100% തീരുവ; ട്രംപിന്റെ ഭീഷണി ഇന്ത്യ അതിജീവിക്കുമോ? ലോകം ഉറ്റുനോക്കുന്നു
Mail This Article
യുഎസ് പ്രസിഡന്റായുള്ള ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. ട്രംപിന്റെ ശക്തമായ ചൈനീസ് വിരുദ്ധ നിലപാട് ഇന്ത്യയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം കൂട്ടുമെന്നും 'മെയ്ക്ക് ഇന്‍ ഇന്ത്യ' പോലുള്ള പദ്ധതികള്‍ക്ക് ഗുണം ചെയ്യുമെന്നുമെല്ലാം വിലയിരുത്തപ്പെട്ടു. ഇതില്‍ കാര്യമുണ്ടെങ്കിലും അടുത്തിടെയായി നിര്‍ദിഷ്ട അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളെയും അലോസരപ്പെടുത്തുന്നതാണ്. ഇതില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാകും.
എല്ലാം ഡോളറിനു വേണ്ടി
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നല്‍കിയ മുന്നറിയിപ്പ് ആഗോള ശ്രദ്ധ നേടി. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. പ്രാഥമിക വ്യാപാര കറന്‍സിയായി ഡോളറിനെ ഉപോയിഗിച്ചില്ലെങ്കില്‍ 100 ശതമാനം നികുതിയെന്ന സാഹസത്തിന് താന്‍ മുതിരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഒമ്പത് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തന്ത്രപ്രധാന കൂട്ടായ്മയാണ് ബ്രിക്‌സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി 2009ലായിരുന്നു സഖ്യത്തിന്റെ തുടക്കം. രൂപീകൃതമായ സമയത്ത് ഇത് ബ്രിക് ആയിരുന്നു. ലോക രാജ്യങ്ങളുടെ മൊത്തം വിസ്തൃതിയുടെ നാലില്‍ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും അവകാശപ്പെടാവുന്ന രാജ്യങ്ങളെന്ന നിലയിലാണ് ആഗോള സാമ്പത്തിക ക്രമത്തില്‍ ഈ സഖ്യം നര്‍ണായകമായി മാറിയത്. 2011ല്‍ ദക്ഷിണാഫ്രിക്ക കൂടി സഖ്യത്തിന്റെ ഭാഗമായി. അങ്ങനെയാണ് ബ്രിക്‌സായി ബ്രിക് മാറുന്നത്. 2024ല്‍ എത്തിയപ്പോഴേക്കും ഈജിപ്റ്റ്, എത്യോപ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും സഖ്യത്തില്‍ അംഗങ്ങളായി.
ഡോളറിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ സമാന്തര ബ്രിക്‌സ് കറന്‍സി പുറത്തിറക്കുകയോ മറ്റ് ഏതെങ്കിലും കറന്‍സിയെ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നാണ് യുഎസ് നിയുക്ത പ്രസിഡന്റിന്റെ ആവശ്യം.അവര്‍ ഒരിക്കലും ഒരു ബ്രിക്‌സ് കറന്‍സി പുറത്തിറക്കരുത്. ശക്തമായ യുഎസ് ഡോളറിന് പകരമെന്ന നിലയില്‍ മറ്റൊരു കറന്‍സിയെ പിന്താങ്ങുകയും ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അവരുടെ ഉല്‍പ്പങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും. മനോഹരമായ യുഎസ് സമ്പദ് വ്യവസ്ഥയില്‍ വില്‍പ്പന നടത്താമെന്ന സ്വപ്‌നം അവര്‍ മറക്കുന്നതാകും നല്ലത്-ഇതായിരുന്നു ട്രംപിന്റെ പ്രസ്താവന.
കരുതലോടെ ഇന്ത്യ
രൂപയില്‍ പരമാവധി വ്യാപാരം നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന ഇന്ത്യ വളരെ കരുതലോടെയാണ് ട്രംപിന്റെ നിലപാടിനോട് പ്രതികരിക്കുന്നതും പുതിയ നടപടികള്‍ കൈക്കൊള്ളുന്നതും. ഒക്‌ടോബര്‍ ആദ്യവാരം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയില്‍ അത് വ്യക്തമായിരുന്നു. ഞങ്ങള്‍ ഒരിക്കലും ഡോളറിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. അത് ഞങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ തന്ത്രങ്ങളുടെയോ നയത്തിന്റെയോ ഭാാഗമല്ല. മറ്റ് ചിലര്‍ക്ക് ആ ഉദ്ദേശ്യമുണ്ടായേക്കാം-ജയ്ശങ്കര്‍ പറഞ്ഞു.
കാര്യമായി ഡോളര്‍ റിസര്‍വ് ഇല്ലാത്ത രാജ്യങ്ങളുമായുള്ള വ്യാപാരത്തിനിടയിലെ സെറ്റില്‍മെന്റ് മെക്കാനിസത്തിനാണ് ഇന്ത്യ മറ്റു വഴികള്‍ തേടുന്നതെന്നും കാര്യക്ഷമമായി ബിസിനസ് നടത്തുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നയങ്ങളിലെ സങ്കീര്‍ണതയാണ് പലപ്പോഴും ഡോളറിലുള്ള ഇടപാടുകള്‍ക്ക് വിലങ്ങുതടിയാകുന്നതെന്നും ഇന്ത്യ കരുതുന്നുണ്ട്.
ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റിവ് (ജിടിആര്‍ഐ) പോലുള്ള പ്രസ്ഥാനങ്ങള്‍ ട്രംപിനെതിരെ അതിശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. 100 ശതമാനം താരിഫ് അപ്രായോഗികമാണെന്നും അത് ആഗോള വ്യപാരത്തിലും യുഎസ് സമ്പദ് വ്യവസ്ഥയിലും കാര്യമായ തച്ചുടയ്ക്കലുകളുണ്ടാക്കുമെന്നും അവർ പറയുന്നു.
ജനുവരിയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ട്രംപിന്റെ സംരക്ഷണവാദ നയങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഏത് തരത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നത് ശ്രദ്ധേയമാകും. 2024 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് 12000 കോടി ഡോളറാണ് ഇന്ത്യ-യുഎസ് വ്യാപാരം. ഇതില്‍ 3530 കോടി ഡോളറോളം വ്യാപാരമിച്ചമാണെന്നത് ശ്രദ്ധേയമാണ്.