നിത്യനടത്തിപ്പിന് മറ്റാരെയും ആശ്രയിക്കേണ്ട, പ്രതിദിന യാത്രക്കാർ ഒരു ലക്ഷം: പ്രവർത്തന ലാഭം കുതിച്ചുയർന്ന് കൊച്ചി മെട്രോ
Mail This Article
കൊച്ചി ∙ കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം 5 കോടിയിൽ നിന്ന് 23 കോടിയിലേക്ക് ഉയർന്നു. തുടർച്ചയായ രണ്ടാം വർഷവും പ്രവർത്തന ലാഭം നേടിയതോടെ നിത്യ നടത്തിപ്പിനു മറ്റാരെയും ആശ്രയിക്കാതെ കൊച്ചി മെട്രോയ്ക്കു മുന്നോട്ടു പോകാം. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായെന്ന സന്തോഷ വാർത്തയുമുണ്ട്.
നടപ്പു സാമ്പത്തിക വർഷം പ്രവർത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. 2022–23 വർഷം 5.35 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം . കഴിഞ്ഞ സാമ്പത്തിക വർഷം അത് 22.94 കോടിയായി. ക്രിസ്മസ് തലേന്ന് 1,14,640 പേരാണു മെട്രോയിൽ യാത്ര ചെയ്തത്. മെട്രോ നിർമാണത്തിന് എടുത്ത വിദേശ വായ്പയുടെ തിരിച്ചടവു മാത്രമാണു ഇപ്പോൾ സർക്കാരിനു ബാധ്യതയായുള്ളത്.
സർവീസ് ആരംഭിച്ച 2017–18 വർഷം 24 കോടി രൂപ പ്രവർത്തന നഷ്ടത്തിലായിരുന്ന കൊച്ചി മെട്രോ ഏഴാം വർഷം അത്രയും തന്നെ തുക പ്രവർത്തന ലാഭത്തിലേക്ക് എത്തി. ജൂലൈ മുതൽ മാസത്തിൽ 20 ദിവസമെങ്കിലും മെട്രോയിൽ ഒരു ലക്ഷത്തിലേറെ ആളുകൾ കയറുന്നുണ്ട്. ലുലു മാളിൽ ഓഫറുകൾ ഉള്ള ദിവസങ്ങളിലും ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലും യാത്രക്കാർ 1.20 ലക്ഷം കവിയും. 2017–18 വർഷം 35213 പ്രതിദിന യാത്രക്കാർ ആയിരുന്നത് കഴിഞ്ഞ വർഷം 68168 ആയി വർധിച്ചു. ഇൗ വർഷം പകുതി വരെ 88292 ആയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിക്കറ്റ് ഇതര വരുമാനത്തിൽ 16.59 % വർധിച്ചു. ടിക്കറ്റ് വരുമാനം,ടിക്കറ്റ് ഇതര വരുമാനം എന്നിവ ചേർന്നതാണു വരുമാനം. ഇത് കഴിഞ്ഞ വർഷം 18.84 കോടി രൂപയായിരുന്നത് 151.30 കോടി രൂപയായി ഉയർന്നു. 27.31% വർധന.കൊച്ചി വാട്ടർ മെട്രോ, കനാൽ പുനരുജ്ജീവന പദ്ധതി, കോഴിക്കോട്, തിരുവനന്തപുരം മെട്രോ എന്നിവയുടെ പ്രോജക്ടുകൾ തയാറാക്കുന്ന കൺസൽറ്റൻസി ചുമതലയും കെഎംആർഎലിനുണ്ട്.
ആലുവ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെയുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയ മെട്രോ, കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള രണ്ടാംഘട്ടത്തിന്റെ നിർമാണം നടത്തുകയാണ്. ആലുവ– തൃപ്പൂണിത്തുറ റൂട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റേഷൻ ഇടപ്പള്ളിയാണ്.