ചൈനയെ കൈവിടാൻ നോക്കിയ; ഫാക്ടറി ഇന്ത്യയിലേക്ക്, കരുത്താകാൻ കേന്ദ്രത്തിന്റെ '40,000 കോടി' സ്കീമും
Mail This Article
നോക്കിയ ഫോണുകളുടെ നിർമാതാക്കളായ ഫിൻലൻഡ് കമ്പനി എച്ച്എംഡി ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഫാക്ടറി പ്രവർത്തനങ്ങൾ മാറ്റാനൊരുങ്ങുന്നു. ഘട്ടംഘട്ടമായാകും ഇത് നടപ്പാക്കുക. അസംസ്കൃതവസ്തു ശേഖരണം, വിതരണശൃംഖല, ചരക്കുനീക്കം എന്നിവ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയും ഇന്ത്യയെ കമ്പനിയുടെ മാനുഫാക്ചറിങ് ഹബ്ബാക്കുകയുമാണ് എച്ച്എംഡി ലക്ഷ്യമിടുന്നതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
യുഎസിൽ നിയുക്ത-പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്ന് സൂചിപ്പിച്ച പശ്ചാത്തലത്തിൽ കൂടിയാണ് എച്ച്എംഡിയുടെ തീരുമാനം. നിലവിൽ ഇന്ത്യയിൽ നിന്ന് എച്ച്എംഡി പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഫീച്ചർ ഫോണുകളും സ്മാർട്ഫോണുകളും കയറ്റുമതി ചെയ്യുന്നുണ്ട്. വൈകാതെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കും കയറ്റുമതി വർധിപ്പിക്കും. ഇന്ത്യയിൽ ഇപ്പോൾ ഡിക്സോൺ ടെക്നോളജീസാണ് എച്ച്എംഡിക്കുവേണ്ടി ഏറിയപങ്കും ഫോണുകൾ നിർമിക്കുന്നത്.
നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുന്ന 40,000 കോടി രൂപയുടെ ഇലക്ട്രോണിക് കോംപണറ്റ് മാനുഫാക്ചറിങ് സ്കീം പ്രകാരമുള്ള നേട്ടവും എച്ച്എംഡിക്ക് ഇന്ത്യയിൽ ലഭിച്ചേക്കും. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാക്കിയതോടെ ഇന്ത്യയിൽ സ്മാർട്ഫോണുകളുടെ ഉൽപാദനം വർധിക്കുകയും കയറ്റുമതി മെച്ചപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പുതിയ സ്കീമും കേന്ദ്രം ആലോചിക്കുന്നത്. നിലവിൽ ഇലക്ട്രോണിക്സ് കംപോണറ്റ് നിർമാണത്തിൽ ഇന്ത്യയുടെ മൂല്യവർധന 15-18 ശതമാനമാണ്. ഇത് 50 ശതമാനമാക്കി വർധിപ്പിക്കുക കൂടി ഉന്നമിടുന്നതാണ് പുതിയ സ്കീം.