കാലത്തെ വെല്ലും പുതുമകള്; ബിസിനസ് രഹസ്യം വെളിപ്പെടുത്തി മായന് മുഹമ്മദ്
Mail This Article
വ്യവസായത്തിൽ വിജയകരമായ ഏഴ് പതിറ്റാണ്ടു പൂർത്തിയാക്കിയ വടക്കേ മലബാറിലെ പ്രമുഖ സംരംഭമാണ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ലിമിറ്റഡ്. കണ്ണൂരിലെ ആ വ്യവസായ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് പി കെ മായൻ മുഹമ്മദ്. എ കെ ഖാദർ കുട്ടി സാഹിബ് തുടങ്ങിയ വ്യവസായ പാരമ്പര്യത്തിൽ മൂന്നാം തലമുറയിലെ ആളായ മായൻ വ്യവസായത്തിൽ കൊണ്ടു വന്ന പുതുമകൾ അനവധിയാണ്. കാലത്തെ വെല്ലുംവിധത്തിലെ പുതുമകളിലൂടെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിനെ ഒന്നാം നിരയിൽ നിർത്തുന്നത് അദ്ദേഹത്തിന്റെ ബിസിനസ് തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. ദീർഘദർശി ആയിരുന്ന AK ഖാദർ കുട്ടി സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് വൈവിധ്യവൽക്കണത്തിലൂടെ ലോകമെങ്ങും സാന്നിധ്യമറിയിച്ച് മൂന്നാം തലമുറയിലേക്ക് ആ പാരമ്പര്യം എത്തി നിൽക്കുകയാണ്.
ജർമ്മനിയിൽ ഉപരി പഠനം നടത്തിയ ശേഷം ബിസിനസിലേക്ക് വന്ന മായൻ മുഹമ്മദ് പ്രധാന വൈവിധ്യവൽക്കരണം നടപ്പാക്കിയത്. മൽസരം രൂക്ഷമായ പ്ലൈവുഡ് ബിസിനസിൽ ടെക്നോളജി അപ്ഗ്രേഡ് ചെയ്തു. അതിന് ശേഷം സ്‌പോർട്സ് ബിസിനസിലേയ്ക്ക് വന്നു. ടെന്നീസ് റാക്കറ്റ്, ഗ്രാഫൈറ്റ് റാക്കറ്റ്, ടെന്നീസ് ബോൾസ്, ഷട്ടിൽ കോക്ക് ഇതൊക്കെ നിർമിക്കുന്ന ഇൻഡസ്ട്രി തുടങ്ങി. അതിനുള്ള സാഹചര്യങ്ങളെകുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.
വൈവിധ്യവൽക്കരണത്തിന്റെ കാലം
''കാർബൺ ഫൈബർ കോമ്പോസിറ്റിന്റെ സാങ്കേതികവിദ്യ ലഭിക്കാൻ ഞങ്ങൾ ചില പഠനങ്ങൾ നടത്തുകയും യൂറോപ്യൻ കമ്പനികളെ സമീപിക്കുകയും ചെയ്തു. ജർമ്മനിയിൽ നിന്നും ആറുമാസത്തെ സംയോജിത സാങ്കേതികവിദ്യ പഠിച്ചു. ഞാൻ മെക്കാനിക്കൽ എഞ്ചിനീയറിങാണ് പഠിച്ചത്. എന്നാൽ വ്യത്യസ്ത മേഖലകളിലേക്ക് കടക്കേണ്ടി വന്നു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് എന്നാണ് ഞങ്ങൾ അറിയപ്പെടുന്നത് എങ്കിലും 12% മാത്രമാണ് പ്ലൈവുഡ്‌സിന്റെ വിറ്റുവരവ്. മറ്റ് ഉൽപ്പന്നങ്ങൾ 88% ബാലൻസ് ചെയ്യുന്നു. ഞങ്ങൾക്ക് ഡെൻസിഫൈഡുകൾ, കമ്പോസിറ്റ്സ്, മെറ്റൽ ഇഞ്ചക്ഷൻ മോൾഡിങ് പ്ലാൻ്റ്, യുവി കോട്ടിങ് ലൈൻ, ഫ്ലോറിങ് ഡിവിഷൻ എന്നിവയുണ്ട്. ഒരു സ്പോർട്സ് ഡിവിഷനുമുണ്ട്. ഇപ്പോഴും ഞങ്ങൾ ഏറ്റവും മുൻനിരയിൽ തന്നെയാണ്.- അദ്ദേഹം പറയുന്നു.
