കണ്ണൂർ വിമാനത്താവളവുമായി കരാർ; എയർ കേരള വിമാന സർവീസ് മേയിൽ തുടങ്ങിയേക്കും
Mail This Article
കണ്ണൂർ ∙ ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനവുമായി പ്രവാസി സംരംഭകർ തുടക്കമിട്ട സെറ്റ്ഫ്ലൈ ഏവിയേഷൻസ് ആരംഭിക്കുന്ന എയർ കേരള എയർലൈൻസ് മേയിൽ സർവീസ് തുടങ്ങുമെന്നു പ്രതീക്ഷ. കഴിഞ്ഞ ജൂലൈയിൽ വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസി ലഭിച്ച കമ്പനിക്ക് ഡിജിസിഎയുടെ എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കുന്നതോടെ പറന്നു തുടങ്ങാൻ കഴിയുമെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ പറഞ്ഞു.
മൂന്ന് എടിആർ വിമാനങ്ങളുമായി കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ആഭ്യന്തര സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. രണ്ടു വർഷത്തിനകം വിമാനങ്ങളുടെ എണ്ണം ഇരുപതിലേക്ക് ഉയർത്തി രാജ്യാന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവർ പറഞ്ഞു.
ടൂറിസം ഉൾപ്പെടെ മലബാറിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുംവിധം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ നടത്തും. ഇതു സംബന്ധിച്ച് കണ്ണൂർ വിമാനത്താവള കമ്പനിയുമായി എയർ കേരള ധാരണാപത്രം ഒപ്പിട്ടു. എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അശ്വിനി കുമാറും ഒപ്പുവച്ച ധാരണാപത്രം എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി.ദിനേഷ് കുമാറും കൈമാറി. കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും മേഖലയുടെയാകെ വികസനത്തിനും വഴിയൊരുക്കുന്നതാണ് ഈ സഹകരണമെന്ന് കിയാൽ മാനേജിങ് ഡയറക്ടർ സി.ദിനേഷ് കുമാർ പറഞ്ഞു.
എയർ കേരളയുമായുള്ള സഹകരണത്തോടെ കിയാൽ പുതുവർഷത്തിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ആറ് വർഷം കൊണ്ട് 65 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business