സമ്പൂർണ ചിങ്ങമാസഫലം ഒറ്റനോട്ടത്തിൽ : കാണിപ്പയ്യൂർ
Mail This Article
അശ്വതി:ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടി വരും. കാർഷികമേഖലയിൽ ആദായം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കും. ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ വളരെ പരിശ്രമം വേണ്ടി വരും.
ഭരണി:പുനഃപരീക്ഷയിൽ വിജയശതമാനം കൂടിയതിനാൽ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ മാറി സുസ്ഥിരവും ശോഭനവുമായ അവസ്ഥ കൈവരും. അധികാരപരിധി വര്‍ധിച്ചതിനാൽ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. ജന്മനാട്ടിൽ ഓണാഘോഷം ബന്ധുക്കളോടൊപ്പം മംഗളകരമാക്കുവാൻ അവസരം വന്നു ചേരും.
കാർത്തിക :വിജയസാധ്യതകളെപ്പറ്റി വിലയിരുത്തി പൊതുജന ആവശ്യം അന്വേഷിച്ചറിഞ്ഞ് പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും.
രോഹിണി :പുനഃപരീക്ഷയില്‍ വിജയശതമാനം കൂടും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും.
മകയിരം :വർഷങ്ങൾക്കു ശേഷം മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കും. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറും. പൊതുവേ സുഖദുഃഖമിശ്രമായ ഫലങ്ങളാണ് ഈ മാസം അനുഭവപ്പെടുക. അറിവുള്ള കാര്യങ്ങളാണെങ്കിലും ചിലതു മറന്നു പോകും. വീഴ്ചകള്‍ ഉണ്ടാകാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണു നല്ലത്.
തിരുവാതിര :അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
പുണർതം :നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. ആഗ്രഹിച്ച പോലെ സന്താനഭാഗ്യമുണ്ടാകും. അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം.
പൂയം :ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസം ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും.
ആയില്യം :പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗം ലഭിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടു കൂടി അനുഭവത്തിൽ വന്നു ചേരും. അന്യദേശത്തു വസിക്കുന്നവർക്ക് തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞു മാറി ഗൃഹം വാങ്ങി താമസിക്കുവാൻ സാധിക്കും. വ്യാപാര– വ്യവസായ– വിപണന മേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തിക നേട്ടവും അനുഭവപ്പെടും.
മകം:യാത്രാക്ലേശവും ദൂരദേശവാസവും വേണ്ടി വരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടി വരുമെങ്കിലും അനുഭവഫലം കുറയും. നിയന്ത്രണങ്ങൾക്കു വിധേയനായി ഉപരിപഠനത്തിനു ചേരുവാനിടവരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. ഭയ– ഭക്തി– ബഹുമാനത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമനിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും.
പൂരം:പുണ്യതീർഥയാത്രയ്ക്ക് അവസരം വന്നു ചേരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടി വരുമെങ്കിലും അനുഭവഫലം കുറയും. സൗഹൃദസംഭാഷണത്തിൽ പുതിയ ആശയങ്ങൾ വന്നു ചേരും. നിയന്ത്രണങ്ങൾക്കു വിധേയനായി ഉപരിപഠനത്തിനു ചേരുവാനിടവരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.
ഉത്രം:വ്യാപാര–വിപണന– വിതരണ–വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി ഉണർവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിജ്ഞാനം നേടാനും നൽകാനും അവസരമുണ്ടാകും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
അത്തം:ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി അവതരിപ്പിക്കാൻ സാധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും അനുകൂലഫലങ്ങൾ വന്നു ചേരും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. സഹപ്രവർത്തകരോടൊപ്പം ഓണം ആഘോഷിക്കാൻ അവസരമുണ്ടാകും.
ചിത്തിര :സത്യസന്ധവും നീതിയുക്തവുമായ സമീപനത്താൽ ആദരം ലഭിക്കും. ഫലപ്രദമായ നിർദേശങ്ങൾ സ്വീകരിച്ചു തുടങ്ങുന്ന തൊഴിൽ മേഖലകളിൽ നിന്ന് അൽപം കഴിഞ്ഞാലെങ്കിലും സാമ്പത്തികനേട്ടമുണ്ടാകും. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനിടവരും. അനുഭവഫലമുണ്ടാകാൻ അൽപം കാലതാമസമുണ്ടാകും. വിനോദയാത്ര മംഗളകരമാകും.
ചോതി:ജീവിത നിലവാരം ഉയരുമെങ്കിലും അമിതമായ സാമ്പത്തികച്ചെലവുകളും അഹംഭാവവും ഉപേക്ഷിക്കണം. ആശയങ്ങളും ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചു ചെയ്യുന്നതു സ്വന്തം ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ലെങ്കിലും അന്യർക്കു വേണ്ടി ചെയ്യുന്നതു ഫലപ്രദമാകും. ഉദ്ദേശിച്ച് വിഷയത്തിൽ നിന്നു വ്യതിചലിച്ച് ഉപരിപഠനത്തിനു ചേരേണ്ടി വരും.