സ്പോർട്സിൽ ടെന്നീസ് ബോൾസ്, ടെന്നീസ് റാക്കറ്റ് തുടങ്ങിയവ ഉൽപാദിപ്പിക്കുന്നു. അത് കയറ്റി അയയ്ക്കുന്നത് ജർമനിയിലേക്കാണോ?
അല്ല. ഇന്ത്യൻ വിപണിയിൽ വളരെ സ്വീകാര്യതയാണുള്ളത്. ഇന്ത്യയിൽ ഇതിന് ഷോർട്ടേജ് ഉണ്ട്. 5 മുതൽ 6 ശതമാനം വരെ മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ഞങ്ങളുടെ മാതൃ കമ്പനിയായ വെസ്റ്റേൺ ഇന്ത്യയുടെ കയറ്റുമതി 36% ആണ്. കയറ്റുമതിയുടെ പരിധി ഞങ്ങൾ 30-നും 40-നും ഇടയിലാണ് ക്രോഡികരിച്ചിരിക്കുന്നത്. പ്രാദേശിക വിപണി വളരെ സ്വീകാര്യത ഉള്ളതാണ്. കൂടാതെ രാജ്യാന്തര തലത്തിൽ ചൈന ഈ കായിക ഉൽപ്പന്നങ്ങളിൽ വളരെ ശക്തമാണ്. പ്രാദേശിക വിപണിയിൽ മികച്ചതാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും. -
സ്പോർട്സ് ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറവാണോ?
രാജ്യാന്തര തലത്തിൽ തീർച്ചയായും അത് വളരെ മത്സരം നിറഞ്ഞതാണ്. നിർമാതാക്കൾക്ക് വളരെ കുറഞ്ഞ വിലയാണ് ലഭിക്കുന്നത്. ഒരു നിർമാതാവിന്റെ വിൽപ്പനച്ചെലവും അന്തിമ ഉപയോക്താവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. അതിനാൽ കയറ്റുമതി തുടരേണ്ടതില്ലെന്ന ബോധപൂർവമായ തീരുമാനങ്ങൾ ഞങ്ങൾ എടുത്തു. ബാക്കിയുള്ള മെറ്റൽ ഇൻജെക്ഷൻ പോലെയുള്ള വ്യവസായത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.
കുടുംബ ബിസിനസ് മൂന്നാം തലമുറയിലേക്ക് കൊണ്ട് വരുക എളുപ്പമായിരുന്നോ?
എന്റെ മുത്തച്ഛൻ എന്റെ പിതാവിന് സുഖകരമായ ഒരു പിന്തുടർച്ച നൽകി. അച്ഛനിൽ നിന്ന് എനിക്കും അത് ലഭിച്ചു. അങ്ങനെ നിയോഗിക്കപ്പെട്ടതിനാൽ ഒന്നും കയ്യടക്കൽ അല്ലായിരുന്നു. എല്ലാം വന്നു ചേർന്നതാണ്. നിയോഗിക്കപ്പെട്ടാൽ അതിന്റെ നേതൃത്വം നമുക്ക് ലഭിക്കുമെന്ന് അർത്ഥമാക്കുന്നില്ല. അതിനുള്ള ഗുണനിലവാരം ഉണ്ടായിരിക്കണം, അതിനായി പ്രവർത്തിക്കുകയും വേണം. അച്ഛൻ പറഞ്ഞത് നിങ്ങൾക്ക് ഒരു തെറ്റ് വന്നേക്കാം. പക്ഷേ ഒരിക്കലും ആവർത്തിക്കരുത്. രണ്ടാമത്തെ തവണ തെറ്റ് ഉണ്ടാകാൻ പാടില്ല എന്ന് മാത്രമാണ്. കമ്പനിക്ക് വേണ്ടി കുറച്ചു പണം നഷ്ടമായിട്ടുണ്ട്. പക്ഷെ എനിക്ക് അതെല്ലാം തിരിച്ചു കൊടുക്കാൻ സാധിച്ചു.
