മേയ് മാസം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ മാസഫലം
Mail This Article
മേയ്1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ബന്ധുജനങ്ങളോട് മത്സര ബുദ്ധിയോടു കൂടി പെരുമാറാതിരിക്കുക. പ്രവർത്തനങ്ങളിൽ ഉത്സാഹം തോന്നാമെങ്കിലും അവസരങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടും. കോപം നിയന്ത്രണ വിധേയമാക്കണം. പണമിടപാടിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ധനനഷ്ടത്തിനിടയുണ്ട്.
ഭരണി: സർക്കാർ ജോലിക്കാരും മറ്റു ആശ്രയ ജീവനക്കാരും വളരെ ശ്രദ്ധിച്ച് തങ്ങളുടെ കർമമണ്ഡലം നന്നായി വർത്തിക്കാൻ ശ്രമിക്കണം. ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ എല്ലാവരുമായും പങ്കിടരുത്. ഈശ്വര ഭജനം ശ്രേയസ്സായി കാണുന്നു. അനാവശ്യ കാര്യങ്ങളിൽ എടുത്തു ചാടുന്നതു മൂലം ധനനഷ്ടം ഉണ്ടാകും.
കാർത്തിക: വീണ്ടു വിചാരത്തോടെയും വിവേകത്തോടെയുമുള്ള പ്രവർത്തനങ്ങൾ കാലം അനുകൂലമാക്കാൻ സഹായിക്കും. ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അനാരോഗ്യം വിഷമിപ്പിക്കും. അടുത്ത ആളുകളുമായി അല്‍പം രമ്യതക്കുറവ് അനുഭവപ്പെടും. അഗ്നിഭയം ഉണ്ടാകുവാനിട കാണുന്നതിനാൽ നല്ല ശ്രദ്ധ വേണം.
രോഹിണി: ചില അവിചാരിത ബന്ധങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. വരവിൽ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാം. മത്സരരംഗത്തുള്ള ത്രീവത തരണം ചെയാൻ ബുദ്ധിമുട്ടും. അമിതമായ വിഷയസുഖം നൈരാശ്യത്തിലും അലസതയ്ക്കും ഇടയാക്കും. കോടതി സംബന്ധമായി പ്രവർത്തിച്ച് ധനനഷ്ടത്തിനും മന:ക്ലേശത്തിനും സാധ്യത. സാമ്പത്തിക ഇടപാടുകളിൽ ആത്മസംയമനം പാലിക്കണം.
മകയിരം: സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കബളിക്കപ്പെടാൻ ഇടയുള്ളത് കൊണ്ട് നല്ല ശ്രദ്ധ വേണം. ആരോഗ്യ സ്ഥിതിയിൽ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ക്രമേണ ആരോഗ്യം മെച്ചപ്പെടും. മദ്യം, ലഹരി പദാർഥങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിക്കണം. വീട് മാറി താമസിക്കാൻ ഇടവരും. മുറിവ്, ചതവ് വരാതെ നോക്കണം.
തിരുവാതിര: പുതിയ പഠനക്രമങ്ങളോ ഉപരിപഠന ആശയങ്ങളോ സാധൂകരിക്കപ്പെടും. ധന നഷ്ടം നികത്താൻ മാർഗങ്ങൾ കണ്ടെത്തും. മേലുദ്യോഗസ്ഥരുമായി യോജിച്ച് പ്രവർത്തിച്ചാൽ പല നേട്ടങ്ങളും കൈവരും. ഭൂമിയുടെ ക്രയവിക്രയത്തിലൂടെ ലാഭം പ്രതീക്ഷിക്കാം. വ്യക്തിത്വമുള്ള സമീപനം മൂലം വിജയം നേടും.
പുണർതം: യുക്തിപൂർവമായ സമീപനത്തിലൂടെ പ്രതിസന്ധികൾ ഒഴിവാകും. ചില നല്ല അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. സ്വജനങ്ങളെ സഹായിക്കുന്നതാണ്. കുടുംബത്തിൽ ഉണ്ടായിരുന്ന അലോഹ്യങ്ങൾ മാറിക്കിട്ടുന്നതാണ്. എല്ലാ കാര്യങ്ങളിലും ഒരു ശുഭ ചിന്ത ഉണ്ടാകുന്നത് നന്നായിരിക്കും.
പൂയം: പ്രശസ്തിയും അംഗീകാരവും ഉണ്ടാകുന്നതാണ് കർമരംഗത്ത് ശുഭലക്ഷണങ്ങൾ കാണുന്നു. വിദേശ ജോലി ലഭിക്കാൻ ഇടയുണ്ട്. മാതാപിതാക്കളുടെ സ്വത്തുക്കൾ കൈവശം വന്നു ചേരുന്നതാണ്. ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കുന്നതു കൊണ്ട് ആത്മവിശ്വാസം വർധിക്കും.
