ബവ്കോയുടെ മദ്യം ലക്ഷദ്വീപിലെത്തി
Mail This Article
കൊച്ചി ∙ ലക്ഷദ്വീപിലേക്കു കേരളത്തിൽ നിന്ന് വിദേശ മദ്യമെത്തി. സംസ്ഥാന ബവ്‌റിജസ് കോർപറേഷനിൽ (ബവ്കോ) നിന്ന് 267 കെയ്സ് മദ്യമാണു കപ്പൽ മാർഗം ലക്ഷദ്വീപിലുൾപ്പെടുന്ന ബംഗാരം ദ്വീപിലെത്തിച്ചത്. 21 ലക്ഷം രൂപയുടെ വിൽപനയാണു ഇതുവഴി ബവ്കോയ്ക്കു ലഭിച്ചത്.
ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയയ്ക്കാൻ ബവ്കോയ്ക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിൽ ടൂറിസം കൈകാര്യം ചെയ്യുന്ന ‘സ്പോർട്സ്’ എന്ന സ്ഥാപനത്തിന്റെ അപേക്ഷ പ്രകാരമാണു ബവ്കോ മദ്യം നൽകിയത്. 215 കെയ്സ് ബീയറും 39 കെയ്സ് വിദേശ നിർമിത വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നിർമിത വിദേശ മദ്യവുമാണു ലക്ഷദ്വീപിലെത്തിച്ചത്.
20% നിരക്കിളവിലാണു ബവ്കോ സ്പോർട്സിനും മദ്യം നൽകുന്നത്. ടൂറിസത്തിനു മാത്രമായുള്ള ബംഗാരം ദ്വീപിൽ മാത്രമാണു പ്രത്യേക അനുമതിയോടെ വിനോദ സഞ്ചാരികൾക്കു മദ്യം വിതരണം ചെയ്യുക.