ADVERTISEMENT

ഒക്ടോബർ 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.  

അശ്വതി: സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. വിദ്ഗദമായ ഉപദേശവും നിർദേശവും സ്വീകരിച്ച് പുതിയ കരാറു ജോലികൾ ഏറ്റെടുക്കുവാനിടവരും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.

ഭരണി: കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. കുടുംബസംരംക്ഷണ ചുമതല ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. ആദരണീയരായവരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ ചെയ്യുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യാപാര വിപണനങ്ങളിൽ മാറ്റം വരുത്തും.

കാർത്തിക: സങ്കീർണമായ വിഷയങ്ങളാണ് എങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. ആപത്ഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായി വരും. അപ്രതീക്ഷിതമായി പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും.

രോഹിണി: നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ആധ്യാത്മിക ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ഊർജസ്വലതയോടുകൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമപരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും.

മകയിരം: പഠിച്ച വിദ്യയോടനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഈശ്വര പ്രാർഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാര വ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ചിന്തകൾക്കതീതമായ കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം.

തിരുവാതിര: പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. അശ്രാന്ത പരിശ്രമത്താൽ അനുഭവഫലമുണ്ടാകും.

പുണർതം: ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. ആജ്ഞാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പലപ്പോഴും യാഥർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആശ്വാസം തോന്നും. ജീവിത പങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേകം ഈശ്വരപ്രാർഥനകൾ നടത്തും.

പൂയം: പഠിച്ച വിദ്യപ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. ഉദരവാദിത്വമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും സമാധാനവും തോന്നും. വിശാല മന:സ്ഥിതിയോടു കൂടി ഏറ്റെടുക്കുന്നതും അവലംബിക്കുന്നതുമായുള്ള കാര്യങ്ങളിൽ അനുകൂലമായ വിജയമുണ്ടാകും. സാഹചര്യങ്ങളാൽ ദുഃശ്ശീലങ്ങൾ ഒഴിവാക്കി സദ്ശീലങ്ങൾ സ്വീകരിക്കും.

ആയില്യം: അർഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്ക് വഴിയൊരുക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ആധ്യാത്മിക - ആത്മീയ ചിന്തകളും ഈശ്വരചിന്തകളും അനാവശ്യ വിചാരങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും. മക്കളുടെ ഉന്നതവിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും.

മകം: വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കും. വിമർശനങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. മാറ്റിവച്ച വിദൂര പുണ്യതീർഥ ദേവാലയ യാത്ര സഫലമാകും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. മംഗളകർമങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും.

പൂരം: സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കും. രക്ത സമർദത്താൽ മുൻകോപം വർധിക്കുന്നത് നിയന്ത്രിക്കണം. പിതൃസ്വത്തിനെക്കുറിച്ച് സഹോദരങ്ങളുടെ ഇടയിൽ ഉയർന്നുവന്ന അനാവശ്യ തർക്കം ഫലപ്രദമായ രീതിയിൽ പരിഹരിക്കാൻ നോക്കണം. അധികാരങ്ങളും പണമിടപാടുകളും മറ്റൊരാളെ ഏൽപ്പിച്ചു കൊണ്ടുള്ള വ്യാപാരവ്യവസായങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് നല്ലത്.

ഉത്രം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യതയുള്ള സമീപനത്താൽ സാധ്യമാകും. വിട്ടു വീഴ്ചാ മനോഭാവം സ്വീകരിച്ചാൽ ദാമ്പത്യ ബന്ധം പുന:സ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വർധിച്ചു വരുന്ന ചെലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. സഹപ്രവർത്തകർക്ക് സ്ഥലം മാറ്റമായതിനാൽ ചുമതലകൾ വർധിക്കും.

അത്തം: വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്ഷമാശീലത്തോടു കൂടിയ പ്രതികരണം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. ആർഭാടങ്ങൾക്കും ദുർവ്യയങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതുവഴി സാമ്പത്തിക നേട്ടമുണ്ടാകും പ്രതിസന്ധികൾ അഭിമുഖീകരിക്കുവാൻ ജീവിതപങ്കാളിയുടെ ആശയങ്ങൾ ഉപകരിക്കും.

ചിത്തിര: പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടതായി വരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നും പിൻമാറുകയാണ് നല്ലത്. വ്യക്തി പ്രഭാവത്താലും സുതാര്യതയുള്ള പ്രവർത്തന ശൈലിയാലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. അബദ്ധമുള്ള സുഹൃത് ബന്ധത്തിൽ നിന്നും പിൻമാറുവാനുള്ള യുക്തി ഭാവിയിലേക്ക് ഗുണകരമാകും. മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.

