ഭരണി നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
ചിങ്ങം:പുനഃപരീക്ഷയിൽ വിജയശതമാനം കൂടിയതിനാൽ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ മാറി സുസ്ഥിരവും ശോഭനവുമായ അവസ്ഥ കൈവരും. അധികാരപരിധി വർധിച്ചതിനാൽ അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. ജന്മനാട്ടിൽ ഓണാഘോഷം ബന്ധുക്കളോടൊപ്പം മംഗളകരമാക്കുവാൻ അവസരം വന്നുചേരും.
കന്നി:ആത്മനിയന്ത്രണത്തോടു കൂടിയുളള സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. സഹോദരങ്ങൾക്ക് അൽപം അരിഷ്ടകാലമാണ്. അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടും. ശത്രുതാമനോഭാവത്തിലായിരുന്നവർ സൗഹൃദത്തിലെത്തും. വിദ്യയും വിജ്ഞാനവും മറ്റുളളവർക്കു പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
തുലാം:സഹപ്രവർത്തകർക്കു സ്ഥലംമാറ്റമായതിനാൽ ചുമതലകൾ കൂടും. വസ്തുതർക്കം രമ്യമായി പരിഹരിക്കപ്പെടും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. അമിതാവേശങ്ങൾക്ക് ആത്മനിയന്ത്രണം നിർബന്ധമായും വേണം. വ്യവസ്ഥകൾ പാലിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.
വൃശ്ചികം:അലസരായ ജോലിക്കാരെ ഒഴിവാക്കി കർമോത്സുകരായവരെ നിയമിക്കും. ഭക്ഷണക്രമീകരണങ്ങളിലുളള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സന്ധിവേദനയ്ക്ക് ആയുർവേദ–പ്രകൃതി ചികിത്സകൾ തുടങ്ങും. വിവിധ പ്രവൃത്തിമേഖലകളിൽ ഏർപ്പെടുന്നതിനാൽ അനുഭവജ്ഞാനവും പ്രവൃത്തിപരിചയവും നേടും. സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിയുന്നതിനാൽ അനിഷ്ടാവസ്ഥകൾ ഒഴിവാകും.
ധനു:നിയമവിരുദ്ധ നടപടികളിൽ നിന്നു യുക്തിപൂർവം പിന്മാറും. ഇച്ഛാ–ജ്ഞാന–ക്രിയാശക്തികൾ സമന്വയിപ്പിച്ചുകൊണ്ടുളള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സത്യാവസ്ഥ മനസ്സിലാക്കാതെ അന്യരെ പഴിക്കുന്ന ശീലം ഉപേക്ഷിക്കണം. വസ്തുസംബന്ധമായ തർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യ മായി ഇടപെട്ട് അബദ്ധങ്ങൾ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
മകരം:സത്യാവസ്ഥ ബോധിപ്പിച്ചാലും മറ്റുള്ളവർക്കു യഥാർഥമെന്നു തോന്നുകയില്ല. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. ഗതാഗതനിയമം പാലിക്കാത്തതിനാൽ പിഴ അടയ്ക്കേണ്ടിവരും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും. ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും.
കുംഭം:സാധുകുടുംബത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനു സാമ്പത്തികസഹായം ചെയ്യാൻ അവസരമുണ്ടാകും. സഹോദര–സുഹൃത് സഹായത്താൽ ഉദ്യോഗം ലഭിക്കും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും ശമ്പളം കൃത്യസമയത്തു ലഭിച്ചെന്നുവരില്ല.
മീനം:സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മവിമർശനത്താൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറി രക്ഷിതാക്കൾ നിശ്ചയിക്കുന്നതിനു തയാറാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിക്കാൻ സഹായകമാകും. ശുഭകർമങ്ങൾക്കും സൽക്കർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും.
മേടം:സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും. വിദേശത്തുള്ളവർക്കു ബന്ധുക്കളെ അങ്ങോട്ടു കൊണ്ടുപോകാൻ സാധിക്കും. മുൻകോപമുളള മേലധികാരിയുടെ സ്ഥലംമാറ്റം ആശ്വാസമുണ്ടാക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും.
ഇടവം:സംതൃപ്തിയുളള വീടു വാങ്ങി താമസിച്ചുതുടങ്ങും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ ജാഗ്രത വേണം. സഹപ്രവർത്തകനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. മുൻകോപം നിയന്ത്രിക്കണം. അശുഭചിന്തകളും ദുസ്സംശയങങളും ഒഴിവാക്കണം. പൂർവികസ്വത്ത് ഭാഗം വയ്ക്കാനിടവരും. പരീക്ഷയിൽ വിജയശതമാനം കുറയും.
മിഥുനം:മനശ്ചാഞ്ചല്യത്താൽ യുക്തമായ തീരുമാനം കൈക്കൊള്ളാൻ സുഹൃത്സഹായം തേടും. നല്ല ചിന്തകളാൽ സജ്ജനസംസർഗം ഉണ്ടാകും. ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. സങ്കുചിതമനോഭാവം ഉപേക്ഷിച്ച് വിശാലമനഃസ്ഥിതിയോടു കൂടിയ സമീപനം സൽക്കീർത്തിക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും. ഭയ–ഭക്തി–ബഹുമാനത്തോടു കൂടി കാര്യങ്ങൾ ചെയ്യാൻ കഴിയും.
കർക്കടകം:അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഒരേ സമയം ഒട്ടേറെ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും.