വികസനക്കുതിപ്പിന് കേരളത്തിന് മുന്നിൽ ആശയങ്ങൾ നിരവധി. പക്ഷേ, അവയൊക്കെ യാഥാർഥ്യമാകാൻ തടസ്സങ്ങളും കാലതാമസവും ഉണ്ടാകുന്നത് തിരിച്ചടിയുമാകുന്നു. സർക്കാർ അനുമതികൾക്ക് ഏകജാലക സംവിധാനം വരുമെന്ന് പറഞ്ഞിട്ട് നടപ്പായോ? കൊച്ചി കായലിലൂടെ ബോട്ട് ഓടിക്കാൻ എന്താണ് തടസ്സം? വാട്ടർമെട്രോ എന്ന് ഇൻഫോപാർക്കിലെത്തും? കൊച്ചിയിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് എന്തൊക്കെയാണ്? ചോദ്യങ്ങളും ധാരാളം. കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ‘വികസനക്കുരുക്ക് അഴിക്കാൻ’ എന്ന സെമിനാറിൽ പങ്കെടുത്ത പ്രമുഖരുടെ പ്രതികരണങ്ങൾ ഇങ്ങനെ.
വിദേശത്തു നിന്നു വരുന്നവർക്കായി ബോട്ട് വാങ്ങി ഓടിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും മത്സ്യബന്ധന വലകൾ വലിയ പ്രശ്നമാകുമെന്നു മനസ്സിലാക്കി അതിൽ നിന്നു പിൻവാങ്ങുകയായിരുന്നു.
സർക്കാർ അനുമതികൾക്ക് ഏകജാലക സംവിധാനമുണ്ടെന്നു പറഞ്ഞു തുടങ്ങിയിട്ട് ഒരുപാടു കാലമായെങ്കിലും നടപ്പാകുന്നില്ല. ഓരോ അനുമതിക്കും നൂറു വകുപ്പുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. കാരവൻ പാർക്കുകളുടെ കാര്യത്തിൽ സംഭവിച്ചതും അതു തന്നെ.
കൊച്ചി കായലിലൂടെ ബോട്ട് ഓടിക്കണമെങ്കിൽ ഡ്രജിങ് ഇല്ലാതെ പറ്റില്ല. വലിയ തുക ഇതിനു വേണം. ഇറിഗേഷൻ വകുപ്പാണ് ചെയ്യേണ്ടതെങ്കിലും ഫണ്ടില്ലാത്തതിനാൽ നടക്കുന്നില്ല. പലപ്പോഴും സ്വന്തം നിലയിൽ ഡ്രജിങ് നടത്തിയാണ് കോർപറേഷൻ മുന്നോട്ടുപോകുന്നത്.
ഇൻഫോപാർക്ക് ഫെയ്സ് വണ്ണിലേക്ക് ഉള്ളതുപോലെ ഫെയ്സ് രണ്ടിലേക്ക് കൂടുതൽ പ്രവേശന കവാടങ്ങൾ വേണം. കാക്കനാട് മേഖലയിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളും ഉണ്ടാകണം.
കെ സ്മാർട്ടിന്റെ പ്രവർത്തനം മികച്ചതാണെങ്കിലും വലിയ കെട്ടിടങ്ങൾക്കു മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഫയർഫോഴ്സിന്റെയും അനുമതി കിട്ടാൻ താമസം നേരിടുന്ന സാഹചര്യമുണ്ട്.
വികസന പദ്ധതികൾക്കായി സംസ്ഥാന തലത്തിൽ നിയമപരിഷ്കാരങ്ങൾ ഏർപ്പെടുത്തണം. ഗുജറാത്തും മഹാരാഷ്ട്രയും കർണാടകയും തമിഴ്നാടും വളർന്നത് അങ്ങനെയാണ്. കേരളത്തിൽ എല്ലാം ‘ഘട്ടം ഘട്ടമായി’ എന്ന സമീപനമാണ്. ഒരു കാര്യം ആലോചിച്ചുറപ്പിച്ചു നടപ്പാക്കുകയാണു വേണ്ടത്. വ്യവസായ പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കണം.
ടെക്കികൾ ആഗ്രഹിക്കുന്നതു വാട്ടർ മെട്രോ ഇൻഫോപാർക്കിലേക്ക് എത്തണമെന്നാണ്. മെട്രോ സർവീസും വാട്ടർ മെട്രോയും യാഥാർഥ്യമാകുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമാകും.
ഇൻഫോപാർക്ക് ഫെയ്സ് 3 ക്യാംപസിനു സ്ഥലം നോക്കുന്നതു നിലവിലെ ക്യാംപസുകളോടു ചേർന്ന പ്രദേശങ്ങളിലാണ്. നിലവിലെ ഇക്കോസിസ്റ്റം പൂർണമായി വിനിയോഗിക്കാൻ അതാവശ്യമാണ്. നാലാമതൊരു ക്യാംപസ് വരുമ്പോൾ ദൂരെയായാലും പ്രശ്നമില്ല.
വ്യവസായത്തിനു വെള്ളം നൽകില്ലെന്ന നിലപാടു പോലും സ്വീകരിക്കുന്ന സ്ഥിതിയുണ്ട്. പെരിയാറിൽ നിന്നു 14.5 കിലോമീറ്റർ പൈപ്പിട്ടു കാക്കാനാട്ടേക്കു വെള്ളം എത്തിക്കാൻ അനുമതി കിട്ടിയിട്ടും എതിർപ്പു മൂലം മുടങ്ങി.
Discover the opportunities and challenges facing Kerala's development. Explore plans for tourism, infrastructure, and technology, as discussed by prominent figures at the 'Untying the Development Knot' seminar.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.