ആയില്യം: സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച കാണുന്നു. തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയം ഉണ്ടാവും. ആരോഗ്യ സംബന്ധമായി അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകൾ മാറിക്കിട്ടുന്നതാണ്. വാക് സാമർഥ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. ഗുരുസ്ഥാനീയരെ ആരാധിക്കാനിടവരും.
മകം: ചില ദുർബലാവസ്ഥ ആരോഗ്യ കാര്യങ്ങളിൽ വരാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വ്യാപാര ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാങ്ങിക്കുവാനിടയുണ്ട്. ദീർഘയാത്രകൾ ചെയ്യുവാനുള്ള യോഗം കാണുന്നു. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുവാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവു.
പൂരം: പ്രവൃത്തിരംഗത്ത് ജോലിഭാരം കൂടും. സുഹൃദ് ബന്ധങ്ങൾ വർധിക്കുമെങ്കിലും നിലവിലുള്ള സുഹ്യത്തുക്കളുമായി അകൽച്ചയുണ്ടാകും. വസ്തു സംബന്ധമായ തർക്കങ്ങൾ പരിഹരിക്കും. സന്താനത്തിന് ദൂരദേശത്ത് തൊഴിൽ യോഗം കാണുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യുന്നതാണ്.
ഉത്രം: ആഡംബര ചെലവുകൾ വർധിക്കും. ചെയ്യുന്ന ജോലിയിൽ ആത്മാർഥതയും സമർപണവും ഉണ്ടാക്കാൻ ശ്രമിക്കുക. ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. തങ്ങൾക്കറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്.
അത്തം: സ്ത്രീകളുമായുള്ള അമിതമായ ഇടപെടലുകൾ മൂലം പല തെറ്റിദ്ധാരണകളും ഉണ്ടാകും. പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ നേരിടുക. ആജ്ഞാശേഷി വർധിപ്പിക്കുക. സന്താനങ്ങളുടെ ഭാവികാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. യാത്രകൾ കരുതലോടെയാവണം. കൊടുക്കൽ വാങ്ങലുകളിൽ നഷ്ടം സംഭവിക്കാം.
ചിത്തിര: കുടുംബ കാര്യങ്ങളെക്കുറിച്ച് ഓർത്ത് മനസ്സ് വ്യാകുലപ്പെടും. സ്വജനങ്ങളുമായി പിണങ്ങാൻ ഇടയുണ്ട്. പൊതു പ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കാം. ഇവയെല്ലാം മനസ്സിനെ വല്ലാതെ വിഷമിപ്പിക്കും. പ്രതിസന്ധിയിൽ തളരാതെ പ്രവർത്തിക്കണം. കോപം നിയന്ത്രണ വിധേയമാക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം.
ചോതി: തൊഴിലിൽ വിരസത ഉണ്ടാവാതെ നോക്കണം. ഒരിടത്ത് ഉറച്ചു നിന്നാൽ മാത്രമെ ഏത് കാര്യവും ഫലപ്രാപ്തിയിലെത്തിക്കുവാൻ കഴിയു. ചഞ്ചലമായ മനസ്സ് എല്ലാ കാര്യങ്ങളിലും തടസ്സവും താമസ്സവുമുണ്ടാക്കും. ചില ദുഷ്പേര് ഉണ്ടാവാതെ നോക്കണം. പിതാവിന് മനോദുഃഖമുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യരുത്.
വിശാഖം: തൊഴിൽ രംഗത്ത് ഉണർവും ഊർജ് സ്വലതയും കൈവരും. ചിലരുടെ സ്വാർഥ താല്‍പര്യത്തിനു വേണ്ടി വഴങ്ങുന്നതു മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. പല കാര്യത്തിലും ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും. ചെലവുകൾ അധികരിക്കുമെങ്കിലും വരുമാനം കൊണ്ട് അത് പരിഹരിക്കാൻ കഴിയുന്നതാണ്.
അനിഴം: അനാവശ്യ ചിന്തകൾ ഒഴിവാക്കണം. സംസാരത്തിൽ തികഞ്ഞ സാത്വികഭാവവും നിയന്ത്രണവും കൊണ്ടു വരാൻ ശ്രമിക്കണം. മറ്റുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറ്റെടുക്കേണ്ടിവരും. പൊതു രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാകും. തൊഴിൽ തർക്കങ്ങൾ പരിഹരിക്കും. കുടുംബ കാര്യങ്ങളിൽ നിർണായകമായ തീരുമാനങ്ങളെടുക്കും.
