ADVERTISEMENT

ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും. ജീവിത പങ്കാളിയുമായി പൊരുത്തക്കേട് ഉണ്ടാവാതെ നോക്കണം. കൈവശ ഭൂമി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവർക്ക് മന്ദഗതി പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നും ഉപദ്രവം വരാം. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും.

ഭരണി: ആരെയും അമിതമായി വിശ്വസിക്കരുത്. അധിക ചെലവുകൾ ഉണ്ടാകും. ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അമിതാവേശം നിയന്ത്രിക്കണം. സ്വന്തം കാര്യങ്ങൾ ഉപേക്ഷിച്ച് പൊതുജന ആവശ്യങ്ങൾക്ക് പ്രവർത്തിക്കേണ്ടതായി വരും. ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും.

കാർത്തിക: അർഥവ്യാപ്തിയോടു കൂടിയ ആശയങ്ങൾ അനുഭവത്തിൽ വന്നു ചേരും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ സൽകീർത്തിയും സജ്ജന പ്രീതിയും ആത്മ സാക്ഷാൽക്കാരവും ഉണ്ടാകും. ഗ്രഹം വിട്ട് നിൽക്കേണ്ടതായി വരും. വസ്ത്രാഭരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കു വേണ്ടി പണം ചെലവാക്കും. അസുഖങ്ങളെ അവഗണിക്കരുത്.

രോഹിണി: തറവാട്ടിലെ മംഗളകർമങ്ങൾക്ക് നേതൃത്വം വഹിക്കുവാനിടവരും. വിവാഹാദി കാര്യങ്ങളിൽ അനുകൂലനില പ്രതീക്ഷിക്കാം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. ആഭരണങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം.

മകയിരം: വില്‍പനോദ്ദേശം മനസ്സിൽ കരുതി വാങ്ങിയ ഭൂമിക്ക് ഭേദപ്പെട്ട നിലയിൽ ലാഭമുണ്ടാകയാൽ വിൽപനയ്ക്ക് തയാറാകും.
ആദ്ധ്യാത്മിക കാര്യങ്ങളിൽ താല്‍പര്യം വർധിക്കും. എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യും. മാറ്റിവെച്ച വിവാഹകാര്യങ്ങളിൽ തീരുമാനം എടുക്കും. ഉദ്യോഗാർഥികൾക്ക് തൊഴിൽ നേട്ടവും അനുകൂല തൊഴിൽ പരിസ്ഥിതിയും ഉണ്ടാകും.

തിരുവാതിര: വിദ്യാർഥികൾക്ക് അനുകൂല വിജയവും ഉപരിപഠന പ്രവേശത്തിനും യോഗമുണ്ട്. വ്യാപാര വിപണന വിതരണ മേഖലകളിൽ പുതിയ ആശയം അവലംബിക്കും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. കുടുംബത്തിൽ പല മംഗള കാര്യങ്ങളും നടക്കും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കും.

പുണർതം: കർമരംഗത്ത് പുരോഗതിയുണ്ടാകും. സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിക്കാനവസരമുണ്ടാകും.
ശുഭാപ്തിവിശ്വാസവും കാര്യനിർവഹണ ശേഷിയും കൂടും. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകൾ ചെറിയ തോതിൽ ഉണ്ടാകും

പൂയം: അഭിപ്രായ സമന്വയം തൊഴിൽമേഖലകളിലും കുടുംബ ജീവിതത്തിലും അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ തൊഴിലവസരങ്ങൾ സംജാതമാകും. ഗൗരവമുള്ള വിഷയങ്ങൾ തനതായ അർഥതലങ്ങളോടു കൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും.

ആയില്യം: ആശയ വിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ സുവ്യക്തവും സദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉൾപ്രേരണ ഉണ്ടാകും. സാമ്പത്തികമായ നിക്ഷേപങ്ങൾ നഷ്ടത്തിൽ അവസാനിക്കാതിരിക്കാൻ ബുദ്ധിപരമായ തീരുമാനങ്ങൾ ആവശ്യമായി വരും. കഫജന്യരോഗങ്ങൾക്ക് സാധ്യതയുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറിയ ബിസിനസുകൾ വിജയം കാണും.