ജർമനിയിലെ പഠനം ബിസിനസിനെ എത്രമാത്രം സഹായിച്ചു?
ജർമനിയുടെ തൊഴിൽ സംസ്കാരം ലോകത്തിലെ ഏറ്റവും മികച്ചതാണ്. അവിടുത്തെ കാർബൺ ഫൈബർ കോമ്പോസിഷന്‍ കമ്പനിയിൽ നിന്ന് എനിക്ക് ലഭിച്ച അനുഭവം മറക്കാനാകില്ല. ഗുണനിലവാരം നിർവഹിക്കുന്നത് ഏറ്റവും മികച്ച രീതിയിലാണ്. ജോലിയിൽ ചോദ്യങ്ങൾ ഒന്നും ഇല്ല. ഒരു ജോലി നൽകിയാൽ അത് പൂർത്തിയാക്കണം. അതൊരു യഥാർത്ഥ അനുഭവം ആയിരുന്നു. ശരിക്കും അവിടെ ഉണ്ടായിരുന്നാൽ മാത്രമേ ഒരാൾക്ക് അത് അനുഭവിക്കാൻ കഴിയൂ. ജർമനിയിൽ നിന്നും ടെക്നോളജി, തൊഴിൽ സംസ്കാരം എന്നിവ ഇവിടെ കൊണ്ട് വന്ന് പ്രാവർത്തികമാക്കാൻ കഴിഞ്ഞു.
കേരളത്തിൽ ഒരു പരിധിയ്ക്കപ്പുറം വളരണമെങ്കിൽ ബിസിനസുകാർ പുറത്തേക്ക് പോകുന്നു. എന്താണ് അഭിപ്രായം?
ഏത് വൈവിധ്യവൽക്കരണവും ഞങ്ങൾ കേരളത്തിൽ നടത്തും. ഇവിടെ ഞങ്ങൾ വളരെ സംതൃപ്തരാണ്.
വിദ്യാ സമ്പന്നരും ബുദ്ധിന്മാരുമാരാണ് കേരളത്തിലെ തൊഴിലാളികൾ. അത് സൂപ്പർവൈസറി അല്ലെങ്കിൽ ജൂനിയർ ഫോർമാൻ വരെ മാത്രമാണെന്ന് ഞങ്ങൾ കണ്ടെത്തി. പക്ഷേ കഠിനാധ്വാനം പുറത്തുനിന്നുള്ള തൊഴിലാളികളിൽ നിന്നാണ് വരുന്നത്. 24 വർഷമായി തൊഴിൽ പ്രശ്നങ്ങൾ വളരെയൊന്നും ഞങ്ങളെ അലട്ടിയിട്ടില്ല.
ഏകദേശം 1200 തൊഴിലാളികൾ ഇവിടെ ഉണ്ട്. പ്രധാന അസംസ്കൃത വസ്തു മരവും മരത്തടിയുമാണ്. മലേഷ്യയിലും ഇന്തോനേഷ്യയിലും സ്വന്തമായി മരങ്ങൾ വച്ചിട്ടുണ്ട്. സെമി ഫിനിഷ്ഡ് ആയിട്ടാണ് ഞങ്ങളുടെ മെറ്റീരിയൽസ് എത്തുന്നത്. കേരളത്തിൽ തടി കിട്ടാൻ പ്രയാസമുണ്ട്. ഞാൻ കമ്പനി ഏറ്റെടുത്ത ശേഷം ഒരുപാട് മാറ്റങ്ങൾ കമ്പനിയ്ക്ക് ഉണ്ടായതായി പറയുന്നു. എനിക്ക് യോഗ്യതയുണ്ടോ എന്നതിലുപരി ഞാൻ എപ്പോഴും എന്റെ ജോലിയിൽ ഉറച്ചുനിൽക്കുന്നു എന്നതാണ് എന്റെ വിജയം.