ADVERTISEMENT

കൊച്ചി∙ 100 കോടി മുടക്കി സ്ഥാപിച്ച വ്യവസായത്തിന് 3 വർഷമായിട്ടും 2,000 കെവിയുടെ വൈദ്യുതി കണക്‌ഷൻ കിട്ടുന്നില്ല, കി‍ൻഫ്ര പാർക്കിനകത്തും ചുമട്ടുതൊഴിലാളി ശല്യം, സംരംഭങ്ങൾക്ക് പഞ്ചായത്തുകളുടെ ഒട്ടേറെ തടസ്സങ്ങൾ... കെഎസ്ഐഡിസി സംഘടിപ്പിച്ച സംരംഭക കോൺക്ലേവിൽ ഇത്തരം പരാതികൾ അനേകം. പക്ഷേ പരിഹരിക്കാൻ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഉണ്ടെന്നു മന്ത്രി പി.രാജീവ്, ആരും അപേക്ഷിക്കുന്നില്ലെന്നു മാത്രം.

പരിഷ്കാരങ്ങളെക്കുറിച്ചു പ്രഖ്യാപനം വന്നാലും അനുഭവത്തിൽ വരുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ അനുവാദം നൽകിയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിന് അനുമതി ലഭിച്ചിട്ടില്ലെന്ന് ഒരു സംരംഭകൻ പരാതിപ്പെട്ടു. ഇപ്പോൾ രാത്രി 10 വരെ മാത്രമാണ് അനുമതി. കിനാലൂർ വ്യവസായ പാർക്കിലെ വിവിധ സംരംഭങ്ങൾക്ക് പനങ്ങാട് പഞ്ചായത്ത് സൃഷ്ടിക്കുന്ന തടസ്സങ്ങൾ ഉന്നതതലത്തിൽ കൈകാര്യം ചെയ്യുമെന്ന് അറിയിച്ചു.

പരാതികൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനം എടുക്കാനും അത് 15 ദിവസത്തിനകം നടപ്പാക്കാനും നിയമസംവിധാനം ഏർപ്പെടുത്തിയ കാര്യം അറിയാമോ എന്ന് ഉദ്ഘാടകനായ മന്ത്രി പി.രാജീവ് ചോദിച്ചപ്പോൾ 197 വ്യവസായികളിൽ 7 പേർ മാത്രമാണ് കൈ പൊക്കിയത്. ഓൺലൈനായി പരാതി നൽകിയാൽ മതി. 2 വർഷത്തിനിടെ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 44,000 കോടിയുടെ നിക്ഷേപവും 7 ലക്ഷം തൊഴിലവസരങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ പുതിയ നിക്ഷേപങ്ങൾ 15925.8 കോടിയും നിലവിലുള്ളവയുടെ വിപുലീകരണം 4982 കോടിയും ചേർത്താൽ 21000 കോടി. സംരംഭക വർഷത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളും ചേരുമ്പോഴാണ് 44,000 കോടിയിലെത്തുന്നത്. വെളിച്ചെണ്ണ പോലെ മറ്റ് ഉൽപന്നങ്ങൾക്കും ഇനി കേരള ബ്രാൻഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.  

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ സി.ബാലഗോപാൽ, എംഡി എസ്. ഹരികിഷോർ, വ്യവസായ അഡിഷനൽ ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

KSIDC Conclave: Minister P. Rajeev Addresses Entrepreneurs' Concerns, Highlights Industrial Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com