേശയാത്ര സഫലമാകും. ചുരുക്കത്തിൽ ഒരുപാട് കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്നതിന് ഇടയായിട്ടുള്ളൊരു വർഷമാണ് നിങ്ങളെ സംബന്ധിച്ച് വരാൻ പോകുന്നത് ഈ നവംബർ 5 മുതൽ.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നി രാശിക്കൂറുകാരെ സംബന്ധിച്ച് വലിയ മാനസികപ്രയാസങ്ങളൊക്കെ നേരിട്ട കാലമാണ് കടന്നു പോകുന്നത്. അടുത്ത സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം നീങ്ങി സുഹൃദ്ബന്ധം വീണ്ടും ശക്തിപ്പെടാൻ പുതിയ വർഷത്തിൽ സാധ്യത കാണുന്നുണ്ട്. കുറേക്കാലമായി തടസം നേരിട്ട പുതിയ ചില കർമപദ്ധതികളൊക്കെ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സാധിക്കും.വിദ്യാർഥികൾ, തൊഴിലന്വേഷകർ എന്നിവർക്ക് ഈ കാലം ഗുണകരമാകാം. സുഹൃത്തുക്കൾ സംയുക്ത ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നതിനു മുൻപ് കരുതൽ എടുക്കുന്നത് ഉപകരിക്കും. ചതിവുകൾ സംഭവിക്കാനും നിയമപരമായിട്ടുള്ള ചില പ്രശ്നങ്ങളൊക്കെ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. പെട്ടെന്ന് അടുത്തുകൂടി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആളുകളെ അൽപം അകറ്റി നിർത്താന്‍ ശ്രമിക്കുക. ഏത് സാഹചര്യത്തിലാണെങ്കിലും സത്യസന്ധത വിട്ട് ഒരു കാര്യവും ചെയ്യാതിരിക്കുക. ധൈര്യപൂർവം മുന്നോട്ട് പോയി ആ പ്രതിസന്ധികളെ ഒക്കെ അതിജീവിക്കാൻ ഈ ഒരു വർഷം സാധിക്കും.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാം രാശിക്കൂറിൽ ജനിച്ച ആളുകൾക്ക് ശത്രുദോഷം ഉണ്ടാകാൻ സാധ്യതയുള്ള വർഷമാണ് വരുന്നത്. അതിനാൽ സംസാരരീതികൾ ശ്രദ്ധിക്കുക. വെറുതെ ശത്രുക്കൾ ഉണ്ടാകുന്നതിന് ഇടയായി തീരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. കുടുംബകാര്യത്തിൽ മറ്റും കുറച്ച് അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.ആഹാരകാര്യത്തിലെ ബുദ്ധിമുട്ടുകള്‍ മൂലം ചില രോഗങ്ങൾ ഒക്കെ വരാൻ സാധ്യത കാണുന്നുണ്ട്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായി മുന്നോട്ട് പോവുക. അകാരണമായ ഭീതി മനസ്സിൽ ഉണ്ടാകുന്നതിന് സാധ്യതയുള്ള ഒരു വർഷമാണ്. ഏറെക്കാലമായി തടസം നേരിട്ട വിദേശയാത്ര ഇത്തവണ സഫലമാകാൻ സാധ്യതയുണ്ട്. ദീർഘദൂരയാത്രകളിലും അസമയത്തുള്ള യാത്രകളിലും കരുതൽ പുലർത്താൻ നോക്കുന്നത് നല്ലതാണ്. ഔദ്യോഗികസ്ഥാനത്തിൽ നിന്നും മറ്റും ചില അസ്വസ്ഥതകൾ നിങ്ങളെ ബാധിക്കുന്നതിന് ഇടയായിത്തീരും. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് കുറച്ചൊക്കെ ശത്രുത ഒക്കെ ഉണ്ടാവുമെങ്കിലും ഗുണകരമായ വര്‍ഷമാണ് വരാൻ പോകുന്നത്. വാഹനം വാങ്ങുവാനുള്ള സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികം രാശിക്കൂറുകാര്‍ക്ക് കുറെക്കാലമായിട്ട് മാനസിക വിഷമങ്ങൾ ഉള്ള കാലമായിരുന്നു. അതിനു പുതുവർഷം ശമനം ഉണ്ടാകും. ഒരു കാര്യം വേണമെന്ന് ആഗ്രഹിച്ചാൽ എന്തു വില കൊടുത്തും അത് നേടിയെടുക്കുന്ന ഒരു സ്വഭാവരീതി നിങ്ങളിലുണ്ട്. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവം മാറ്റി കുറച്ചു സംയമന ബുദ്ധിയോടുകൂടി എല്ലാ കാര്യങ്ങളേയും കാണാൻ ശ്രദ്ധിക്കുക.