ADVERTISEMENT

ഉത്രം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:വ്യാപാര–വിപണന–വിതരണ–വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി ഉണർവും സാമ്പത്തികനേട്ടവും ഉണ്ടാകും. വിജ്ഞാനം നേടാനും നൽകാനും അവസരമുണ്ടാകും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കന്നി:ഉത്തേജനമരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. അഭ്യൂഹങ്ങൾ പലതും കേൾക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാ തെ പ്രതികരിക്കരുത്. ദേഹത്തിനു തളർച്ച, പക്ഷവാതം തുടങ്ങിയവയ്ക്ക് ചികിത്സ വേണ്ടിവരും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

തുലാം:സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ വീടു വാങ്ങി താമസിച്ചുതുടങ്ങും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ഈശ്വരപ്രാർഥനകളാലും ആയുർവേദ –പ്രകൃതി ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പാരമ്പര്യപ്രവൃത്തികൾക്കു പരിശീലനം നേടി പ്രവർത്തനതലത്തിൽ കൊണ്ടുവരും.

വൃശ്ചികം:ജനോപകാരപ്രദമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് ആശ്വാസത്തിനും മനസ്സംതൃപ്തിക്കും അംഗീകാരത്തിനും വഴിയൊരുക്കും. സത്യസന്ധമായ പ്രവർത്തനങ്ങൾ വിമർശനങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ഏകാഗ്രതയോടും ദീർഘസമഗ്രവീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

ധനു:പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകുംവിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണശക്തി തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. മേലധികാരിയുടെ തെറ്റിദ്ധാരണ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. ഉല്ലാസ–പുണ്യതീർഥ–ദേവാലയദർശന യാത്രകൾക്ക് അവസരമുണ്ടാകും.

മകരം:വാഹനം മാറ്റിവാങ്ങും. അനാവശ്യമായ ആധി ഉപേക്ഷിക്കണം. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടുപോകും. സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും.

കുംഭം:കൂടുതൽ പ്രവർത്തിച്ച് അൽപം അനുഭവഫലങ്ങൾ ഉണ്ടാകുവാനാണു യോഗം കാണുന്നത്. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

മീനം:സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ ഉണ്ടാകും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. സൂക്ഷ്മതക്കുറവു കൊണ്ടു വാഹനാപകടമുണ്ടാകും. അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി, വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം സംജാതമാകും. സജീവസാന്നിധ്യത്താൽ വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞുപോകും.

മേടം:റോഡുവികസനത്തിനു ഭൂമി വിട്ടുകൊടുക്കുവാനിടവരും. ദുരാചാരങ്ങൾ ഉപേക്ഷിച്ച് സദാചാരപ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനമുണ്ടാകും. നഷ്ടസാധ്യതകൾ വിലയിരുത്തി ചില കർമമമണ്ഡലങ്ങളിൽ നിന്നു വിട്ടുനിൽക്കും. ആരോഗ്യകാര്യങ്ങളിൽ ചികിത്സ വേണ്ടിവരും.

ഇടവം:ആസൂത്രിതപദ്ധതികളിൽ അന്തിമമായി അനുകൂലവിജയവും അനുഭവവും ഉണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ച് പ്രവർത്തിച്ചാൽ തൊഴിൽമേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുടെ അതൃപ്തി കാരണത്താൽ മാറിത്താമസിക്കാനിടവരും.

മിഥുനം:ഈശ്വരപ്രാർഥനകളാലും ചിന്തിച്ചു പ്രവർത്തിക്കുന്നതിനാലും അബദ്ധങ്ങൾ ഒരുപരിധിവരെ ഒഴിവാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരാൾ ഉദ്യോഗം ഉപേക്ഷിക്കേണ്ടതായി വന്നേക്കും. ഉപകാരം ചെയ്തുകൊടുത്ത ബന്ധുക്കൾ വിരോധികളായിത്തീരും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് അപമാനം വന്നുചേരും. ആഡംബര, ആർഭാടങ്ങൾ ഒഴിവാക്കുവാൻ നിർബന്ധിതനാകും.

കർക്കടകം:നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. ജലോദ്ഭവ–ജലാശ്രിതപ്രവൃത്തികളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും. അവിചാരിതമായ തടസ്സങ്ങളെ അതിജീവിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും.

English Summary:

1200 Yearly Prediction for Birth Star Uthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com