മകം നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
മകം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:യാത്രാക്ലേശവും ദൂരദേശവാസവും വേണ്ടിവരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കക്ഷിരാഷട്രീയപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരുമെങ്കിലും അനുഭവഫലം കുറയും. നിയന്ത്രണങ്ങൾക്കു വിധേയനായി ഉപരിപഠനത്തിനു ചേരുവാനിടവരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. ഭയ–ഭക്തി–ബഹുമാനത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമനിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും.
കന്നി:പുരോഗതിയില്ലാത്ത ഗൃഹം വിൽക്കുവാൻ തയാറാകും. ഒരു പരിധിയിലധികം പണം കുറച്ച് കൊണ്ടേറ്റെടുക്കുന്ന കർമപദ്ധതികൾ നഷ്ടങ്ങൾക്കു വഴിയൊരുക്കും. ജീവിതപങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിനു സാധ്യതയുണ്ട്. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ധ നിർദേശം വേണ്ടിവരും.
തുലാം:തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് മാനസികസമ്മർദം വർധിക്കും. വ്യാപാര–വ്യവസായ–വിപണന–വിതരണമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. സംയുക്തസംരംഭങ്ങളിൽ നിന്നു പിൻമാറുവാനിടവരും. പലവിധ വിശേഷ അവസരങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കുമായി പലപ്പോഴുമായി ജന്മനാട്ടിൽ വന്നുപോ കുവാനിടവരും. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിതവൃത്തി നയിക്കുന്നതിൽ ആത്മാഭിമാനം തോന്നും.
വൃശ്ചികം: കർമമേഖലകളിൽ അത്യധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാകുകയില്ല. നവദമ്പതികളെ ആശീർവദിക്കാൻ അവസരമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ദീർഘകാലപദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വർഷങ്ങൾക്കു മുന്പ് അപേക്ഷിച്ച വിദേശസ്ഥിരതാമസാനുമതി ലഭിക്കും.
ധനു:അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരി. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും.
മകരം:സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാനവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനം നിർവഹിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത–നാഡീരോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും.
കുംഭം:വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടംകൊടുത്ത സംഖ്യ ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. കീഴ്ജീവനക്കാരുടെ കുതന്ത്രങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും.
മീനം:പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ജോലിരംഗത്തു കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും.
മേടം:നിയുക്തപദവിയിൽ സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. തടസ്സങ്ങളെ അതിജീവിച്ച് കാര്യവിജയം നേടുവാൻ കഴിയും. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
ഇടവം:വിജ്ഞാനം നേടാനും പകർന്നുകൊടുക്കുവാനുമിടവരും. പ്രയത്നങ്ങൾ ക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക തുടങ്ങിയവ അംഗീകാരത്തിനു വഴിയൊരുക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും.
മിഥുനം:വാക്കും പ്രവൃത്തിയും കൂടി വ്യത്യസ്തമാവാതെ സൂക്ഷിക്കണം. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. അവധിയെടുത്ത് വിശ്രമം വേണ്ടിവരും. വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും.
കർക്കടകം:ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി–വാത–നീർദോഷ രോഗങ്ങൾ സ്വസ്ഥത കുറയ്ക്കും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ- ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. മേലധികാരി ചെയ്ത അബദ്ധങ്ങൾക്ക് വിശദീകരണം നൽകേണ്ടിവരും. വരവും ചെലവും തുല്യമായിരിക്കും. വാഹനഉപയോഗത്തിൽ ജാഗ്രത വേണം.