പിന്നെയും ചാഞ്ചാടി സ്വർണം; കേരളത്തിൽ ഇന്ന് വില കൂടി, എല്ലാ കണ്ണുകളും ഇനി യുഎസിലേക്ക്
Mail This Article
കേരളത്തിൽ സ്വർണവില ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ച് 7,105 രൂപയിലെത്തി. 200 രൂപ ഉയർന്ന് 56,840 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 20 രൂപ ഉയർന്ന് വില 5,870 രൂപയായി. വെള്ളി വില ഗ്രാമിന് 96 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയുടെ ചുവടുപിടിച്ച് കഴിഞ്ഞ 4 ദിവസമായി കേരളത്തിൽ പവന് 2,160 രൂപയും ഗ്രാമിന് 270 രൂപയും ഇടിഞ്ഞിരുന്നു (Read Details). തുടർന്നാണ് ഇന്ന് വീണ്ടും വില കൂടിയത്. മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും (53.10 രൂപ) മിനിമം 5% പണിക്കൂലിയും കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 61,527 രൂപയാണ്. ഒരു ഗ്രാം ആഭരണത്തിന് 7,690 രൂപയും.
ചാഞ്ചാടുന്ന പൊന്നിൻവില
ഇസ്രയേലും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലെ യുദ്ധം അവസാനിപ്പിക്കാനായി ഫ്രാൻസും യുഎസും സ്വീകരിച്ച മധ്യസ്ഥ നടപടികൾ ഫലം കണ്ടിട്ടുണ്ട്. വെടിനിർത്തൽ ഇന്ന് പ്രാബല്യത്തിൽ വരും (Read Details). പൊതുവേ യുദ്ധം, ആഗോള സാമ്പത്തിക അസ്ഥിരതാ സാഹചര്യങ്ങളിൽ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വർണത്തിനുണ്ട്. അതായത്, യുദ്ധ സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ തളരുകയും സ്വർണവില കൂടുകയും ചെയ്യും. ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സ്വർണവില കുറയേണ്ടതാണെങ്കിലും യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളാണ് വിലയെ മുന്നോട്ട് ഉയർത്തിയത്.
ഇന്നലെ ഔൺസിന് 2,608 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് 2,639.81 ഡോളർ വരെ ഉയർന്നത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസിന്റെ പണപ്പെരുപ്പക്കണക്കും കഴിഞ്ഞപാദ ജിഡിപി വളർച്ചാക്കണക്കുകളും ഇന്ന് പുറത്തുവരാനിരിക്കേ, സ്വർണവില കൂടുകയായിരുന്നു. ഡോളർ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ് എന്നിവ താഴേക്കിറങ്ങിയതും സ്വർണത്തിന് നേട്ടമായി.
പുറമേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ സമിതിയുടെ യോഗത്തിന്റെ മിനിട്ട്സ് ഇന്നലെ പുറത്തുവന്നിരുന്നു. സമിതി അംഗങ്ങൾ ഇനി പലിശ കുറയ്ക്കണോ എന്നത് സംബന്ധിച്ച് രണ്ടുതട്ടിലാണ്. പണപ്പെരുപ്പം വീണ്ടും ഭീഷണി ഉയർത്തിയേക്കുമെന്നതിനാലും തൊഴിൽ വിപണി മെച്ചപ്പെട്ടതിനാലും ഇനി പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലാണ് ചിലർ. എന്നാൽ, പലിശ കുറയ്ക്കുന്ന ട്രെൻഡ് തൽകാലം തുടരണമെന്ന് വാദിക്കുന്നവരുമേറെ. ഡിസംബറിലെ യോഗത്തിൽ കാൽ ശതമാനം വരെ പലിശ കുറച്ചേക്കാം. ഇതും ഡോളറിനെയും ബോണ്ടിനെയും തളർത്തുകയും സ്വർണവിലയെ ഉയർത്തുകയും ചെയ്തു.