വൻകിട റീട്ടെയ്ലുകാർ ചെറുകിടക്കാർക്ക് ഭീഷണി; ‘പരിവാർ’ പുനരുജ്ജീവിപ്പിക്കാൻ വികെസി, പുതിയ പദ്ധതികൾ വെളിപ്പെടുത്തി വി.കെ.സി റസാഖ്
Mail This Article
കേരളത്തിലെ വ്യവസായ രംഗം വളരെ ആകർഷകമാണ്. എന്നാൽ വ്യാപാരി സമൂഹം സന്തോഷത്തിലല്ല. ഇ കോമേഴ്‌സ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അവർക്ക് എങ്ങനെ മുന്നേറണമെന്നറിയില്ല. സപ്ലൈ ചെയ്ൻ ഇല്ലാതെയായി. ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയ്ക്ക് വേണ്ടി അധ്വാനിക്കുന്ന വ്യക്തിയാണ് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.കെ.സി. റസാഖ്. ചെറുകിട വ്യാപാരികൾക്ക് വേണ്ടി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളറിയാം.
∙ കേരളത്തിലെ വ്യാപാരി സമൂഹം പലവിധ പ്രശ്നങ്ങൾ നേരിടുന്നു. ഇ കൊമേഴ്സ്, ക്വിക് കൊമേഴ്സ് പോലുള്ള മുന്നേറ്റത്തിനിടയിൽ അവർ പിടിച്ചു നിൽക്കുന്നതെങ്ങനെ?
വൻകിട റീട്ടെയ്ൽ സ്റ്റോറുകൾ സാധാരണ കച്ചവടക്കാരെ അല്ലെങ്കിൽ ചെറിയ കച്ചവടക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഏറ്റവും പുതിയതായി വന്ന സുഡിയോ പോലുള്ളവ ഉദാഹരണം. വിലക്കുറവ്, ഫാഷൻ ഇതെല്ലാമുള്ളതിനാൽ സുഡിയോയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് മൂന്ന് വർഷമായിട്ട് വലിയ വളർച്ചയാണ് സുഡിയോയ്‌ക്ക് ഉണ്ടായത്. ഈ വളർച്ച കണ്ടിട്ട് മറ്റു പ്രധാന ആളുകളും ഈ രംഗത്തേക്ക് വരാൻ പോവുകയാണ്. അതായത് ഒരു പ്രദേശത്ത് ഇത് പോലെയുള്ള വ്യാപാര സ്ഥാപനം വന്നാൽ ആ പ്രദേശത്തുള്ള എല്ലാ ബിസിനസിനെയും ബാധിക്കുന്ന രീതിയിലാണ് അവരുടെ ബിസിനസ് പ്രവർത്തനം.
ഒരു വ്യവസായം അല്ലെങ്കിൽ വ്യാപാരം നിലനിൽക്കണമെങ്കിൽ കസ്റ്റമേഴ്‌സ് ആവശ്യമാണ്. ഉപഭോക്താക്കൾക്ക് അനുസരിച്ചു നമ്മൾ മാറുമ്പോഴേ ബിസിനസിൽ മുന്നേറാനാകൂ. അതായത് കസ്റ്റമറിനെ നമ്മുടെ അടുത്ത് പിടിച്ചു നിർത്തുന്ന രീതിയിലേക്ക് നമ്മൾ മാറണം. നേരത്തെ ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർ എന്തെങ്കിലും അത്യാവശ്യ സാധനം ഉണ്ടെങ്കിൽ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങും. എന്നാൽ ഇന്ന് അതിന്റെ ആവശ്യം ഇല്ല.
മൊബൈലിൽ ഓർഡർ ചെയ്താൽ ആവശ്യമുള്ള സാധനങ്ങൾ 10 മിനിറ്റിനുള്ളിൽ എത്തും. 10 മിനിറ്റ് കഴിഞ്ഞാൽ ഫ്രീ ആയിട്ട് ലഭിക്കുന്ന രീതി വരെ ഇന്നുണ്ട്. ഏതൊക്കെ രൂപത്തിൽ കസ്റ്റമറിനെ അതിലേക്ക് ആകർഷിക്കാമോ അതിനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. ഒരു തവണ ബോധ്യപ്പെട്ടാൽ പിന്നെ ഒരിക്കലും ആ കസ്റ്റമർ തിരിച്ചു പോകില്ല.
ഈ സാധ്യത മനസിലാക്കിയാൽ മാത്രമേ ചെറുകിടക്കാർക്കും മുന്നോട്ട് പോകാൻ സാധിക്കൂ. പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ ഇത് വ്യാപകമായി കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ഞങ്ങൾ പരിവാർ പോലെയുള്ള ആശയം കൊണ്ട് വന്നത്. ഇന്ത്യയൊട്ടാകെ ഒരു ലക്ഷം ചെറുകിട വ്യാപാരികൾ എൻറോൾ ചെയ്ത ആപ്പാണ് പരിവാർ. പക്ഷെ അതിന് പ്രതികരണം പൊതുവെ കുറവാണ്. കാരണം പ്രായോഗിക ബുദ്ധിമുട്ടേറെയുണ്ട്.
