കേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽ
Mail This Article
കൊച്ചി∙ കേരളത്തിൽ റിയൽ എസ്റ്റേറ്റിന് മികച്ച വളർച്ച സാധ്യതകളുണ്ടെന്ന് ആഗോള ബിസിനസ് വിവര വിശകലന കമ്പനിയായ ക്രിസിൽ സർവേ ഫലം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 3% പ്രോജക്ട് റജിസ്‌ട്രേഷനുകളുള്ള സംസ്ഥാനമാണ് കേരളമമെന്നും റിയൽ എസ്റ്റേറ്റ് കോൺക്ലേവിൽ അവതരിപ്പിച്ച സർവേ റിപ്പോർട്ടിൽ പറയുന്നു.
വരും വർഷങ്ങളിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച 10 ശതമാനത്തിലേറെയാകുമെന്നാണ് വിലയിരുത്തൽ. സുസ്ഥിര, പരിസ്ഥിതി സൗഹാർദ പദ്ധതികൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതായി റിയൽ എസ്റ്റേറ്റ് കോൺക്ലേവിൽ പങ്കെടുത്ത 60% ഡെവലപ്പർമാരും പറഞ്ഞു.
സീനിയർ ലിവിങ് കമ്യൂണിറ്റികൾ, വാടകയ്ക്ക് കൊടുക്കാൻ വേണ്ടി നിർമിക്കുന്നവ തുടങ്ങിയ മാതൃകകളും വളർച്ച പ്രതീക്ഷിക്കുന്നു. തൃശൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ മികച്ച വളർച്ചയുണ്ടാവും. മൈക്രോമാർക്കറ്റുകളായ കൊച്ചിയിലെ ഇടപ്പള്ളി, പള്ളിക്കര, കളമശേരി, വാഴക്കാല, വൈറ്റില, തിരുവനന്തപുരത്തെ കവടിയാർ, തൃശൂരിലെ കുരിയച്ചിറ, പൂങ്കുന്നം തുടങ്ങിയവയ്ക്കും സാധ്യതകളുണ്ട്.