ഇന്ത്യയിലെ കുടുംബ വാഹന വിപ്ലവകാരി, ഒസാമു സുസുക്കി അന്തരിച്ചു
Mail This Article
ടോക്കിയോ∙ മാരുതി 800 കാറിലൂടെ ഇന്ത്യയിൽ കുടുംബ വാഹന വിപ്ലവത്തിനു തുടക്കമിട്ട മാരുതി സുസുക്കി സ്ഥാപകനും ജപ്പാനിലെ സുസുക്കി മോട്ടർ മുൻ ചെയർമാനുമായ ഒസാമു സുസുക്കി (94) ജപ്പാനിലെ ഷിസുവോക്കയിൽ അന്തരിച്ചു. കാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ക്രിസ്മസ് ദിനത്തിലായിരുന്നു എന്ന് കമ്പനി അറിയിച്ചു. പ്രസിഡന്റ്, സിഇഒ, ചെയർമാൻ എന്നീ നിലകളിൽ സുസുക്കി കമ്പനിക്ക് 4 പതിറ്റാണ്ടിലേറെ നേതൃത്വം നൽകിയ അദ്ദേഹം, ഇന്ത്യയെ ലോകത്തെ പ്രമുഖ വാഹന വിപണിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
ജപ്പാനിലെ ചെറുകാർ നിർമാതാക്കളായിരുന്ന സുസുക്കിയെ ആഗോള ബ്രാൻഡ് ആക്കി മാറ്റിയത് ഒസാമുവിന്റെ ദീർഘ വീക്ഷണമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാർ നിർമാണ പ്ലാന്റുകൾ തുടങ്ങിയ അദ്ദേഹം, തുടർന്ന് ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. 2021ൽ ചെയർമാൻ സ്ഥാനത്തു നിന്നു വിരമിച്ചു.
ഇന്ത്യൻ വാഹന വ്യവസായത്തിനു നൽകിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ദേശീയ ബഹുമതിയായ സിതാര–ഇ പാക്കിസ്ഥാനും ലഭിച്ചിട്ടുണ്ട്. സുസുക്കി മോട്ടർ കോർപറേഷൻ സ്ഥാപകനായ മിച്ചിയോ സുസുക്കിയുടെ ചെറുമകളായ ഷോകോ സുസുക്കിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.