കായംകുളം നിലയത്തിൽ എൽഎൻജിയും ഉപയോഗിക്കാൻ എൻടിപിസി;വൈദ്യുതി വില കൂടുമെന്ന് കെഎസ്ഇബി
Mail This Article
തിരുവനന്തപുരം∙ കായംകുളം താപ വൈദ്യുതി നിലയത്തിൽ നാഫ്തയ്ക്കു പുറമേ ദ്രവീകൃത പ്രകൃതി വാതകം(എൽഎൻജി) കൂടി ഇന്ധനമായി ഉപയോഗിക്കുമെന്ന് എൻടിപിസി. കെഎസ്ഇബിയുമായുള്ള കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പിന് നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി) നൽകിയ കത്തിൽ ഇതു സംബന്ധിച്ച പുരോഗതി വ്യക്തമാക്കിയെങ്കിലും എൽഎൻജി ഉപയോഗിച്ചാലും വൈദ്യുതി വില കുറയില്ലെന്ന ആശങ്ക കെഎസ്ഇബിയും അറിയിച്ചു.
കായംകുളം നിലയത്തിൽ നാഫ്തയ്ക്കു പുറമേ മറ്റ് ഇന്ധനങ്ങളും ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സംവിധാനങ്ങൾ സ്ഥാപിച്ചെന്ന് എൻടിപിസി അറിയിച്ചു. കൊച്ചിയിൽ നിന്നു കന്യാകുമാരി വഴി തൂത്തുക്കുടിയിലേക്ക് നിർമിക്കുന്ന പുതിയ വാതക പൈപ്പ് ലൈൻ കായംകുളം നിലയത്തിന് 30 കിലോമീറ്റർ അടുത്തു കൂടിയാണ് പോകുന്നത്.
ഈ പൈപ്പ് ലൈനിൽ നിന്നു കായംകുളത്തേക്ക് എൽഎൻജി എത്തിക്കുന്നതു സംബന്ധിച്ച സാധ്യത പരിശോധിക്കാൻ പെട്രോനെറ്റ് എൽഎൻജി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എജി ആൻഡ് പി എന്നീ കമ്പനികൾ സ്ഥല പരിശോധന നടത്തി.
പൈപ്പ് ലൈൻ യാഥാർഥ്യമാകുന്നതു വരെ കൊച്ചിയിൽ നിന്നു കായംകുളത്തേക്ക് 17.5 ടൺ സംഭരണ ശേഷിയുള്ള ടാങ്കറുകളിൽ റോഡ് മാർഗം എൽഎൻജി എത്തിക്കാമെന്ന് 2024 ജൂൺ 26 ന് നടന്ന യോഗത്തിൽ പെട്രോനെറ്റ് കമ്പനി എൻടിപിസിയെ അറിയിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ സുലഭമായ പീറ്റ് ഗ്യാസ് ഉപയോഗിച്ച് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയുമോയെന്നു പരിശോധിക്കാനുള്ള കെഎസ്ഇബിയുടെ ആവശ്യം പ്രായോഗികമാണോയെന്നു പരിശോധിക്കാമെന്ന ഉറപ്പും എൻടിപിസി അറിയിച്ചിട്ടുണ്ട്.
എൽഎൻജി പ്രായോഗികമല്ലെന്ന് കെഎസ്ഇബി
ഇപ്പോഴത്തെ ദീർഘകാല കരാറുകൾക്കു തുല്യമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുമെങ്കിൽ കായംകുളം നിലയവുമായുള്ള കരാർ പുതുക്കാമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നാഫ്തയോ എൽഎൻജിയോ ഇന്ധനമായി ഉപയോഗിച്ചാൽ വൈദ്യുതിയുടെ വില യൂണിറ്റിന് 12 രൂപയിൽ കൂടുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്.
എന്നാൽ, സംസ്ഥാനത്തു വൈദ്യുതി വാങ്ങാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന ഉയർന്ന പരിധി യൂണിറ്റിന് 10 രൂപയാണ്. വില കുറഞ്ഞ മറ്റ് ഇന്ധനങ്ങൾ ഉപയോഗിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ഉൽപാദിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.