ADVERTISEMENT

കൊച്ചി ∙ ജർമനി ആസ്ഥാനമായ ആഗോള ഐടി സേവന ദാതാക്കളായ ‘അഡെസോ’യുടെ ഇന്ത്യൻ കോർപറേറ്റ് ഓഫിസ് കൊച്ചി ഇൻഫോപാർക്കിൽ. കഴിഞ്ഞ വർഷം മലയാളി സ്റ്റാർട്ടപ് കമ്പനിയായ ട്രൈയെസ്റ്റെ ഡിജിറ്റൽ സൊലൂഷൻസിനെ ഏറ്റെടുത്താണ് അഡെസോ ഇൻഫോപാർക്കിൽ കൂടു കൂട്ടിയത്. ഫെയ്സ് ഒന്നിലെ അതുല്യ സമുച്ചയത്തിലാണു പുതിയ കോർപറേറ്റ് ഓഫിസ്. തിരുവനന്തപുരത്തും ഒരു സെന്റർ പ്രവർത്തിക്കുന്നു. അഡെസോയുടെ സെന്ററുകളെല്ലാം കേരളത്തിലാണ്. 3 വർഷത്തിനകം ആയിരത്തിലേറെ പ്രഫഷനലുകളെ നിയമിക്കും.

മികച്ച അടിസ്ഥാന സൗകര്യങ്ങളും തന്ത്രപ്രധാനമായ സ്ഥാനവും എന്നതാണ് കോർപറേറ്റ് ഓഫിസിനായി കൊച്ചി തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അഡെസോ സിഇഒ മാർക്ക് ലോവെബർ പറയുന്നു. എയർപോർട്ട്, തുറമുഖം, ആധുനിക ഓഫിസ് സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. 

മികച്ച ഐടി ഇക്കോസിസ്റ്റം, പ്രതിഭകളുടെ ലഭ്യത എന്നിവയും പരിഗണിച്ചു. മികച്ച ടെക് സ്ഥാപനങ്ങളുമുണ്ട്. കൊച്ചി പൊതുവിൽ ബിസിനസ് സൗഹൃദ സംസ്കാരമുള്ള നഗരമാണ്. അഡെസോയുടെ സാന്നിധ്യം മികച്ച ടെക് ഹബ്ബാകാനുള്ള കൊച്ചിയുടെ പരിശ്രമത്തിനു നിർണായക പിൻബലമാകുമെന്നും അദ്ദേഹം പറഞ്ഞു. 

mark-low - 1
മാർക്ക് ലോവെബർ

പുതിയ ഓഫിസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അഡെസോ ബോർഡ് ഉപദേഷ്ടാവ് ടോർസ്റ്റൺ വേഗനർ, വെസ്റ്റ് യൂറോപ്പ് ആൻഡ് സ്മാർട്ഷോർ അഡെസോ ബിസിനസ് ഏരിയ ലീഡ് ബുറാക് ബാരി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, അഡെസോ ഇന്ത്യ മാനേജിങ് ഡയറക്ടർമാരായ ഷാലി ഹസ്സൻ, പ്രമോദ് മുരളീധരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഐടിയും കൺസൽറ്റിങ്ങും

വിവിധ മേഖലകളിൽ നൂതനമായ ഐടി, കൺസൽറ്റിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അഡെസോയുടെ ആഗോള പദ്ധതികൾക്കു കൊച്ചിയിലെ ഓഫിസുകൾ പിന്തുണ നൽകും. 

ബിസിനസ് സ്ഥാപനങ്ങൾക്കായി നൂതന സേവനങ്ങൾ ഉറപ്പു നൽകുന്നതിനായി ടെക്നോളജി, റിസർച്, സയൻസ് മേഖലകളെ ഒരുമിച്ചു ചേർത്താണു അഡെസോയുടെ പ്രവർത്തനം. യൂറോപ്പിലെ മുൻനിര ഐടി സേവനദാതാക്കളിൽ പ്രമുഖരായ അഡെസോ ഗ്രൂപ്പിനു വിവിധ രാജ്യങ്ങളിലായി അറുപതിലേറെ സെന്ററുകളുണ്ട്. നിലവിൽ അഡെസോ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത് 11,000 ജീവനക്കാർ.

English Summary:

German IT giant Adesso expands to India with a new corporate office in Kochi, aiming to hire over 1000 professionals and contribute to the city's growing tech ecosystem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com