ജീവിത നിലവാരവും തൊഴിൽ വൈദഗ്ധ്യമുള്ള ജീവനക്കാരും : ഫ്രഞ്ച് കൺസൽറ്റൻസി ടിഎൻപിയ്ക്ക് കൊച്ചിയിൽ ക്യാംപസ്
Mail This Article
കൊച്ചി∙ ലോകപ്രശസ്ത ഫ്രഞ്ച് കൺസൽറ്റിങ് കമ്പനിയായ ടിഎൻപി കൊച്ചിയിൽ സ്വന്തം ക്യാംപസ് നിർമിക്കുന്നു. 2 ഏക്കർ സ്ഥലമാണു ലക്ഷ്യം. ഇന്ത്യയിലെ ടിഎൻപി ആസ്ഥാനം ഈ ക്യാംപസ് ആയിരിക്കും.
ഇൻഫോപാർക്കിൽ നിലവിൽ നൂറോളം കൺസൽറ്റിങ് പ്രഫഷനലുകളാണ് ടിഎൻപിക്ക് ഉള്ളത്. അടുത്തിടെ ലുലു സൈബർ പാർക്കിൽ കൂടുതൽ സ്ഥലം എടുത്തിരുന്നു. ഇവിടെ പ്രവർത്തിക്കുന്നവരുടെ അടുത്ത വർഷം എണ്ണം 250 ആയി ഉയരും. 2027ൽ എണ്ണം 600 ആയി ഉയർത്തുകയാണ് ലക്ഷ്യം.
കൂടുതൽ വിപുലീകരണ പദ്ധതി ഉള്ളതിനാലാണ് സ്വന്തം സ്ഥലത്ത് കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ടിഎൻപിയെ ഇവിടെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സിന്തൈറ്റ് എക്സിക്യൂട്ടീവ് ചെയർമാൻ വിജു ജേക്കബ് ചൂണ്ടിക്കാട്ടി.വ്യവസായ മന്ത്രി പി.രാജീവ് സംരംഭകരെ നേരിട്ടു കണ്ട് ചർച്ച നടത്തി നോഡൽ ഓഫിസറെ ഏർപ്പെടുത്തുന്ന രീതിയിലാണ് ടിഎൻപിയും വിപുലീകരണത്തിനൊരുങ്ങിയത്.
ടിഎൻപിയുടെ പുതിയ ഓഫിസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മികച്ച ജീവിത നിലവാരവും തൊഴിൽ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യതയുമാണു കൊച്ചിയിൽ ഓഫിസ് തുടങ്ങാനുള്ള കാരണമെന്നു ടിഎൻപി കൺസൽറ്റന്റ്സ് പ്രസിഡന്റ് ബെനുവ റാനിനി പറഞ്ഞു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, ലുലു ടെക്പാർക് സിഇഒ അഭിലാഷ് വലിയവളപ്പിൽ, ടിഎൻപി പാർട്നർ മാത്യു ലെബോ, ഇന്ത്യ ഡയറക്ടർ അരുൺ സുധീഷ്, ടിഎൻപി ഇന്റർനാഷനൽ സിഎഫ്ഒ വരുൺ കടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.