സ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നം
Mail This Article
കൊച്ചി ∙ സ്മാർട് സിറ്റിയിൽ നിന്നു ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ തകരുന്നതു വിഖ്യാതമായ ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന സ്വപ്നം. 2004 മുതൽ രണ്ടു പതിറ്റാണ്ടായി മോഹിച്ചിട്ടും നടക്കാത്ത ആ സ്വപ്നം ഉടച്ചു വാർക്കാൻ ഒരുങ്ങുകയാണു സർക്കാർ.
വമ്പൻ വാഗ്ദാനങ്ങൾ നൽകി പദ്ധതി ഏറ്റെടുത്ത ടീകോം ഇൻവെസ്റ്റ്മെന്റ്സ് ലക്ഷ്യങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണു സർക്കാർ മറുവഴികൾ ചിന്തിക്കുന്നത്; ഏറെ വൈകിയെങ്കിലും.
2011ൽ തുടങ്ങിയ പദ്ധതി എവിടെയുമെത്താതെ ഇഴയുമ്പോഴും സർക്കാർ നിശ്ശബ്ദ കാഴ്ചക്കാരനായിരുന്നു. അതേസമയം, പദ്ധതിയിൽ നിന്നു പിൻമാറാൻ ടീകോം തയാറാകുമോ, എത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെടും, നിയമയുദ്ധങ്ങൾക്കു വഴി തെളിയുമോ തുടങ്ങി ചോദ്യങ്ങൾ ബാക്കിയാണ്. എന്നാൽ, ടീകോമിനു കൂടി താൽപര്യമുള്ള രീതിയിൽ പങ്കാളിത്തം അവസാനിപ്പിക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്.
ടീകോം ഒഴിവായാൽ ‘സ്മാർട് സിറ്റി കൊച്ചി’ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കാൻ കഴിയുമോയെന്നുറപ്പില്ല. എന്നാൽ, സ്ഥലം ഏറ്റെടുക്കാനും ഐടി പാർക്കായി വികസിപ്പിക്കാനും സാധ്യതകൾ ഏറെയുണ്ടുതാനും. മറ്റൊരു നിക്ഷേപ പങ്കാളിയെ കണ്ടെത്തുകയാണ് ആദ്യവഴി. താൽപര്യമുള്ള നിക്ഷേപകർ എത്തിയാൽ പുതുക്കിയ വ്യവസ്ഥകളോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാം. അതല്ലെങ്കിൽ തൊട്ടു കിടക്കുന്ന ഇൻഫോപാർക്കിനു സ്മാർട്ട് സിറ്റിയുടെ സ്ഥലവും കെട്ടിടങ്ങളും കൈമാറാം. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഇൻഫോപാർക്ക് ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ കമ്പനികൾക്ക് ഇടം നൽകാൻ കഴിയാത്ത വിധം സ്ഥല ദൗർലഭ്യത്താൽ വലയുകയാണ്.
152 കമ്പനികളാണ് ഇൻഫോപാർക്കിൽ സ്ഥലം തേടി കാത്തുനിൽക്കുന്നത്. സ്മാർട്ട് സിറ്റിയുടെ സ്ഥലം ലഭ്യമായാൽ ഇൻഫോപാർക്ക് 3 –ാം ഘട്ടമായി വികസിപ്പിക്കാം. ഒരേ ഐടി ഇക്കോസിസ്റ്റത്തിന്റെ ഭാഗമായതിനാൽ ഐടി കമ്പനികളെ ആകർഷിക്കാൻ എളുപ്പവുമാകും.