വിശാഖം:സന്തോഷമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നു ചേരും. കൂടുതല്‍ വലിയ വീടു വാങ്ങി താമസിച്ചു തുടങ്ങും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും.
അനിഴം :നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. ആസൂത്രിതപദ്ധതികളിൽ വിജയവും ലക്ഷ്യപ്രാപ്തിയും കൈവരും. ഭാഗത്തിൽ ലഭിച്ച പൂർവിക സ്വത്തിൽ ഗൃഹനിർമാണം പൂർത്തിയാക്കും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കും. അതിലൂെട വിജയവും സമാധാനവും സ്വസ്ഥതയും അനുഭവപ്പെടും.
തൃക്കേട്ട :ഓണാഘോഷം കലാകായികമത്സരങ്ങളോടൊപ്പം മംഗളകരമാക്കുവാൻ നേതൃത്വം നൽകും. ബൃഹത്തായ വികസനപദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടുവാൻ ഇടവന്നതിനാൽ ആത്മാഭിമാനം തോന്നും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
മൂലം:വിദ്യാർഥികൾക്ക് അനുസരണമില്ലായ്മ, ഉദാസീനമനോഭാവം, ശ്രദ്ധക്കുറവ് തുടങ്ങിയവ കൂടും. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഉൾപ്രേരണയുണ്ടാകും. പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങളും തുടങ്ങി വയ്ക്കും. നീതിയുക്തമായ തീരുമാനവും പ്രവർത്തനങ്ങളും അപര്യാപ്തതകളെ അതിജീവിക്കുവാൻ ഉപകരിക്കും.
പൂരാടം :ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ കുടുംബത്തിലെ അകാരണ കലഹങ്ങൾ ഒഴിവാകും. വാത–നീർദോഷ–പ്രമേഹരോഗങ്ങൾക്ക് ചികിത്സയും വ്യായാമവും വേണ്ടി വരും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഭാവിയിലേക്കു ഗുണകരമാകും. ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും.
ഉത്രാടം :വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണുവാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾക്കു രൂപം നൽകാൻ കഴിയും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. ജന്മനാട്ടിൽ ഓണാഘോഷം മംഗളകരമായി ആചരിക്കുവാൻ സാധിക്കും.
തിരുവോണം:ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ കുടുംബത്തിലെ അകാരണകലഹങ്ങൾ ഒഴിവാകും. വാത–നീർദോഷ–പ്രമേഹരോഗങ്ങൾക്കു ചികിത്സയും വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടി വരും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഗുണകരമാകും. ഈശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും.
അവിട്ടം :ഉന്നതരുടെ ആശയങ്ങള്‍ ജീവിതത്തിൽ പകർത്തുവാൻ അവസരമുണ്ടാകും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. വ്യവഹാരത്തിൽ വിജയമുണ്ടാകും. ഉപരിപഠനത്തിന് അനുസരിച്ച ഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികച്ചുമതലകളും യാത്രാക്ലേശവും കൂടും. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധത്തിൽ ജീവിക്കുന്നതിൽ ആത്മാഭിമാനം തോന്നും.
ചതയം :ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കുവാൻ അഹോരാത്രം പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും വേണ്ടി വരും. വിദ്യാർഥികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകും. പുനഃപരീക്ഷയില്‍ ഉന്നത വിജയം ഉണ്ടാകും. പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക തുടങ്ങിയവ മൂലം മനസ്സമാധാനം കുറയും.
പൂരുരുട്ടാതി:ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഭാവിയിലേക്കു ഗുണകരമാകും. ഈശ്വരപ്രാർഥനകളാൽ പരീക്ഷയിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണു നല്ലത്. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ബന്ധുമിത്രാദികളോടൊപ്പം വീടു വിട്ട് ഓണം ആഘോഷിക്കും.
ഉത്തൃട്ടാതി :പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിത രീതി അവലംബിക്കും. യാഥാർഥ്യം മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
രേവതി :പ്രലോഭനങ്ങളിൽ പെടാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ബന്ധുമിത്രാദികളിൽ നിന്നു തൃപ്തികരമല്ലാത്ത സമീപനം വന്നു ചേരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു ഭാവിയിലേക്കു നല്ലത്. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളിൽ യുക്തിയുക്തം സ്വീകരിക്കുന്ന നിലപാട് അനുകൂലവിജയത്തിനു വഴിയൊരുക്കും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളാൽ പദ്ധതികള്‍ പൂർത്തിയാക്കും. അങ്ങനെ അനുമോദനങ്ങൾ വന്നു ചേരും.