മകം: വാഹനങ്ങളും ഗൃഹവും വാങ്ങാൻ സാധ്യത തെളിയുമെങ്കിലും കാലതാമസം ഉണ്ടാകും. പൈതൃക സമ്പത്തിനെക്കുറിച്ച് കലഹങ്ങൾ ഉടലെടുക്കുമെങ്കിലും വളരെ വേഗം തന്നെ പരിഹരിക്കപ്പെടും. പുതിയ ബിസിനസുകൾ തുടങ്ങുന്നത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം.

പൂരം: പൊതുവെ ഈശ്വരാധീനമുള്ള സമയം ആണെങ്കിലും നിരന്തരമായി വരുന്ന അസുഖങ്ങളെ സൂക്ഷിക്കണം. വാക്കു ദോഷം വരാതെ നോക്കണം. വിദ്യാർഥികൾ പഠനത്തിൽ അലസത വരാതെ നോക്കണം. ചെയ്തു കൊണ്ടിരിക്കുന്ന കർമം മാറുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യണം.

ഉത്രം: കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും. പ്രധാനപ്പെട്ട വസ്തുക്കൾ കളഞ്ഞു പോവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. ചില വാക്കുകളിൽ വരുന്ന തെറ്റിദ്ധാരണ വലിയ അകലങ്ങൾ സൃഷ്ടിക്കും. അഗ്നി, വൈദ്യുതി എന്നിവയിൽ നിന്നുള്ള അപകടങ്ങൾ വരാതിരിക്കാൻ നല്ല ശ്രദ്ധ വേണം.

അത്തം: സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മബലവും ബുദ്ധിയും കൊണ്ട് അതിജീവിക്കാൻ കഴിയും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. ദമ്പതികൾ വിട്ടുവീഴ്ച മനോഭാവം കൈക്കൊള്ളണം.

ചിത്തിര: സങ്കീർണങ്ങളായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിന് ആശയക്കുഴപ്പം വരാതെ ശ്രദ്ധിക്കണം. കല്യാണാലോചനകൾക്ക് സുഹൃത്തുക്കൾ മുൻകൈ എടുക്കും.

ചോതി: അപ്രതീക്ഷിത സാമ്പത്തിക ലാഭങ്ങൾ വന്നേക്കാം. കാലങ്ങളായി കർമ തടസ്സം നേരിട്ടവർക്ക് തൊഴിൽ ലഭ്യത ഉണ്ടാകും. സ്ഥാനക്കയറ്റങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഭൂമി സംബന്ധമായ ക്രയവിക്രയം നടക്കും. സ്വത്ത് ഭാഗം ചെയ്യുന്നതിൽ ചില തർക്കങ്ങൾ ഉണ്ടാകുമെങ്കിലും ഭംഗിയായി നടത്താൻ കഴിയും.

വിശാഖം: വിശ്വാസവഞ്ചനകൾ സൂക്ഷിക്കണം. പല സങ്കീർണ പ്രശ്നങ്ങളും സ്വന്തം ബുദ്ധി വൈഭവം കൊണ്ട് പരിഹരിക്കപ്പെടും. ത്വക് രോഗങ്ങൾ അലട്ടിയേക്കാം. മോശം കൂട്ടുകെട്ടിൽ അകപ്പെടാതെ നോക്കണം. അമിതമായ ചെലവ് സാമ്പത്തിക പരാധീനത ഉണ്ടാക്കാം. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

അനിഴം: ഉത്തരവാദിത്വങ്ങൾ വർധിക്കുന്നതിനാൽ കാര്യങ്ങളെ ഗൗരവമായി കാണണം. പൊതുപ്രവർത്തനങ്ങളിലേർപ്പട്ടവർക്ക് എതിർപ്പുകളും ദുഷ്കീർത്തിയും ഉണ്ടാകുമെങ്കിലും പതറാതെ മുന്നേറാൻ കഴിയും. വരുമാനത്തിൽ കുറവുകളുണ്ടാവാൻ സാധ്യതയുള്ളതിനാൽ ചെലവ് നിയന്ത്രക്കണം.

