തീരുമാനം വൈകുന്നു, വിഴിഞ്ഞം തുറമുഖം ഗ്രാന്റായി വിജിഎഫ് : പ്രധാനമന്ത്രിയുടെ മറുപടി കാത്ത് കേരളം
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഗ്രാന്റായി തന്നെ നൽകണമെന്ന ആവശ്യത്തിൽ സർക്കാർ പ്രധാനമന്ത്രിയുടെ മറുപടി കാക്കുന്നു. വരുമാനവിഹിതം പങ്കിട്ടു സംസ്ഥാനം തിരിച്ചടയ്ക്കണമെന്ന നിലപാട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആവർത്തിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ മറുപടി കൂടി ലഭിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നാണു സംസ്ഥാന സർക്കാർ കരുതുന്നത്. തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രിയെ ക്ഷണിച്ചു കൊണ്ടുള്ള കത്ത് രണ്ടുദിവസത്തിനകം നൽകും.
ഇപ്പോൾ നൽകുന്ന വിജിഎഫിന്റെ നെറ്റ് പ്രസന്റ് വാല്യൂ (എൻപിവി) കണക്കാക്കി, സർക്കാരിനു തുറമുഖത്തുനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 20% വീതം നൽകണമെന്നതാണു കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ 817.8 കോടിക്കു പകരം 10,000 കോടിയിലധികം രൂപ തിരിച്ചു നൽകേണ്ടി വരുമെന്നതിനാൽ സംസ്ഥാനം എതിർക്കുന്നു. കേന്ദ്ര വിജിഎഫ് വേണ്ടെന്നു വച്ചാൽ ആ വിഹിതം കൂടി അദാനി കമ്പനിക്കു സംസ്ഥാന സർക്കാർ നൽകേണ്ടി വരും. 1635 കോടി രൂപ വിജിഎഫായി നൽകാമെന്നു കരാറിൽ ഉറപ്പു നൽകിയതു സംസ്ഥാന സർക്കാരാണ്. കേന്ദ്രം 817.8 കോടി നൽകാൻ പിന്നീടു സമ്മതിച്ചതല്ലാതെ, ഇക്കാര്യം കരാറിൽ ഇല്ല. കേന്ദ്രവിഹിതം വേണ്ടെന്നു വച്ചാൽ ഈ തുക സംസ്ഥാനം വായ്പയെടുത്തു നൽകണം. വിജിഎഫ് 2034ൽ വരുമാന വിഹിതം ലഭിച്ചു തുടങ്ങുമ്പോൾ തിരിച്ചടച്ചാൽ മതി.
എന്നാൽ വായ്പയെടുത്താൽ ഒരു വർഷത്തിനുശേഷം തിരിച്ചടവ് തുടങ്ങണം. വരുമാനം ലഭിക്കുന്നുണ്ടോയെന്നതു മാനദണ്ഡമല്ല. പലിശ കണക്കിലെടുക്കുമ്പോൾ രണ്ടു മാർഗത്തിലും നഷ്ടപ്പെടുന്നത് ഏതാണ്ട് ഒരേ തുകയാണ്. രണ്ടിലൊന്നു തീരുമാനിക്കാതെ മുന്നോട്ടുപോകാൻ സർക്കാരിനു കഴിയില്ല. പ്രധാനമന്ത്രിയുടെ മറുപടിക്കു ശേഷം തീരുമാനമുണ്ടാകും.