തൃക്കേട്ട: അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടരുത്. മേലുദ്യോഗസ്ഥർ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കും. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. പണം കടം കൊടുക്കരുത്. ആത്മസംഘർഷം മൂലം ചില സന്ദർഭങ്ങളിൽ മനസ്സ് അസ്വസ്ഥമാകുന്നതാണ്. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
മൂലം: തൊഴിൽ മാറ്റത്തിന് സഹായം ലഭിക്കും. സന്താനങ്ങൾക്ക് മേൻമയുള്ള ജീവിത സൗഭാഗ്യം ലഭിക്കും. ഭൂമി സംബന്ധമായ വഴക്കുകൾ രമ്യമായി പരിഹരിക്കും. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഉറ്റമിത്രങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. വിദ്യാഭ്യാസ രംഗത്ത് നേട്ടം കാണുന്നു.
പൂരാടം: പുത്തൻ ധനാഗമ മാർഗങ്ങൾ കണ്ടെത്തും. സ്വന്തക്കാരുടെ ഇടപാടുകളിൽ സാമ്പത്തിക ബാധ്യത വരാതെ നോക്കണം. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ ത്യാഗങ്ങൾ സഹിക്കേണ്ടി വരും. സ്നേഹം നടിച്ച് അടുത്തു കൂടുന്ന വരെ ശ്രദ്ധിക്കണം. വിദേശത്ത് നിന്നും ശുഭവാർത്ത കേൾക്കും. ശത്രു പീഡയിൽ ശമനമുണ്ടാകും.
ഉത്രാടം: വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. പെട്ടെന്നുള്ള തീരുമാനങ്ങൾ ദോഷങ്ങൾ ഉളവാക്കും. ഉദരരോഗങ്ങൾ ശല്യപെടുത്തിയേക്കാം. ഈശ്വരാനുഗ്രഹവും ധനലാഭവും കാണുന്നു. വസ്തു സംബന്ധമായ തർക്കങ്ങൾ ഒരു പരിധിവരെ പരിഹരിക്കുന്നതാണ്. ചില ബന്ധങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉണ്ട്.
തിരുവോണം: ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം. ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും. ദൈവാധീനം ഉള്ളതുകൊണ്ട് അവിചാരിതമായി വന്നനുഭവിക്കുന്ന ആപത്തുകളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. വ്യവസായം നവീകരിക്കുന്നതിന് നിർദേശം തേടും.
അവിട്ടം: വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. ഔദ്യോഗിക രംഗത്ത് മേലുദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കുമെങ്കിലും ചില ക്ലേശാനുഭവങ്ങളും ഉണ്ടാകും. ചെലവ് അധികരിച്ചു വരും. എന്നാൽ അവസരങ്ങൾ നന്നായി ഉണ്ടാകും. ചില അബദ്ധങ്ങളിൽ ചെന്നു ചാടുവാനിടയുണ്ട്. പുണ്യകർമങ്ങൾ ചെയ്തും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചും വിഘ്നേശ്വര പ്രീതി നേടുകയും ചെയ്താൽ സർവ ദോഷങ്ങളും മാറി കിട്ടും.
ചതയം: വ്യാപാരരംഗത്ത് പഴയ പ്രതാപം വീണ്ടെടുക്കും. പരീക്ഷകളിൽ ആഗ്രഹാനുസരണമുള്ള വിജയ ലഭ്യതയുണ്ടാകും. ശത്രു ദോഷം കുറയുമെങ്കിലും അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കാൻ ഇടയുണ്ട്. മറ്റുള്ളവർക്ക് സംശയമുണ്ടാകുന്ന പ്രവൃത്തികൾ ഒഴിവാക്കണം.
പൂരൂരുട്ടാതി: പ്രതീക്ഷിക്കാത്തവരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ അനുകൂല സാഹചര്യം ലഭിക്കും. സുഹൃത്തുക്കളിലും പരിചാരകരിലും അമിത വിശ്വാസം അർപ്പിക്കാതിരിക്കുക. രക്ത രോഗവും ഉഷ്ണ രോഗവും വിഷമസ്ഥിതി സംജാതമാക്കും. അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും.
ഉത്തൃട്ടാതി: ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ ലക്ഷ്യപ്രാപ്തി നേടും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ നോക്കണം. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്. വന്നു ചേരുന്ന അവസരങ്ങൾ വേണ്ട വിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. സഹാദരങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുമെങ്കിലും അവരുടെ പെരുമാറ്റം തീർത്തും ദോഷകരമായിരിക്കും.
രേവതി: മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സാമ്പത്തിക ഭാരം അധികരിക്കും എന്നാൽ തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പണവും ആഭരണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടങ്ങൾക്ക് വഴിയൊരുക്കും. പ്രവർത്തന മണ്ഡലങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും.
ജ്യോതിഷി പ്രഭാസീന സി പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenac@gmail.com