ദേശീയപാത 66– കൊച്ചി തുറമുഖ ഇടനാഴിയുടെ ഡിപിആർ ഒരു മാസത്തിനകം: ഗഡ്കരി
Mail This Article
ന്യൂഡൽഹി∙ ദേശീയപാത 66നെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട തുറമുഖ ഇടനാഴിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ടെൻഡർ ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി.
കൊച്ചി തുറമുഖം ഉൾപ്പെടെ സംസ്ഥാനത്തെ നാലു തുറമുഖങ്ങളിലേക്ക് ദേശീയപാതയെ ബന്ധിപ്പിക്കുന്ന പദ്ധതികളുടെ ഡിപിആറും ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുകയാണെന്നും മന്ത്രി പറഞ്ഞു. വില്ലിങ്ഡൺ ഐലൻഡിനെയും ദേശീയപാതയിൽ കുണ്ടന്നൂർ ജംക്‌ഷനെയും ബന്ധിപ്പിക്കുന്ന നാലുവരിപ്പാത, അഴീക്കൽ തുറമുഖത്തേക്കും നാലുവരിപ്പാത എന്നിവയാണു പരിഗണനയിലുള്ളത്.
ദേശീയപാതയിൽ ആലപ്പുഴ ബൈപാസിൽ നിന്ന് ആലപ്പുഴ തുറമുഖത്തേക്കുള്ള റാംപുകളുടെ ഡിപിആറും പൂർത്തിയാകുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് ചുരത്തിന് ബദൽ പാത പരിഗണിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. ദേശീയപാത 66 കടന്നു പോകുന്ന വടകരയിലെ നിർമാണപ്രവർത്തനങ്ങളുടെ കാലതാമസവും അനാസ്ഥയും ഷാഫി ശ്രദ്ധയിൽപ്പെടുത്തി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.