ലക്ഷദ്വീപിൽ ബവ്കോയ്ക്ക് വിൽക്കാം;‘ഫോർ സെയിൽ ഇൻ കേരള’ മദ്യം
Mail This Article
തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷന് ലക്ഷദ്വീപിലേക്ക് ‘ഫോർ സെയിൽ ഇൻ കേരള ഒൺലി’ ലേബൽ പതിപ്പിച്ച മദ്യക്കുപ്പികൾ അയയ്ക്കാം. ഇതിനു നിയമതടസ്സമില്ലെന്ന് എക്സൈസ് അറിയിച്ചു.
കയറ്റുമതിയായി കണക്കാക്കേണ്ടെന്നും ഗതാഗതം (ട്രാൻസ്പോർട്ടേഷൻ) എന്ന ഗണത്തിൽ പെടുത്തിയാൽ മതിയെന്നുമാണു തീരുമാനം. ഇതോടെ ഇക്കാര്യത്തിലെ സാങ്കേതിക തടസ്സങ്ങൾ താൽക്കാലികമായി നീങ്ങി.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹനത്തിനു പ്രവർത്തിക്കുന്ന ‘ സ്പോർട്സ് ’ എന്ന സർക്കാർ ഏജൻസിയുടെ അപേക്ഷ കണക്കിലെടുത്ത് ബവ്കോയിൽ നിന്നു ലക്ഷദ്വീപിലേക്ക് ഒറ്റത്തവണ മദ്യം നൽകുന്നതിനു സർക്കാർ ഒന്നരമാസം മുൻപ് അനുമതി നൽകിയിരുന്നു. ലേബലിങ് , നിരക്ക്, എന്നിവയിലും ‘കയറ്റുമതി’ എന്ന ഗണത്തിൽ വരുമോയെന്നതിലും സംശയങ്ങളുണ്ടായിരുന്നു. വെയർഹൗസിൽ നിന്നു ബാറുകൾക്കു നൽകുന്ന നിരക്ക് ഈടാക്കി, 2500 രൂപ പെർമിറ്റ് ഫീസും വാങ്ങിയാകും മദ്യം നൽകുക.
വീണ്ടും മദ്യം നൽകണമെങ്കിൽ സർക്കാർ വീണ്ടും ഉത്തരവിറക്കുകയോ ചട്ടങ്ങൾ ഭേദഗതി ചെയ്യുകയോ വേണ്ടിവരും. ബവ്കോയ്ക്കു നിലവിൽ മദ്യം കയറ്റുമതി ചെയ്യാൻ അനുവാദമില്ല.