ADVERTISEMENT

മറ്റു ഗ്രഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. മറ്റു ഗ്രഹങ്ങൾ ക്ലോക്ക് വൈസ് സഞ്ചരിക്കുമ്പോൾ രാഹു കേതുക്കൾ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക് വൈസ് ആയിട്ടാണ്. രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന ഗ്രഹണങ്ങൾക്ക് കാരണമാകുന്ന നിഴൽ ഗ്രഹമാണ് രാഹു കേതുക്കൾ. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങൾ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് രാഹു കേതുക്കൾ. ഫലഭാഗ ജ്യോതിഷത്തിൽ രാഹുകേതുക്കൾക്ക് വലിയ പ്രാധാന്യം ഉണ്ട്. 

2023 ഒക്ടോബർ 30 ന് -1199 തുലാമാസം 13 ന് രാഹു മീനം രാശിയിലും കേതു കന്നി രാശിയിലേക്കും രാശി മാറുകയാണ്. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കൾ ഉപചയ ഭാവങ്ങളിൽ  3, 6 11) ചാരവശാൽ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങൾ നൽകുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കിൽ രാഹു കേതു മാറ്റത്തിലെ ദോഷങ്ങൾ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാൽ ഉള്ള ബലാബലങ്ങളും ചിന്തിക്കണം. രാഹുകേതു മാറ്റം ഏതൊക്കെ രാശിക്കാർക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം

മേടക്കൂറ് (അശ്വതി , ഭരണി, കാർത്തിക 1/4): ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. വരുമാനത്തിൽ വർധനവ് ഉണ്ടാകാം എങ്കിലും കാര്യങ്ങൾക്ക് നഷ്ടവും തടസ്സവും സംഭവിക്കാതിരിക്കാൻ വളരെ ശ്രദ്ധ ആവശ്യമാണ്. ജീവിത പങ്കാളിയോട് സ്നേഹപൂർവം പെരുമാറുക. അനാവശ്യ വാക്ക് തർക്കം ഒഴിവാക്കുക. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അർപ്പണ മനോഭാവവും കഠിനാധ്വാനവും ഉയർച്ച നൽകും. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ധനലാഭം, ദേഹസുഖം, കർമലാഭം ഇവ ഉണ്ടാവും. കർമരംഗത്ത് അതിവേഗത്തിലുള്ള നീക്കം നടത്തും. വിലപിടിപ്പുള്ള സമ്മാനം ലഭിക്കും. മുൻകോപം, അക്ഷമ ഇവ ഒഴിവാക്കുക. ദീർഘകാല പ്രണയം സഫലമാകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഗൃഹം പുതുക്കി പണിയും. എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ സഹായ സഹകരണം ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): ധനനഷ്ടത്തിന് ഇടവരുമെന്നതിനാൽ ധനപരമായ ക്രയവിക്രയം ശ്രദ്ധാപൂർവം ചെയ്യുക. കർമരംഗത്തെ അസ്വസ്ഥതകൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യുക വഴി ഗുണം കിട്ടും. സ്ത്രീകൾ കാരണം കലഹത്തിനും ദാമ്പത്യ ക്ലേശത്തിനും സാധ്യത ഉണ്ട്. അതിനാൽ ശ്രദ്ധിക്കുക വഴി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാം. എടുത്തു ചാടിയുള്ള തീരുമാനം മനോസുഖം ഇല്ലാതാക്കും. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം): കുടുംബ ഭദ്രതയ്ക്കായി പ്രയത്നിക്കുക. ധനനഷ്ടം വരാതിരിക്കാനും വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും നല്ല രീതിയിൽ പെരുമാറുക. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. ശുഭാപ്തി വിശ്വാസം വിട്ടുകളയരുത്. ചതിപ്രയോഗങ്ങളിൽ വീണുപോവരുത്. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക വഴി മന:സംഘർഷം ഒഴിവാക്കാം. പുതിയ പദ്ധതികളോ മനോരഹസ്യങ്ങളോ ആരുമായും പങ്കിടരുത്. ആഡംബരം കുറയ്ക്കുക വഴി പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കാൻ കഴിയും. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സർക്കാർ അനുബന്ധ മേഖലയിൽ ഉള്ളവർക്കും ചില അനിഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം.

കന്നിക്കൂറ്(ഉത്രം 3/4, അത്തം, ചിത്തിര 1/2): വിദ്യാർഥികൾ ഉദാസീനമനോഭാവം, ശ്രദ്ധക്കുറവ്, അലസത തുടങ്ങിയവ വർധിക്കാതെ നോക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക. ജീവിത പങ്കാളിയോട് സൗമ്യവും അനുകൂവുമായ സമീപനം സ്വീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രേമബന്ധങ്ങളിൽ പെടാൻ സാധ്യത ഉള്ളതിനാൽ അനാവശ്യ ബന്ധങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ശാരീരിക ബുദ്ധിമുട്ട് അവഗണിക്കരുത്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വ്യാപാരവ്യവസായ വിപണന മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതി ഉണ്ടാകും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും ആഹ്ലാദകരമായ വാർത്തകൾ കേൾക്കും. ധനവർധനവ് ആത്മവിശ്വാസം നൽകും. കൂട്ടുകെട്ടുകൾ വഴി പേരുദോഷം വരുത്തരുത്. വാത സംബന്ധമായ അസുഖം ഉള്ളവർ ശ്രദ്ധിക്കണം. ദുഷ്ടജന സംസർഗ്ഗം ഒഴിവാക്കണം. വാക്കുകൾ പ്രയോഗിക്കുമ്പോൾ ആത്മസംയമനം പാലിക്കേണ്ടതാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങളുടെ പേരിൽ കലഹ സാധ്യത കൂടുതൽ ആണ്. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രലോഭനങ്ങളിൽ അകപ്പടരുത്. ചുമതലകൾ അന്യരെ ഏല്‍പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരാനിടയുണ്ട്. ലളിതമായ ജീവിതമായ ജീവിത ശൈലി അവലംബിക്കുന്നതു വഴി മന:സ്സമാധാനമുണ്ടാകും.

ധനുക്കൂറ് (മൂലം ,പൂരാടം, ഉത്രാടം 1/4): കുടുംബാംഗങ്ങളുമായി വാക്ക്തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ബുദ്ധിപരമായ ഇടപെടൽ കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. അനവസരത്തിൽ അഹങ്കരിക്കരുത്. ഈശ്വരാധീനം വർധിപ്പിക്കുക. മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്. നിസാര കാര്യങ്ങളുടെ പേരിൽ കലഹ സാധ്യത കൂടുതലാണ്. തന്ത്രപൂർവമായ സമീപനം സങ്കീർണ സാഹചര്യങ്ങൾ മറികടക്കാൻ സഹായിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ധനപരമായി ഗുണകാലം. ഉദ്യോഗത്തിൽ ഉയർച്ച, കച്ചവട വിജയം, കലാകാർക്ക് കൂടുതൽ അവസരങ്ങൾ. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. വിദ്യാർഥികൾ അവസരങ്ങൾ ഉപയോഗപെടുത്തണം. അസൂയാവഹമായ ഉയർച്ച എല്ലാ കാര്യങ്ങളിലും ഉണ്ടാവും.  അയൽക്കാരുമായി രമ്യതയിൽ കഴിയണം. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അർഹതയുള്ളവരിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും.

കുംഭക്കൂറ്(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): കർമമേഖലയിൽ മേലധികാരികളിൽ നിന്ന് ബുദ്ധിമുട്ടുകൾ വരാം. വിവാഹകാര്യത്തിലും പ്രണയത്തിലും ചില തടസ്സങ്ങൾ ഉണ്ടായേക്കാം. എതിരാളികളെ കരുതിയിരിക്കണം. ഈശ്വരാധീനത്താൽ ശത്രു ജയം. ജാമ്യം, മധ്യസ്ഥത, സാക്ഷി പറയൽ ഇവ ഒഴിവാക്കണം ബന്ധുക്കളുടെയും ആത്മാർഥ സുഹൃത്തുക്കളുടെയും താക്കീതുകൾ അവഗണിക്കരുത്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ആരോഗ്യശ്രദ്ധ വേണം. കർമരംഗത്ത് അബദ്ധങ്ങൾ പറ്റാതെ ജാഗ്രത പുലർത്തണം. കുടുംബത്തിലും സൗഹൃദത്തിലും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റണം. ശത്രു ശല്യം തല പൊക്കും. വിദ്യാർഥികൾ കഠിനാദ്ധ്വാനം ചെയ്താലെ ഫലം കിട്ടു. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും.

ജ്യോതിഷി പ്രഭാസീന സി.പി

ഹരിശ്രീ

പിഒ: മമ്പറം 

വഴി: പിണറായി

കണ്ണൂർ  ജില്ല 

ഫോൺ: 9961442256

Email ID: prabhaseenacp@gmail.com

English Summary:

Rahu-Ketu Transit 2023: Impact On All 12 Zodiac Signs by Prabhaseena C P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com