ഐഎസ്ആർഒയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം: സോമനാഥ്
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റെ സ്റ്റാർട്ടപ് മേഖലയുടെ വളർച്ച പ്രകടിപ്പിക്കാനും നിക്ഷേപം ആകർഷിക്കുന്നതിനുമായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2024 ഇന്ന് സമാപിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ, ശശി തരൂർ എംപി, ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാൽറിംപിൾ എന്നിവർ സമാപന സെഷനുകളിൽ പങ്കെടുക്കും.
പ്രതിരോധ മേഖലയിലെ നവീന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനായി കേരള ഡിഫൻസ് ഇന്നവേഷൻ സോൺ (കെ-ഡിഐഇസഡ്) ആരംഭിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനും ഡിആർഡിഒ (ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനും) സമ്മേളനത്തിൽ ധാരണാപത്രങ്ങൾ കൈമാറി. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ഐടി, ഇലക്ട്രോണിക്സ് സെക്രട്ടറി രത്തൻ യു.ഖേൽക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ടിഡിഎഫ്–ഡിആർഡിഒ അഡിഷനൽ ഡയറക്ടർ റാം പ്രകാശ്, ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായർ എന്നിവർ ധാരണാപത്രം കൈമാറിയത്.
പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് കേരളത്തിലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സ്റ്റാർട്ടപ് കോൺക്ലേവ് 18ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം∙ 2025 ഫെബ്രുവരി 21,22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന് മുന്നോടിയായി ഡിസംബർ 18 ന് തിരുവനന്തപുരത്ത് സ്റ്റാർട്ടപ് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് വ്യവസായ വികസന കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ അറിയിച്ചു.
ഐഎസ്ആർഒയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്ന് സോമനാഥ്
ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വൈകരുതെന്നു ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥ്. പ്രവർത്തനച്ചെലവ് ഭീമമാണ്. സ്വകാര്യമേഖലയിൽനിന്നുള്ള നിക്ഷേപത്തെക്കൂടി പരിഗണിക്കണമെന്ന് ഹഡിൽ ഗ്ലോബലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ റോക്കറ്റായ എൽവിഎം-3 യുടെ നിർമാണത്തിന് സ്വകാര്യ മേഖലയെ ഭാഗമാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.