ചോതി: മേലധികാരികളിൽ നിന്നും അതൃപ്തി വചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. സമാന ചിന്താഗതിയിലുള്ളവരുമായി സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. വിദ്യാർഥികൾ അലസത, ശ്രദ്ധക്കുറവ് എന്നിവ വരാതെ നോക്കണം. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും.

വിശാഖം: ഭൗതിക ജീവിതത്തോടൊപ്പം ആധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദേശം തേടും. പുത്രപൗത്രാദികളുടെ സംരക്ഷണം മന:സ്സമാധാനത്തിനും ആത്മാഭിമാനത്തിനും വഴിയൊരുക്കും. സുതാര്യതയുള്ള സമീപനത്താൽ വിമർശനങ്ങളെ അതിജീവിക്കും.

അനിഴം: നടപടി ക്രമങ്ങളിൽ കൃത്യത പാലിക്കും. ഭക്തിപുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.

തൃക്കേട്ട: സ്വയം നിക്ഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്. അസൂയ–മത– മാത്സര്യങ്ങളിൽ നിന്നും പിൻമാറുവാനുള്ള ആത്മ പ്രചോദനം ഭാവിയിലേക്ക് ഗുണകരമാകും. ആത്മാർഥ സുഹൃത്തിന്റെ ഉപദേശത്താൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന തൊഴിൽ മേഖലകൾ തുടങ്ങും.

മൂലം: നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. പരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അർപണമനോഭാവവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും.

പൂരാടം: കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഗവേഷകർക്കും ശാസത്രജ്ഞർക്കും വിദ്യാർഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. നിസ്സാര ചികിത്സകളാൽ രോഗ വിമുക്തി ഉണ്ടാകും.

ഉത്രാടം: ആത്മവിശ്വാസവും കൃത്യനിർവഹണ ശക്തിയും കൂടും. ആരോപണങ്ങളിൽ നിന്നും കരകയറും. ഭക്തിമാർഗങ്ങളിൽ ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കുവാനിടയുണ്ട്. ഉന്നത വ്യക്തികളുമായി ദൃഢമായ ബന്ധം ഉണ്ടാകും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

തിരുവോണം: കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറിക്കിട്ടും. ദാനധർമങ്ങൾ ചെയ്യും. സ്വജനങ്ങളുടെ സഹായം വർധിക്കും. എന്നാൽ അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. ഈശ്വരചിന്ത വർധിപ്പിക്കണം. കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കും. അരോഗ്യ ശ്രദ്ധ വേണം.

അവിട്ടം: പാഴ്ചെലവുകൾ നിയന്ത്രിക്കുക. അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കും. വാഗ്ദാനത്തിൽ ഏർപ്പെടരുത്. വസ്തുസംബന്ധമായ ഇടപാടുകൾക്ക് കാലതാമസം ഉണ്ടാകും. അലസത വെടിയണം. വഞ്ചനയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ശത്രുഭേദമന്യേ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കരുത്.

ചതയം: ആകുല ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. യാത്രകൾ കഴിവതും കുറയ്ക്കുക. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം അസുഖങ്ങൾ നിസ്സാരമായി കാണരുത്. എതിർപ്പുകൾ ധാരാളം ഉണ്ടെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിനെയെല്ലാം അതിജീവിക്കും അവസരോചിതമായ ഇടപെടലുകൾ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവാകുന്നതാണ്.

പൂരൂരുട്ടാതി: സാമ്പത്തിക ഇടപാടിലെ തർക്കം വർധിപ്പിക്കാതെ നോക്കണം. സ്വജനങ്ങളുടെ നീരസമായ പ്രവർത്തിമൂലം മനോവിഷമം ഉണ്ടാകുന്നതാണ്. ശത്രുക്കൾ വർധിക്കും. കർമരംഗത്ത് കൂടുതൽ പരീക്ഷണങ്ങളെ നേരിടേണ്ടതായി വരും. അന്യ സ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം വരുത്തും. എല്ലാ കാര്യത്തിലും നല്ല ജാഗ്രത വേണം.

ഉത്തൃട്ടാതി: നിസ്സാര കാര്യങ്ങൾക്ക് പോലും കഠിന പ്രയത്‌നം വേണ്ടി വരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത്. യാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിച്ചാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം.

രേവതി: വിദ്യാർഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയ വർധിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. സാമ്പത്തിക പരാധീനതകളാൽ ജീവിതച്ചെലവ് നിയന്ത്രിക്കുവാനിടവരും. കളളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. വാക് ദോഷം വരാതെ നോക്കണം.


ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 2024 October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com