ഒരുപാട് സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആളാണ്. മറ്റുള്ളവരില്‍ നിന്നും ചില പാഠങ്ങൾ ഉൾക്കൊണ്ട് മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുക. വിദ്യാർഥികൾ ഉദാസീനതാഭാവം മാറ്റി വച്ച് മുന്നോട്ട് പോവാൻ ശ്രദ്ധിക്കുക. പിതാവിനെക്കൊണ്ട് മാനസികവിഷമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പണച്ചെലവ് നിയന്ത്രിക്കാന്‍ ഈയൊരു വര്‍ഷം നല്ലതുപോലെ ശ്രദ്ധിക്കുക. ദീർഘദൂരയാത്രകൾ സഫലമാകും. വാഹനം ഉപയോഗിക്കുന്ന ആളുകൾ വാഹന സംബന്ധമായ കാര്യങ്ങളിൽ കുറച്ചു കൂടി കരുതൽ ഉണ്ടായിരിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്).
വളരെയധികം ദുർഘടം പിടിച്ച കാലഘട്ടത്തിൽ നിന്ന് ഒരു ചെറിയമാറ്റവുമുണ്ടാവുന്ന കാലമാണിത്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കാം. കൂടുതൽ വരുമാന മാർഗം പ്രതീക്ഷിക്കാം. സംസാരിക്കുമ്പോൾ കരുതൽ പുലർത്തണം. കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാവാം. ഈ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒരു കാരണവശാലും ഒളിച്ചോടാൻ ഇടയാവരുത്. ഈ കാലയളവിൽ എല്ലാത്തിനും തടസ്സം ഉണ്ടാവാൻ ഇടയുണ്ട്. പതറാതെ കൂടുതൽ ആത്മവിശ്വാസത്തോടെ തടസ്സത്തെ അതിജീവിക്കാൻ ശ്രമിക്കുക. ചഞ്ചല മനസ്ഥിതി മാറ്റാൻ ശ്രമിക്കണം. പെട്ടെന്ന് സൗഹൃദം ഭാവിച്ചു അടുത്തുകൂടുന്നവരെ കരുതലോടെ കൈകാര്യം ചെയ്യണം. ഗുരുസ്ഥാനീയരിൽ നിന്ന് പ്രയോചനകരമായ ഗുണങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ഉറ്റവരിൽ നിന്ന് മനോവേദന ഉണ്ടാവാൻ ഇടയുണ്ട്. ജോലി നഷ്ടപ്പെട്ടു വിഷമിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കാൻ ഇടയുണ്ട്. ഗൃഹനിർമാണത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങി മുന്നോട്ടു പോകുവാൻ സാധിക്കും. തർക്കങ്ങളിൽ നിന്നു ഒഴിവാക്കുക. ആഡംബരത്തിനായി അധികം പണം ചിലവഴിക്കാതിരിക്കുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരം രാശിക്കൂറിൽ ജനിച്ച ആളുകൾ ഈ വർഷം പണമിടപാടുകള്‍ കരുതലോടെ ആയിരിക്കണം. ഏത് സാഹചര്യത്തിൽ പണം മുടക്കേണ്ടി വരുമ്പോഴും നല്ലതുപോലെ ആലോചിച്ച് മാത്രമേ പണം മുടക്കാവൂ. സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ ഇടയുണ്ട്ധ. നകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ , ബിസിനസ് ചെയ്യാൻ പോകുന്നവർ ധനകാര്യങ്ങളിൽ മിതത്വം പുലർത്തുക. കടം കൊടുക്കുന്നതു പോലുള്ള കാര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ നോക്കുക. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുവാന്‍ ഇഷ്ടപ്പെടാത്തവരാണ്. ധാരാളിത്തമുള്ള സ്വഭാവരീതി മാറ്റി മുന്നോട്ട് പോകാൻ ശ്രദ്ധിക്കുക. പുറമേ ഒരു കാര്യത്തിനും താൽപര്യം ഇല്ലെന്നു ഭാവിക്കലും എല്ലാ കാര്യത്തിനും ഇറങ്ങിത്തിരിക്കുന്ന രീതിയും ഇക്കൂട്ടർ മാറ്റാൻ ശ്രമിക്കുക. പാദ സംബന്ധമായോ വയറിനോ അസുഖങ്ങൾ ബാധിക്കാൻ ഇടയുണ്ട്. ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധിക്കണം. രഹസ്യവും പരസ്യവുമായ അനേകം ബുദ്ധിമുട്ടുകളെ നേരിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ ഇടയുണ്ട് . ചതിവുകളില്‍ ഒന്നും വീഴാതെ ശ്രദ്ധിക്കുക. ഈ വർഷം ആത്മനിയന്ത്രണശക്തി ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുന്നത് നല്ലതാണ്. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് മാനസികവിക്ഷോഭം ഉണ്ടാക്കുന്ന പെരുമാറ്റരീതിയും നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ക്ഷമാശീലം കുറയുന്ന രീതികള്‍ ഉണ്ടാകാം. അത് മാറ്റണം. യാത്രകൾ പോകുന്ന ആളുകള്‍ വാഹന ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം. കഴിവ് മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ നോക്കുക.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറുകാർ വ്യാഴമാറ്റത്തെ ഭയക്കേണ്ട കാര്യമില്ല. പരിശ്രമിച്ചാൽ എല്ലാക്കാര്യത്തിനും ഫലപ്രാപ്തിയുണ്ടാവും. കുറേക്കാലമായി അലട്ടിയിരുന്ന മാനസിക പ്രതിസന്ധികളിൽ നിന്ന് മാറ്റമുണ്ടാകുന്ന ഒരു വർഷമാണ് വരാൻ പോകുന്നത്. ഗുണകരമായ പല സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാവാം. ജീവിത ക്ലേശങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ നടക്കുന്ന സ്വഭാവമുള്ള ഇക്കൂട്ടരുടെ വേദനകൾ മറ്റുള്ളവർ മനസ്സിലാക്കാതെ പോയേക്കാം . ഈ സാഹചര്യത്തിൽ നിന്നും മാറ്റമുണ്ടാവുന്ന ഒരു കാലമാണ് വരാൻ പോവുന്നത്. വീട് വാങ്ങുവാനോ പണിയുവാനോ തടസ്സം ഉണ്ടായിരുന്നവർക്ക് വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കും. വിവാഹ തടസ്സം നേരിടുന്നവർക്ക് അനുകൂല സാഹചര്യം വന്നു ചേരാം. ഈ വർഷം പിടിവാശികൾ അല്പമൊന്നു കുറക്കുന്നത് നന്നായിരിക്കും. തർക്കിക്കുന്നത് ഒഴിവാക്കി മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്ന്. ദുരഭിമാന ചിന്തയും മാറ്റിവയ്ക്കുന്നത് ഉത്തമമാണ്. ഉള്ളിലെ സ്നേഹം പുറമെ പ്രകടിപ്പിക്കാത്തതിനാൽ ഉപകാരസ്മരണയില്ല എന്ന പരാതി ഇക്കൂട്ടർക്ക് കേൾക്കേണ്ടി വന്നേക്കാം. ഉയർന്ന പദവിയിലിരിക്കുന്നവർക്ക് ചതിവ് പറ്റാതെ സൂക്ഷിക്കുക. ജീവിത പങ്കാളികളാൽ മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാവാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. വാഹനമുപയോഗിക്കുമ്പോൾ അല്പം ശ്രദ്ധപുലർത്തുന്നത് നന്ന്. വീഴ്ചപറ്റാതെ സൂക്ഷിക്കുക.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മോശം കാലത്തിലൂടെ കടന്നു പോയിരുന്ന ഇക്കൂട്ടർക്ക് അതിൽ നിന്ന് മോചനമുണ്ടാവുന്ന വർഷമാണിത്. പണമിടപാടിൽ വളരെയധികം കരുതൽ വേണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാഹചര്യം ഈ വർഷം ഉണ്ടാവാം. ഗൃഹമുൾപ്പെടെയുള്ള വസ്തുക്കളിൽ പ്രകൃതി ക്ഷോപത്താൽ ചില നാശനഷ്ടങ്ങൾ ഉണ്ടാവാം. പിതാവിനാലോ പിതൃതുല്യരായിരിക്കുന്നവരാലോ മനസ്സിന് വേദനയുണ്ടാക്കുന്നതിനുള്ള ചില അനുഭവങ്ങൾ ഉണ്ടാവാം. കുറേകാലമായി ആഗ്രഹിച്ചിരുന്ന ചില യാത്രകൾ സഫലമാകാം. പുതിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കും. അപവാദം കേൾക്കാനുള്ള സാഹചര്യം ഉള്ളതിനാൽ കരുതൽ പുലർത്തുന്നത് നന്നായിരിക്കും. പൊതുപ്രവർത്തകർക്ക് പ്രയോജനകരമായ മാറ്റം ഉണ്ടാവും. പുതിയ പദ്ധതികളിൽ കരുതൽ ഉണ്ടാവാൻ ശ്രദ്ധിക്കണം. കുടുംബജീവിതത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ചെറിയരീതിയിൽ അപകടങ്ങൾ ഉണ്ടാവാൻ ഇടയുള്ളതിനാൽ വാഹനമുപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം. സുതാര്യമായ സമീപനത്താൽ നിർണായകമായ പലനേട്ടങ്ങളും ജീവിതത്തിൽ ഉണ്ടാവാം. വിവാഹക്കാര്യങ്ങളിൽ തീരുമാനമുണ്ടാവും. മറ്റുള്ളവരോടുള്ള സഹാനുഭൂതിയാൽ എല്ലാക്കാര്യത്തിലും ഇടപെടുന്ന സ്വഭാവം മാറ്റി വയ്ക്കണം. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഈ വർഷം സാധിക്കും.