നമ്മൾ അതിനെ വീണ്ടും ആക്ടിവേറ്റ് ചെയ്യുകയാണ്. തെരഞ്ഞെടുത്ത സ്റ്റോറുകളിൽ ഈ സംവിധാനം നടപ്പാക്കും. ഏത് ഓൺലൈൻ ഓർഡർ കൊടുത്താലും എത്രയും പെട്ടെന്ന് ഡെലിവറി എന്നതാണ് ലക്ഷ്യം. ഒരു ഇകൊമേഴ്സ് കമ്പനിക്കോ ലോജിസ്റ്റിക് കമ്പനിക്കോ സാധിക്കാത്ത വിധം ഇന്ത്യ മുഴുവൻ 24 മണിക്കൂറിനുള്ളിൽ ഡെലിവറി കൊടുക്കാനുള്ള സംവിധാനം ഒരുക്കുക. അത് കച്ചവടക്കാർ ഏറ്റെടുത്താൽ എല്ലാ ബിസിനസും അതിലേക്ക് കൊണ്ടുവരാനാകും, കസ്റ്റമേഴ്സിനെ നിലനിർത്താനാകും.
കോവിഡിന് ശേഷം വലിയ രൂപത്തിൽ ഹോം ഡെലിവറി എന്ന ആശയത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. നേരത്തെ പച്ചക്കറി പോയി വാങ്ങിക്കുന്നിടത്ത് ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുവരികയാണ്. ഡിജിറ്റൽ മാർക്കറ്റിങ് ഇടപെടൽ മൂലമാണ് അങ്ങനെ സംഭവിച്ചത്. ആ സിസ്റ്റം വിപുലപ്പെടുത്തിയ ആളുകളുണ്ട്, പക്ഷേ എല്ലാവരും അതിലേയ്ക്ക് എത്തുമ്പോഴെ കച്ചവടം പിടിച്ചു നിർത്താൻ പറ്റൂ.
ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഒഎൻഡിസി എന്ന നല്ലൊരു പ്ലാറ്റ്ഫോം ഉണ്ട്. പക്ഷേ അതിൽ കുറച്ചു പേരെയുള്ളു. കാരണം അവരിലേക്ക് എത്തുന്നില്ല, അല്ലെങ്കിൽ അതിന്റെ സാധ്യതകൾ അവർ ഉപയോഗപ്പെടുത്തുന്നില്ല. ഇത് രണ്ടും ഒരുമിച്ചു വരുമ്പോഴാണ് കൂടുതലായി ചെയ്യാൻ എന്തെങ്കിലും പറ്റുക. ഒഎൻഡിസി ഉരുതിരിഞ്ഞു വരുന്ന ഒരു സംവിധാനം ആയതുകൊണ്ട് ഇനിയും മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിൽ ഫോക്കസ് ചെയ്യുന്നവർക്ക് മാറ്റമുണ്ടായിട്ടുണ്ട്
∙ ഇന്ത്യ മുഴുവൻ ചെരുപ്പണിയിച്ച ബ്രാൻഡ് ആണ് വികെസി. എന്തൊക്കെയാണ് അടുത്ത ചുവട് വയ്പ്പുകൾ?
നല്ല ഉൽപ്പന്നം സത്യസന്ധമായ വിലയ്ക്ക് കൊടുക്കുക എന്നുള്ളതാണ് വികെസിയുടെ നയം. വിപണിയിൽ മൽസരമുള്ള സമയത്തും ഇല്ലാത്ത സമയത്തും നമ്മൾ ഈ പോളിസി ആയിരുന്നു പിന്തുടർന്നത്. കസ്റ്റമർ ഒരുൽപ്പന്നം വാങ്ങുമ്പോൾ കൊടുക്കുന്ന പൈസക്ക് അനുസരിച്ചുള്ള മൂല്യം ഉണ്ടോ എന്നുള്ളതാണ് ആദ്യം നോക്കുന്നത്.
അത്തരം ഉൽപ്പന്നം കൊടുക്കുക എന്നതാണ് വികെസി ലക്ഷ്യമിടുന്നത്. ഓരോ സമയത്തും കസ്റ്റമറുടെ പ്രശ്നങ്ങൾ മനസിലാക്കി അത് പരിഹരിച്ചാണ് വികെസി ഉൽപ്പന്നം അവതരിപ്പിക്കുന്നത്. ഇന്റർനെറ്റിന്റെ ഈ കാലത്ത് മിലാനിലോ ഫ്രാൻസിലോ ഒരു ഫാഷൻ ഇറങ്ങി കഴിഞ്ഞാൽ അത് അടുത്ത ദിവസം വേണമെങ്കിൽ ഓർഡർ ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. വികെസിയുടെ ലക്ഷ്യം ആഗോള ഫാഷൻ കസ്റ്റമറിന് താങ്ങാവുന്ന വിലയിൽ എത്തിച്ചു കൊടുക്കുക എന്നതാണ്.
ഇനി ഭാവിയിൽ ഉപയോഗിച്ച ചെരുപ്പ് മടക്കി നൽകി അതിനൊരു വില കിട്ടുന്ന നിലയിലുള്ള ചെരുപ്പ് ഇറക്കണം എന്നാണ്. ആ മെറ്റീരിയൽ വീണ്ടും ഉപയോഗിച്ച് ചെരിപ്പ് ഉണ്ടാക്കണം. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണത്. നമ്മൾ ഇനിയും ഭൂമിയിലേക്ക് വേസ്റ്റ് കൊടുക്കരുത്. സാധനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം, ഇതിനായി ആർ ആൻഡ് ഡി ടീമുണ്ട്.
അഡിഡാസ് പോലെയുള്ള വലിയ ബ്രാൻഡുകൾ ഇത് ചെയ്തിട്ടുണ്ട് പക്ഷേ സാധാരണക്കാർക്ക് താങ്ങാനാകില്ല, കുറഞ്ഞത് 16,000 രൂപയാകും. പകരം ആളുകൾക്ക് താങ്ങാൻ പറ്റുന്ന സത്യസന്ധമായ ഉൽപന്നം ഇറക്കണം എന്നതാണ് വികെസിയുടെ ലക്ഷ്യം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business