തൃക്കേട്ട: പ്രവർത്തനത്തിലും വാക്കിലും അതീവ ശ്രദ്ധ പുലർത്തുക. കർമരംഗങ്ങളിൽ തടസ്സങ്ങളുണ്ടാകുമെന്നതിനാൽ വിദഗ്ദരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ മടി കാണിക്കരുത് ലക്ഷ്യമില്ലാത്ത ദൂരയാത്രകൾ ഒഴിവാക്കണം. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം

മൂലം: സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ഇഴജന്തുക്കളിൽ നിന്ന് വിഷഭയമുണ്ടാകാൻ സാധ്യത. പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണ വലിയ ധൈര്യം നൽകും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി അടുത്ത ബന്ധം പുലർത്താൻ കഴിയും. വായന ശീലം വർധിക്കും.

പൂരാടം: അശ്രദ്ധകൾക്ക് വലിയ തിരിച്ചടികൾ ലഭിക്കുന്നതിനാൽ ഓരോ തീരുമാനവും ആലോചിച്ച് ഉറപ്പിച്ചതിനുശേഷം മാത്രം എടുക്കുക. വിട്ടുവീഴ്ചകൾക്ക് തയാറാവുന്നത് കൊണ്ട് വലിയ തർക്കങ്ങൾ ലളിതമായി പരിഹരിക്കപ്പെടും. ഭൂമിസംബന്ധമായ വിവാദമുണ്ടാകുമെങ്കിലും രമ്യതയിൽ പരിഹരിക്കപ്പെടും.

ഉത്രാടം: വാക്കുതർക്കങ്ങളിലേർപ്പെട്ട് മറ്റുള്ളവരുടെ ശത്രുത സമ്പാദിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വിനയം, ക്ഷമ, ആദരവ് തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടാവണം. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വരും .
ഗൃഹനിർമാണ കാര്യങ്ങൾ ബുദ്ധിമുട്ടോടു കൂടി ലക്ഷ്യം നേടും. കടബാധ്യതകൾ ഒരു പരിധിവരെ പരിഹരിക്കപ്പെടും.

തിരുവോണം :വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. എന്നാൽ ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. രക്തസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്തേക്കാം.

അവിട്ടം: സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ മാറിക്കിട്ടുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ്.
ഗുരുതുല്യരായ വ്യക്തികളുടെ ഉപദേശങ്ങൾ പ്രയോജനപ്പെടും. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നീങ്ങാൻ സാധിക്കും. ദൈവവിശ്വാസം വർധിക്കുകയും സൽസംഗത്തിൽ പങ്കെടുക്കുകയും ചെയ്യും.

ചതയം: ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മാറിക്കിട്ടുവാനിടയുണ്ട്. വീടു പണിക്ക് പണം ചെലവാകും. ബാങ്കിൽ നിന്നുള്ള ചില നടപടികൾ ബുദ്ധിമുട്ടിക്കും. വ്യവസായ സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. സ്നേഹിതരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

പൂരൂരുട്ടാതി: മനസ്സിന് വിഷമമുണ്ടാകുന്ന പലവിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നു ചേരുമെങ്കിലും ഈശ്വര പ്രാർഥനകളാൽ അതിജീവിക്കും. സ്വന്തം കഴിവിനും പ്രാപ്തിക്കുമനുസരിച്ച് പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ മനസ്സംതൃപ്തിയുണ്ടാകും. ആത്മാഭിമാനത്തിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കുന്നതിനാൽ ആദരവുണ്ടാകും.

ഉത്തൃട്ടാതി: മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരുന്നതാണ്. മേലുദ്യോഗസ്ഥരുടെ അപ്രീതിക്കിടയുണ്ട്. ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കുന്നതാണ്. യുക്തിപൂർവമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസ്ഥകൾ പരിഹരിക്കുവാൻ സാധിക്കും.

രേവതി: ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാക്ലേശവും വേണ്ടി വരും. അപരിചിതരുമായുള്ള ആത്മബന്ധത്തിന് പണ നഷ്ടത്തിന് സാധ്യത ഉണ്ട്. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ദ നിർദേശം വേണ്ടിവരും. സാഹസിക പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കണം. ദൂരയാത്രകൾ കഴിവതും കുറയ്ക്കുക.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി : പിണറായി - കണ്ണൂർ ജില്ല
Email ID prabhaseenacp@gmail.com
ഫോ:9961442256

English Summary:

Monthly Star Prediction by Prabhaseena C P, 2024 April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com