എയ്റോസ്പേസ് ഹാമർ ഒരുക്കാൻ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്
Mail This Article
ഷൊർണൂർ ∙ റോക്കറ്റുകൾക്കും മിസൈലുകൾക്കുമായി എയ്റോസ്പേസ് ഹാമർ പദ്ധതിയും മെറ്റൽ പാർക്കുമായി ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്.റോക്കറ്റ് വിക്ഷേപണങ്ങൾക്കും മിസൈലുകൾക്കും ചെറിയ ഉപകരണങ്ങൾ നിർമിച്ചുനൽകുന്നതാണ് എയ്റോസ്പേസ് ഹാമർ പദ്ധതി. 7 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടമായി 2.50 കോടി രൂപ സർക്കാർ നൽകി.
3 ടൺ വരെ ഭാരമുള്ള ഉപകരണങ്ങൾ ഉണ്ടാക്കാൻ പുതിയ യന്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് അലുമിനിയം, സ്റ്റീൽ, ടൈറ്റാനിയം തുടങ്ങിയവയിൽ ഉൽപന്നങ്ങൾ നിർമിക്കും. ബാക്കി 4.50 കോടി രൂപ സർക്കാരിൽ നിന്നു കിട്ടുന്ന മുറയ്ക്കു പദ്ധതിയുടെ അടുത്ത ഘട്ടവുമായി മുന്നോട്ടുപോകും. മെറ്റൽ ഇൻഡസ്ട്രീസിനു കീഴിലെ സർക്കാർ പെട്രോൾ പമ്പിനു സമീപത്തുള്ള 12 ഏക്കർ സ്ഥലത്താണ് ഇക്കോ മെറ്റൽ പാർക്ക് പദ്ധതി ഒരുങ്ങുന്നത്. വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, സിനിമ ഉൾപ്പെടെയുള്ള കലകൾ എന്നിവയ്ക്കു പ്രാധാന്യം നൽകുന്നതാണു പാർക്ക്. 10 കോടി രൂപയോളം വരുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു.